Search This Blog

Sunday, August 28, 2016

നവോത്ഥാനത്തിന്റെ നടുനായകന്‍

"അങ്ങയുടെ പോരാട്ട  വീര്യത്തിന്‍റെ രക്തധമനികള്‍  ഞാന്‍ എന്‍റെ  ഹൃദയത്തിലേക്ക് പറിച്ചു നടന്നു " അങ്ങയെപ്പോലെ ശിരസ് ഉയര്‍ത്തി നില്‍ക്കാന്‍

കേരളത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചതും യാഥാര്‍ഥ്യമാക്കിയതും അയ്യന്‍കാളിയായിരുന്നു. ആധ്യാത്മിക ജ്ഞാനമല്ല നവോത്ഥാനപ്രക്രിയ പൂര്‍ത്തീകരിക്കാന്‍ പറ്റിയ മാര്‍ഗമെന്ന് അയ്യന്‍കാളി തിരിച്ചറിഞ്ഞു. നൂറ്റാണ്ടുകളായി തീണ്ടലും തൊടീലും കല്‍പിച്ച് ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും അകറ്റിയിരുന്ന തന്റെ ജനതയ്ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി സവര്‍ണ പരിഷകളെ കായികമായിത്തന്നെ നേരിടാന്‍ അയ്യന്‍കാളി തയ്യാറായി.
അത്തരമൊരു സാമൂഹിക പരിഷ്‌കരണത്തിനു തുടക്കം കുറിച്ചത് സ്വന്തം ജന്‍മനാടായ പെരുങ്കാറ്റുവിളയിലെ പിച്ചീട്ടുകുളത്തില്‍ നിന്നായിരുന്നു. അയ്യന്‍കാളിക്ക് അന്ന് പത്തോ പന്ത്രണ്ടോ വയസ്സു കാണും. 1875ല്‍ സവര്‍ണ ജന്‍മിയുടെ കൈവശമുണ്ടായിരുന്ന പിച്ചീട്ടുകുളത്തില്‍ അയിത്തജാതിക്കാര്‍ക്ക് ഇറങ്ങി കുളിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അയ്യന്‍കാളിയും കൂട്ടുകാരും വിലക്ക് ലംഘിച്ചുകൊണ്ട് മുങ്ങിക്കുളിച്ചു. സംഭവമറിഞ്ഞ ജന്മി പിതാവ് അയ്യനെ വിളിപ്പിച്ച് പരാതിപ്പെട്ടു. അയ്യന്‍ മകനെ കണക്കിനു ശകാരിച്ചു. അടിക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മ മാല തടസ്സം നിന്നു. എന്നാല്‍, കൊച്ചുമകന്റെ ചോദ്യങ്ങള്‍ക്ക് പിതാവിനു മറുപടി പറയാന്‍ ഉണ്ടായിരുന്നില്ല.
ഒരു ദിവസം അയ്യന്‍കാളിയും കൂട്ടുകാരും പന്തു കളിച്ചുകൊണ്ടിരുന്നപ്പോള്‍ പന്ത് തെറിച്ച് ജന്‍മിയുടെ വീട്ടിലേക്കു ചെന്നുവീണു. ആ പന്തിലൂടെ അയിത്തം വീട്ടില്‍ ചെന്നുകയറിയെന്നായിരുന്നു ജന്‍മിയുടെ പരാതി. പരാതി കേട്ട അച്ഛന്‍ കലിപൂണ്ട് വീട്ടിലെത്തുകയും അയ്യന്‍കാളിയെ ശകാരിക്കുകയും അടിക്കുകയും ചെയ്തു. ഈ പ്രഹരമേറ്റത് കാളിയുടെ മനസ്സിലായിരുന്നു.
അവിടം മുതല്‍ക്കാണ് അയ്യന്‍കാളി തന്റെ ജനസമുദായത്തിന്റെ ദുരിതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. ഈ സാമൂഹിക അസമത്വങ്ങളെ തടയണമെങ്കില്‍ കായബലവും എന്തിനും പോന്ന ചെറുപ്പക്കാരും വേണം. ആ ചിന്തകളുടെ ഒടുവിലാണ് അയ്യന്‍കാളി സാമൂഹിക അനീതികള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത്. അയ്യന്‍കാളിയും കൂട്ടുകാരും ചേര്‍ന്ന് കളരിയഭ്യാസങ്ങള്‍ പഠിച്ചു. തെക്കന്‍ കളരിയിലും വടക്കന്‍ കളരിയിലും കായികാഭ്യാസങ്ങള്‍ പഠിച്ച ശേഷമാണ് അയ്യന്‍കാളി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായത്.
