Search This Blog

Tuesday, June 28, 2016

ചരിത്രംകുറിച്ച വില്ലുവണ്ടി യാത്ര


       
കേരളത്തിന്‍റെ സാമൂഹ്യ-രാഷ്ടീയ-സാംസ്കാരിക -വിദ്യാഭ്യാസ  രംഗങ്ങളില്‍ വലിയ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അയ്യന്‍കാളി  ജീവിച്ചത്,   കുട്ടി പ്രായത്തില്‍ ആരുടെയും നിയന്ത്രണമില്ലാതെ ഓടിക്കളിച്ചുനടന്ന അയ്യന്‍കാളി യുവാവായി പുറത്തേയ്ക്കിറങ്ങി യപ്പോഴാണ് തന്നെ കാത്തുനില്‍ക്കുന്ന നിരോധനങ്ങളുടെ നീണ്ട പട്ടികയെപ്പറ്റി അറിയുന്നത്. അയ്യന്‍കാളി ജനിച്ചതും വളര്‍ന്നതും അദ്ദേഹത്തിന്റെ പിതാവിന്റെ സ്വന്തം സ്ഥലത്തായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അയ്യന് ജന്മിയായിരുന്ന പുത്തലത്തു പരമേശ്വരന്‍പിള്ള എട്ട് ഏക്കര്‍വരുന്ന പെരുങ്കാറ്റുവിള എന്ന കുന്ന് തന്റെ വേലയ്ക്ക് പ്രതിഫലമായി നല്‍കിയിരുന്നു. അനേകം ഏക്കര്‍ കാട് ജന്മിക്കുവേണ്ടി വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കിക്കൊടുത്തു എന്നതാണ് അയ്യന്‍ ചെയ്ത വേല. അതിന്റെ പ്രതിഫലമായി ഒരു കുന്ന് ചൂണ്ടിക്കാണിച്ച് അത് നീയും വെട്ടിത്തെളിച്ച് എടുത്തുകൊള്ളുക എന്ന അനുവാദം നല്‍കിയതിനെ യാണ് എട്ട് ഏക്കര്‍ ഭൂമി കൊടുത്തു എന്നുപറയുന്നത്. കാട് ഔദ്യോഗികമായി സര്‍ക്കാരിന്റേതാ ണെങ്കിലും നായര്‍ കയറി വെട്ടിത്തെളിച്ചാല്‍ ഒരു സര്‍ക്കാരും ചോദിക്കുകയില്ല. നായര്‍ സവര്‍ണ്ണനാണ്. എന്നാല്‍ ഈഴവനോ പുലയനോ പറയനോ അങ്ങനെ വെട്ടിത്തെളിച്ച് എടുക്കാന്‍ അവകാശമില്ല. അടുത്തുള്ള നായര്‍ അതു ചോദിക്കും. അങ്ങനെ ചോദിക്കാതിരിക്കാന്‍ ഒരു ഇടനിലക്കാരനായി അയ്യന്റെ ജന്മി നിന്നു എന്നുമാത്രം. എന്നാല്‍ പുലയരെ സംബന്ധിച്ച് അത് ഒരു ആദ്യാനുഭവമായിരുന്നു.