25ാം വയസ്സില്‍ അയ്യന്‍കാളി ഒരു വില്ലുവണ്ടി വാങ്ങി. സവര്‍ണര്‍ മാത്രം സഞ്ചരിക്കുന്ന അത്തരമൊരു വില്ലുവണ്ടി തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവന്നത്. വെങ്ങാനൂരിലെ റോഡുകളിലൂടെ അയ്യന്‍കാളി അന്നാദ്യമായി വില്ലുവണ്ടി ഓടിച്ചു. സവര്‍ണരെല്ലാം സ്തബ്ധരായി നിന്നുപോയി. നായന്‍മാര്‍ സംഘം ചേര്‍ന്ന് അയ്യന്‍കാളിയെയും സംഘത്തെയും മര്‍ദിച്ചു. അവര്‍ വീറോടെ മാടമ്പിമാരോട് ഏറ്റുമുട്ടി. പുലയയുവാക്കള്‍  ഒരാള്‍ പോലും ഓടാതെ നിന്നു തിരിച്ചടിച്ചപ്പോള്‍ പല സവര്‍ണ പ്രമാണിമാരും ജീവനും കൊേണ്ടാടി. അന്നുവരെ അവര്‍ണ ജാതികള്‍ക്ക് നിഷേധിച്ചിരുന്ന രാജപാതകളില്‍ പുലയര്‍ക്കും പറയര്‍ക്കും നടക്കാമെന്നായി.
ചട്ടമ്പിസ്വാമികള്‍ക്കും ശ്രീനാരായണഗുരുവിനും കഴിയാതിരുന്ന വഴിനടക്കാനുള്ള സഞ്ചാരസ്വാതന്ത്ര്യം അയ്യന്‍കാളി നേടുമ്പോള്‍ നാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ കഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിട്ടിരുന്നു. പതിതജനതയുടെ ജീവിതമാറ്റത്തിന്റെ വിജയം വില്ലുവണ്ടിയാത്രയിലൂടെ നേടിയെടുത്ത അയ്യന്‍കാളി 1899ല്‍ ബാലരാമപുരത്തിനടുത്ത് ആറാലുംമൂട് ചന്തയിലേക്കു യാത്രതിരിച്ചു.
പിന്നീടുള്ള ദിനങ്ങള്‍ അയ്യന്‍കാളിക്കും സംഘത്തിനും ഉറക്കമില്ലാത്ത ദിനരാത്രങ്ങളായിരുന്നു. പലേടത്തും സഞ്ചാരസ്വാതന്ത്ര്യം നേടുന്നതിനായി അവര്‍ണരില്‍ പെട്ടവര്‍ സവര്‍ണര്‍ക്കെതിരേ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. സവര്‍ണനും അവര്‍ണനും വെവ്വേറെ നീതിയെന്ന നിലപാടാണ് തിരുവിതാംകൂറിലെ രാജഭരണകൂടം കൈക്കൊണ്ടത്. ചെങ്കോലും കിരീടവും ശ്രീപത്മനാഭന് അടിയറവച്ചു ഭരണം നടത്തിയ രാജാക്കന്‍മാര്‍ രണ്ടു തരം നീതി നടപ്പാക്കിയത് മനുഷ്യാവകാശ ലംഘനമായിരുന്നു. തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്തതുകൊണ്ട് ആരും എതിര്‍ക്കാന്‍ ശ്രമിച്ചില്ല. പക്ഷേ, നീതികേടുകള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു അയ്യന്‍കാളിയുടെ തത്ത്വശാസ്ത്രം.
ഇക്കാലത്തൊന്നും പുലയന്റെയോ പറയന്റെയോ മക്കള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കിയിരുന്നില്ല. അയിത്തജാതി കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കാതെ പരദേശി ബ്രാഹ്മണര്‍ക്കും നായര്‍ മാടമ്പിമാര്‍ക്കും ഒപ്പം രാജാവ് നിന്നത് എന്തു തരം നീതിയാണ്? വര്‍ഷത്തില്‍ 365 ദിവസവും സവര്‍ണര്‍ക്കും കുടുംബത്തിനും മൃഷ്ടാന്നം ഉണ്ടുറങ്ങി സുഖിക്കാന്‍ നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്ത ഒരു ജനതയുടെ മക്കള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിച്ചത്.