മറ്റു പുലയര്‍ക്ക് ആര്‍ക്കും ആ സൗകര്യം ലഭിച്ചിരുന്നില്ല. അയ്യന്‍കാളിക്ക് ആ എട്ട് ഏക്കറില്‍ സര്‍വതന്ത്രസ്വതന്ത്രനായി വിഹരി ക്കാമായിരുന്നു. അവിടെ നിന്നും പുറത്തിറങ്ങിയ പ്പോഴാണ് അദ്ദേഹത്തിന് നൂറുകൂട്ടം വിലക്കുകളെ അഭിമുഖീകരി ക്കേണ്ടി വന്നത്. ആ വിലക്കുകളാണ് യഥാര്‍ത്ഥത്തില്‍ അയ്യന്‍കാളിയെ 'അയ്യന്‍കാളി'യാ ക്കിയത്. അതില്‍ ആദ്യം അഭിമുഖീകരിക്കേണ്ടി വന്നത് സഞ്ചാര സ്വാതന്ത്ര്യനിരോധനമാണ്.  
രാജവിഥീകളിലുടെ  അവര്‍ണ്ണര്‍ക്കും മറ്റുള്ളവര്‍ക്കും സഞ്ചരിക്കാനുള്ള സാമൂഹ്യ വിലക്കുകളെ പരസ്യമായി ലംഘിക്കുകയായിരുന്നു അയ്യന്‍കാളിയുടെ ലക്ഷ്യം.അതിനു വേണ്ടി 1893-ല്‍ തമിഴ്നാട്ടില്‍ നിന്നും ഒരു വില്ലുവണ്ടി വിലയ്ക്കുവാങ്ങി മണികെട്ടിയ  വെള്ളക്കാളയെ പൂട്ടിയ  വില്ലുവണ്ടിയില്‍   സേനനായകന്‍റെ  ആജ്ഞശക്തിയേടെ രാജവിഥീയിലുടെ വില്ലുവണ്ടി പായിച്ച അയ്യന്‍കാളിയെന്ന വിപ്ലവകാരിയുടെ  ചരിത്രമാരംഭിക്കുന്നത്.

പിന്നെയാണ് അദ്ദേഹം അധഃസ്ഥിതരുടെ സഞ്ചാരസ്വാതന്ത്ര്യ ത്തിനുവേണ്ടി ശ്രമം തുടങ്ങിയത്. താന്‍ മാത്രം വഴിയിലൂടെ നടന്നാല്‍ പോരാ, തന്റെ സമുദായത്തില്‍പ്പെട്ട എല്ലാവര്‍ക്കും പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയണം. അദ്ദേഹം കുറച്ചു ദലിത്‌യുവാക്കളെ വിളിച്ചുകൂട്ടി അവര്‍ക്കു കായിക പരിശീലനം നല്‍കി. സവര്‍ണര്‍ തിരിച്ചടിക്കാന്‍ ശ്രമിക്കും എന്നദ്ദേഹത്തിനറി യാമായിരുന്നു. പുറത്തു നിന്നും കളരിയാശാന്മാരെ കൊണ്ടുവന്ന് അവരെ പഠിപ്പിച്ചു തയ്യാറാക്കി. 1898 ല്‍ അവര്‍ എല്ലാവരും ചേര്‍ന്ന് ആറാലുംമൂട് ചന്തയിലേയ്ക്ക് ഒരു യാത്ര നടത്തി. ചന്തയിലേയ്ക്കുള്ള പൊതുവഴിയിലൂടെത്തന്നെയാണവര്‍ നടന്നത്. അന്ന് പുലയര്‍ ഒരുസ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പോകേണ്ടത് കാട്ടിലും പള്ളയിലും മറ്റും കൂടിയാണ്. പൊതുവഴി ഉണ്ടെങ്കിലും അതുപയോഗിക്കാന്‍ അവര്‍ക്ക് അവകാശമില്ല. ബാലരാമപുരം ചാലിയത്തെരുവിലെത്തിയപ്പോള്‍ സവര്‍ണര്‍ അവരെ തടഞ്ഞു. ഏറ്റുമുട്ടലുണ്ടായി. ഒരു വലിയ ലഹള നടന്നു. രണ്ടു കൂട്ടര്‍ക്കും ധാരാളം മര്‍ദ്ദനമേറ്റു. ചോരചിന്തി. അയ്യന്‍കാളി ഒരടിയും പിന്നോട്ടു പോയില്ല. 

ചാലിയത്തെരുവ് ലഹള അയിത്തജാതിക്കാരില്‍ ആവേശമുണര്‍ ത്തി. എല്ലാ മുക്കിലും മൂലയിലും സഞ്ചാരസ്വാതന്ത്ര്യ ത്തിനു വേണ്ടിയുള്ള പ്രക്ഷോഭണം ആരംഭിച്ചു. മണക്കാട്, കഴക്കൂട്ടം, കണിയാപുരം, പള്ളിച്ചല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ദലിത്‌യു വാക്കള്‍ എന്തിനും തയ്യറായി മുന്നോട്ടിറങ്ങി തെരുവുകളിലൂടെ നടന്നു. സവര്‍ണരും പോലീസുകാരും അവരെ തടയാനും ശ്രമിച്ചു. അയ്യന്‍കാളി തന്നെ നാട്ടിലുടനീളം സഞ്ചരിച്ച് കഴിയുന്നിടത്തോളം സ്ഥലങ്ങളില്‍ നേരിട്ട് പോയി പ്രക്ഷോഭണത്തിന് നേതൃത്വം കൊടുത്തു. പണ്ട് സവര്‍ണരെ കാണുമ്പോള്‍ ഓടിരക്ഷപ്പെട്ടു കൊണ്ടിരുന്ന ദലിതര്‍ തിരിഞ്ഞു നില്‍ക്കുമെന്നായപ്പോള്‍ സവര്‍ണര്‍ സ്വയംപിന്‍മാറി. ശരീരത്തിന് കേടുപറ്റുകയും ശരീരം അയിത്തമാകുകയും ചെയ്യും. അങ്ങനെ നാഞ്ചിനാട് പ്രദേശത്ത് മൊത്തം അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം 19-ാം
 നൂറ്റാണ്ട് അവസാനിക്കുന്നതിന് മുമ്പായി അയ്യന്‍കാളി നേടിയെടുത്തു,
സാമൂഹിക നീതിക്ക് വേണ്ടിയുള്ള  പോരാട്ടത്തിന് തുടക്കം ആയിരുന്നു വില്ലുവണ്ടിയാത്ര.

Thursday, June 23, 2016

ശ്രീ വൈകുണ്ഠസ്വാമികള്‍


ശ്രീ വൈകുണ്ഠസ്വാമികള്‍
സാമൂഹ്യ നവേത്ഥാനത്തിന്റെ പ്രഥമപഥികനെന്നു വിശേഷിപ്പിക്കപ്പെടുന്ന അയ്യാ വൈകുണ്ഠര്‍ എന്ന ശ്രീ വൈകുണ്ഠസ്വാമികള്‍ കേരള ചരിത്രത്തിലെ ഒരത്ഭുത പ്രതിഭാസമാണ്. പിറന്ന സമുദായത്തിന്റെ പരാധീനതകള്‍ക്ക് അതീതമായി രാജാധികാര ത്തെപ്പോലും വെല്ലുവിളിച്ച ആ ധീരദേശാഭിമാനി ഒരു വര്‍ണ്ണബാഹ്യസമുദായത്തിലാണ് ജനിച്ചത്. വര്‍ണബാഹ്യര്‍ എന്നുപറഞ്ഞാല്‍ മനുസ്മൃതി പ്രകാരം ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്കു പുറത്തുളളവര്‍ എന്നര്‍ത്ഥം. അവര്‍ ജാതിക്കു പുറത്താണ്. ഉളളത് തൊഴിലിന്റെ അടിസ്ഥാനത്തിലുളള ജനവിഭജനം മാത്രം. അവര്‍ ഹിന്ദുക്കളുമല്ല. ചാതുര്‍വര്‍ണ്യത്തില്‍ പെടുന്നവര്‍ മാത്രമാണ് ഹിന്ദുക്കള്‍. മനുസ്മൃതി അര്‍ത്ഥശങ്കയ്ക്കിട മില്ലാത്തവിധം അതു വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്കു ഹിന്ദുക്കളുടെ ആരാധനാലയമായ ക്ഷേത്രത്തില്‍ പ്രവേശനമില്ല. കാരണം അവര്‍ ഹീനമെന്ന് ഹിന്ദുക്കളാല്‍ കരുതപ്പെട്ടിരുന്ന ജൈന-ബുദ്ധമതത്തിന്റെ അനുയായികളായിരുന്നു. ബുദ്ധമതമെന്നു പറഞ്ഞാല്‍, ജാതിഭേദ മെന്യേ എല്ലാ ജാതികളെയും ഉള്‍ക്കൊളളാന്‍ കഴിയുന്നതുകൊണ്ട് മ്ലേഛമതമെന്നാണ് ചാതുര്‍ വര്‍ണ്യക്കാര്‍ വിവക്ഷിച്ചിരുന്നത്. അവരുടെ അഭിപ്രായത്തില്‍ ചാതുര്‍വര്‍ണ്യത്തിനു പുറത്തുളളവര്‍ - വര്‍ണ്യബാഹ്യരായവര്‍ മ്ലേഛന്മാരത്രേ!

നാഗര്‍കോവിലില്‍നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ കഴിഞ്ഞ് കന്യാകുമാരി റോഡിലുളള ശുചീന്ദ്രത്തിനടുത്താണ് മലയപെരുമാള്‍ ക്ഷേത്രം. അതിന്റെ സമീപത്തു കൂടി പഴയാര്‍ ഒഴുകുന്നു. ശുചീന്ദ്രത്തു നിന്നും മൂന്നു കിലോമീറ്റര്‍ കഴിഞ്ഞ് വലത്തോട്ട് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും പൂക്കള്‍ നിറഞ്ഞ താമരക്കുളങ്ങള്‍ കാണാം. നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും വാഴത്തോട്ടങ്ങളും ഇവിടെ കണ്ണിനു ഇമ്പമേകുന്ന ദൃശ്യങ്ങളാണ്. ഇവയ്ക്കിടയില്‍ സ്വാമിത്തോപ്പ് അഥവാ പൂവണ്ടന്‍തോപ്പ് (മുമ്പ് ശാസ്താംകോവില്‍ വിള - തെക്കന്‍ തിരുവിതാംകൂറില്‍ പുരയിടത്തിന് വിള എന്നു പറയും) എന്ന പ്രസിദ്ധമായ സ്ഥലമുണ്ട്. സ്വാമിത്തോപ്പില്‍ നിന്നും തെക്കുവശത്തുകൂടി മൂന്നു കിലോമീറ്റര്‍ കിഴക്കോട്ടു പോയാല്‍ കന്യാകുമാരി റോഡിലുളള പൊറ്റയടി എന്ന സ്ഥലത്തെത്താം. അവിടെനിന്നും കുറച്ചുകൂടി മുന്നോട്ടു പോകുമ്പോള്‍ മരുത്വമലയി ലെത്തും. ശ്രീവൈകുണ്ഠരും ശ്രീ നാരായണഗുരുവും വ്യത്യസ്തകാലങ്ങളില്‍ തപസ്സു ചെയ്ത ഗുഹ അവിടെയാണ്. അടിവാരത്ത് ഇരുവരുടെയും ചട്ടമ്പിസ്വാമിയുടെയും ആശ്രമങ്ങളുണ്ട്.

സ്വാമിത്തോപ്പിലെ പന ചെത്തു തൊഴില്‍ക്കാരനായ പൊന്നു നാടാരുടെയും വെയിലാളുടെയും പുത്രനായി 1809 മാര്‍ച്ച് 26-ാം തീയതി (അതോ ഒന്നാം തീയതിയോ) മുടിചൂടം പെരുമാള്‍ എന്ന ശിശു ജനിച്ചത്. സ്വന്തം മക്കള്‍ക്കു ഇഷ്ടമുളള പേരിടുവാന്‍ പോലും വര്‍ണീയര്‍ അനുവദിക്കാതിരുന്ന കാലമായിരുന്നു അത്. ഗത്യന്തരമില്ലാതെ മാതാപിതാക്കള്‍ പ്രസ്തുത ശിശുവിന്റെ പേരു മാറ്റിയിട്ടു - മുത്തുകുട്ടിയെന്ന്. ഹൈന്ദവ രീതിയില്‍ തന്നെ ആ ശിശുവിനെ വളര്‍ത്തി. തമിഴ് പഠനവും ഭക്തിമാര്‍ഗ്ഗവും അവലംബിച്ചി രുന്നുവെങ്കിലും ആ ബാലന് തിക്താനുഭവങ്ങളുടെ തീച്ചൂളയിലാണ് സഞ്ചരിക്കേണ്ടിയിരു ന്നത്. തനിക്കനുഭവിക്കേണ്ടതായി വന്ന അയിത്തത്തിനും വിവേചനത്തിനും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായി മുത്തുക്കുട്ടി ശബ്ദമുയര്‍ത്തിയത് സ്വാഭാവികമാണ്.

മുത്തുക്കുട്ടിക്കു സ്വന്തമായി പുരയിടങ്ങളം പനങ്കൂട്ടവും ഉണ്ടായിരുന്നതുകൊണ്ട് ദാരിദ്ര്യാവസ്ഥ അദ്ദേഹത്തെ ഞെരുക്കിയിരുന്നില്ല. എങ്കിലും ജാതിജന്യമായ പരാധീനതക ളുടെ മുള്‍മുനയിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.
നാടാന്മാര്‍ എന്നും ചിലയിടങ്ങളില്‍ ചാന്നാന്മാര്‍ എന്നും അറിയപ്പെടുന്ന ജനവിഭാഗം അയിത്താചാരപ്രകാരം നമ്പൂതിരിമാരില്‍ നിന്നും മുപ്പത്തിയാറടിയും നായരില്‍നിന്നു പന്ത്രണ്ടടിയും ദൂരെ മാറിനില്‍ക്കണമായിരുന്നു. അവര്‍ക്കു കുട ചൂടുന്നതിനോ ചെരുപ്പു ധരിക്കുന്നതിനോ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുന്നതിനോ അനുവാദമില്ല. വീടുകള്‍ക്കു ഒന്നില്‍ കൂടുതല്‍ നിലകള്‍ പാടില്ല. പെണ്ണുങ്ങള്‍ ഇടുപ്പില്‍ വെളളം ചുമന്നുകൊണ്ടു പോകാന്‍ പാടില്ല. (തലയില്‍ ചമുന്നുകൊളളണം), സ്ത്രീകള്‍ അരയ്ക്കുമേല്‍ വസ്ത്രം ധരിക്കരുത്. ഊഴിയവേല (നിര്‍ബന്ധിത കൂലിയില്ലാ വേല) ചെയ്യണമെന്നത് ചട്ടം.

ഇവയ്ക്കു പുറമേ സാമ്പത്തികമേഖയിലെ അടിച്ചമര്‍ത്തലും ചൂഷണവും അധികരിച്ചിരുന്നു. ഇവയ്‌ക്കെല്ലാമെതിരെ, തന്റെ ജനങ്ങളെ സംഘടിപ്പിച്ചു അണിനിരത്തുക എന്നത് വൈകുണ്ഠരുടെ ജന്മോദ്ദേശ്യമായി പരിണമിച്ചു. ഇതു പത്തൊമ്പതാം നൂറ്റാണ്ടിലെ കാര്യമാണെന്നോര്‍ക്കണം.
ഷകവര്‍ഗ്ഗങ്ങള്‍ വര്‍ണബാഹ്യരെ നാലു ദിക്കുകളില്‍ നിന്നും വലവീശി തുടങ്ങിയിരുന്നു. ഒരു വശത്തു ഉദ്ധാരണപ്രക്രിയ, മറുവശത്തു സ്വര്‍ഗ്ഗത്തിലേക്കുളള പാസ്സു വിതരണം. വികസന പ്രവര്‍ത്തനത്തിലൂടെ മതത്തിന്റെ വലവീശല്‍ ശക്തമായി നടന്നിരുന്നു. മനുസ്മൃതിസംസ്‌കാര ത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷിക്കാനെന്നോണം മതത്തിന്റെ മായാവലയത്തിലേക്കു വലിച്ചിഴക്കുന്ന പ്രക്രിയയും അയ്യാ വൈകുണ്ഠരെ കുണ്ഠിതപ്പെടുത്തി. അയിത്തത്തിനും ജാതിജന്യമായ പരാധീനതകള്‍ക്കുമെതിരായി ഭരണാധികാരികളായെത്തിയിരുന്ന വെളളക്കാരോ നാട്ടുരാജാക്കന്മാരോ ഒരു ചെറുവിരല്‍ പോലും അനക്കാതിരുന്ന സാഹചര്യത്തില്‍ ഈ രണ്ടു ശക്തികളെയും എതിര്‍ക്കുകയെന്നതു തന്റെ കര്‍ത്തവ്യമായി കരുതിയാണ് അദ്ദേഹം പ്രവര്‍ത്തനരംഗം ചടുലമാക്കിയത്. വര്‍ണബാഹ്യരുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുളള അതിതീവ്രമായ സമരം അദ്ദേഹത്തെ സര്‍ക്കാര്‍ ജയിലുകളുടെ ഇരുമ്പഴികള്‍ ക്കുളളിലെത്തിച്ചു.

വൈകുണ്ഠരുമായി അനുരജ്ഞനശ്രമങ്ങള്‍ നടത്തുന്നതിനിടയിലുണ്ടായ സംഭവം ദേശാഭിമാനികളെ രോമാഞ്ചമണിയിക്കുന്നതാണ്. അദ്ദേഹത്തെ ജയില്‍ മോചിതനാക്കുന്ന തിന് മുന്നോട്ടുവച്ച വ്യവസ്ഥകളില്‍ ഒന്ന്, നാടാരുടെ കാര്യം മാത്രം പറയൂ. താങ്കളെ വിട്ടയയക്കാം എന്ന തീട്ടൂരത്തെ അദ്ദേഹം അമര്‍ഷപൂര്‍വ്വം ചീന്തിക്കളയുകയാണുണ്ടായത്. കാരണം താന്‍ ജനിച്ചു വളര്‍ന്ന ജാതിയുടെയും ചുറ്റുപാടും ജീവിച്ചിരിക്കുന്നവരുടെയും മോചനമായിരുന്നു അദ്ദേഹത്തിന്റെ പരമമായ ലക്ഷ്യം.
അജ്ഞാനാന്ധകാരത്തില്‍ മുഴുകിയിരുന്ന തന്റെ ജനങ്ങളെ (എല്ലാ വര്‍ണബാഹ്യ രെയും) ജ്ഞാനത്തിന്റെ വെളളിവെളിച്ചത്തിലേക്കു നയിക്കുന്നതിനു വൈകുണ്ഠര്‍ ചില വിദഗ്ദ്ധമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. സ്വാമിത്തോപ്പിലുളള അഞ്ചു ക്രിസ്ത്യന്‍ പളളികള്‍ക്കു സമീപമായി അഞ്ചു പതികള്‍ സ്ഥാപിച്ചു. സ്വാഭിമാനത്തിലും ധീരതയിലും ഊന്നിയുളള വീക്ഷണമാണ് പതികളും നിഴല്‍തങ്കലുകളും സ്ഥാപിച്ചതിനു പിന്നിലുളളത്. സ്വാഭിമാനത്തോടെ തലക്കെട്ടുമായി കണ്ണാടിയുടെ മുന്നില്‍നിന്ന് ആരാധന നടത്തുവാനും വിദ്യയാര്‍ജ്ജിക്കുവാനും അദ്ദേഹം സൗകര്യമൊരുക്കി.. നിരര്‍ത്ഥകമായ മതപരിവര്‍ത്തനത്ത നിരുത്സാഹപ്പെടുത്തുവാനാണ് പതികള്‍ (വിജ്ഞാനശാലകള്‍) സ്ഥാപിച്ചത്. അതു കാരണം എല്‍.എം.എസ്.കാരുടെ ദൃഷ്ടിയില്‍ അദ്ദേഹം സാത്താനായി.

തൊട്ടുകൂടായ്മയെയും തീണ്ടിക്കൂടായ്മയെയും നിരോധിക്കുന്നതിനു പകരം അവയെ പ്രോത്സാഹിപ്പി ക്കുന്ന തരത്തിലാണ് ഭരണകൂടം ദത്തശ്രദ്ധമായിരുന്നത്. ബ്രിട്ടീഷുകാര്‍ക്കുളള കപ്പം, ഉദ്യോഗസ്ഥധൂര്‍ത്ത്, രാജാക്കന്മാരുടെയും കുടുംബത്തിന്റെയും അമിതമായ ആര്‍ഭാടങ്ങള്‍, ഏറിവന്ന ഭരണച്ചെലവുകള്‍ക്കു ധനം കണ്ടെത്തുവാന്‍ ജനങ്ങളുടെ മേല്‍ അമിതമായി കരം ചുമത്തിയിരുന്നു. ഈ നികുതികള്‍ ഏറിയ കൂറും സാധാരണ കൃഷിക്കാരുടെയും ചെറുകിട ഉല്‍പ്പാദകരുടെയും പക്കല്‍നിന്ന് നിര്‍ദ്ദയം ഈടാക്കേണ്ട ദുഃസ്ഥിതിയും സംജാതമായി. ജോലിക്കാര്‍ക്കു ന്യായമായ കൂലി കിട്ടിയിരുന്നില്ല. പാട്ടവും കരവും മുടങ്ങിയാല്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പിഴകള്‍ക്കും പാവപ്പെട്ടവര്‍ വിധേയര്‍! കലയും സാഹിത്യവും സംഗീതവുമായി രാജ്യകാര്യങ്ങളില്‍ ശ്രദ്ധയില്ലാതെ രാജാവ് ദിനരാത്രങ്ങള്‍ ഉത്സവലഹരിയിലാക്കി. ഇവയെല്ലാം സാമാന്യജനത്തിന്റെ പ്രതിഷേധത്തിനു കാരണമായി.
അദ്ധ്വാനം മാത്രം കൈമുതലാക്കിയ കീഴ്ജാതിക്കാരെ സംഘടിപ്പിച്ചുകൊണ്ട് അയ്യാ വൈകുണ്ഠര്‍ രാജാവിനെതിരായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. 
  1.             

  1. (കടപ്പാട്  ഇടനേരം )

Sunday, June 19, 2016

‪‎നവോത്ഥാന‬ സ്മൃതിസംഗമം

മഹാത അയ്യന്‍കാളിയുടെ   75-മാത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ബഹു വൈദ്യുതി ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി പുന്നല ശ്രീകുമാര്‍.സി ദിവാകരന്‍ എംഎല്‍എ.കെ മുരളിധരന്‍ എംഎല്‍എ.പ്രശസ്ത കവി ഗിരീഷ് പുലിയൂര്‍.പികെ രാജന്‍.പി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.














Saturday, June 18, 2016

ജാതിക്കോമരങ്ങളെ വില്ലുവണ്ടിയിലെത്തി വിറപ്പിച്ച നവോത്ഥാന നായകന്‍

  ജാതിക്കോമരങ്ങളുടെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചു കൊണ്ട് സേന നായകന്‍റെ ആജ്ഞ ശക്തിയോടെ വില്ലുവണ്ടി പായിച്ച  നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയുടെ 75-ാം ചരമവാര്‍ഷികമാണിന്ന്.

1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടു വിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്. മനുഷ്യന്‍ എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ് അയ്യങ്കാളി കണ്ടത്. ചുറ്റും നടമാടിയ ഉച്ചനീചത്വത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരെ പോരാടാന്‍ അദ്ദേഹം തീരുമാനിച്ചു. 28-ാം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. അധസ്ഥിത ജന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ക്കൂടീ പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു.

വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാതിരുന്ന ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചു. പുതുവല്‍ വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തി സ്‌കൂളാക്കി ഉയര്‍ത്തുകയും ചെയ്തു. ഐതിഹാസികമായ കാര്‍ഷിക പണിമുടക്ക് സമരം അതിനൊരു നിമിത്തമായി മാറി.  അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി സാധുജനപരിപാലന സംഘം രൂപീകരിച്ചത്. അവര്‍ണരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുമായി ചാവടി നട സ്‌കൂളിലെത്തിയ അയ്യങ്കാളിയും സംഘവും സ്‌കൂള്‍ പ്രവേശനത്തിനെ എതിര്‍ത്തവരെ ശക്തമായി നേരിട്ടു.  സ്‌കൂള്‍ പ്രവേശനം സാദ്ധ്യമാക്കുമെന്ന തീരുമാനം അയ്യങ്കാളി എടുത്തത് ഈ സംഭവത്തോടെയാണ്.
ശ്രീമൂലം പ്രജാ സഭയില്‍ അധഃസ്ഥിത  ഒരു ജനതയുടെ ആവശ്യങ്ങള്‍ പ്രജാസഭയില്‍ മുഴങ്ങിക്കേട്ടു തുടങ്ങി. പി കെ ഗോവിന്ദപ്പിള്ളയുടെ അഭ്യര്‍ത്ഥനയിലൂടെ പ്രജാ സഭയില്‍ പുലയരില്‍ നിന്നു തന്നെ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ ദിവാന്‍ തീരുമാനിച്ചു. അങ്ങനെ 1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 7 ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്

1941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു. നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിയ, അസമത്വത്തിനെതിരെ പോരാടാന്‍ അവര്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു.





Friday, June 3, 2016

ജിഷയുടെ ഘാതകരെ കണ്ടെത്താന്‍ കെപിഎംഎസ് പ്രതിഷേധ സംഗമം


തിരുവനന്തപുരം•ജിഷയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കെപിഎംഎസ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയേറ്റിനു മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.മ്യൂസിയത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീളും കുട്ടികളുമടക്കം കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ആയിരങ്ങള്‍ അണിനിരന്നു.സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ധരണ ഉദ്ഘാടനം ചെയ്തു.ജിഷയുടെ കണ്ണുനീരിന്‍റെ നനവുമായി അധികാരത്തിലെറിയ സര്‍ക്കാറിനു ജിഷയുടെ ഘാതകരെ കണ്ടെത്താന്‍ ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പൊലീസിന്‍റെ അലംഭാവം ഒന്നുകൊണ്ടു മാത്രമാണു സാഹചര്യത്തെളിവുകള്‍ നഷ്ടമായത് വീഴ്ച വരുത്തിയ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്രമങ്ങളോടു സഹകരിക്കാതെ മാറി നിന്ന റവന്യൂ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെയും ഉടന്‍ നടപടി ഉണ്ടാകണം ഇപ്പോഴത്തെ സര്‍ക്കാരിനെ ജീഷയുടെ മരണത്തിന്‍റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല. ജിഷയുടെ കുടുംബത്തോടുള്ള സര്‍ക്കാറിന്‍റെ സമീപനത്തെയും അനുമോദിക്കുന്നു. പക്ഷേ കൊലയാളിയെ കണ്ടെത്തുന്ന കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പോ അനാസ്ഥയോ ഉണ്ടായല്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനോ തെളിവുകള്‍ കണ്ടെത്തുന്നതിനോ പൊലീസിനായില്ല തുടരനോഷണത്തിന്‍റെ സാധ്യത ഇല്ലാക്കാന്‍ ധൃതിപിടിച്ചാണു മൃതദേഹം സംസ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെതിരായ മുദ്രാവാക്യങ്ങള്‍ മാര്‍ച്ചിലുടനീളം മുഴങ്ങി.സമരക്കാരെ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.തള്ളി കയറന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടു പിന്തിരിപ്പിച്ചു.സമരത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു.
കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാജന്‍,പ്രസിഡന്‍റ് പി. ജനാര്‍ദനന്‍,വൈസ് പ്രസിഡന്‍റ് കടക്കുളം രാജേന്ദ്രന്‍,ട്രഷറര്‍ എന്‍ രമേശന്‍,വി ശ്രീധരന്‍,സുജാ സതീഷ്,ജില്ല പ്രസിഡന്‍റ് 
വി.എസ് സതീശന്‍,ജില്ല സെക്രട്ടറി കുന്നുകുഴി ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.



നീതിയില്ലെങ്കില്‍ നീ. തീയാവുക


ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യുക സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക,പട്ടിക ജാതി-വര്‍ഗ സംരക്ഷണ നിയമ നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രതിഷേധ സംഗമം കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യ്തു.