അവര്‍ണ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ കൃഷിക്ക് ആളെ കിട്ടില്ലെന്നാണ് ഒരു തിരുവിതാംകൂര്‍ മഹാരാജാവിന്റെ കണ്ടെത്തല്‍.
നല്‍കിയാല്‍ കൃഷിക്ക് ആളെ കിട്ടില്ലെന്നാണ് ഒരു തിരുവിതാംകൂര്‍ മഹാരാജാവിന്റെ കണ്ടെത്തല്‍.
അയ്യന്‍കാളി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് അവര്‍ണ ജാതിക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവര്‍ണ കുട്ടികളെ പ്രവേശിപ്പിക്കാതെ സവര്‍ണര്‍ നിലയുറപ്പിച്ചപ്പോള്‍ 1904ല്‍ അവര്‍ണരുടെ കുട്ടികള്‍ക്കായി വെങ്ങാനൂരില്‍ ചണ്ടികൊച്ചപ്പിയുടെ വക 18 സെന്റ് സ്ഥലം ഒറ്റിവാങ്ങി സ്വന്തമായി ഒരു കുടിപ്പള്ളിക്കൂടം അയ്യന്‍കാളി നിര്‍മിച്ചു. അന്നു രാത്രി തന്നെ സവര്‍ണര്‍ കുടിപ്പള്ളിക്കൂടം തീവച്ചു നശിപ്പിച്ചു. അയ്യന്‍കാളി അവിടെ സ്‌കൂള്‍ പുനര്‍നിര്‍മിച്ചു. വീണ്ടും സവര്‍ണര്‍ തീവച്ചു. ഇത് പല തവണ ആവര്‍ത്തിച്ചപ്പോള്‍ അയ്യന്‍കാളിയും സംഘവും കാത്തിരുന്നു. രാത്രിയില്‍ സ്‌കൂളിനു തീവയ്ക്കാന്‍ പന്തവുമായെത്തിയ സവര്‍ണപ്രമാണിമാരെ നല്ലവണ്ണം കൈകാര്യം ചെയ്തതോടെ പിന്നീടാരും തീവയ്ക്കാന്‍ മുതിര്‍ന്നില്ല.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവര്‍ണ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല; സ്വന്തമായി സ്‌കൂള്‍ സ്ഥാപിച്ചാല്‍ അതു നിലനിര്‍ത്താന്‍ അനുവദിക്കുകയുമില്ല. എന്നാല്‍, ജന്‍മിമാര്‍ ഇനി ഭക്ഷണം കഴിക്കുന്നതൊന്നു കാണട്ടെയെന്നു പറഞ്ഞ് അയ്യന്‍കാളി 1904ന്റെ അവസാനത്തോടെ നെല്‍കൃഷിക്കാരെ വെങ്ങാനൂര്‍ തെക്കേവിളയ്ക്കു സമീപത്തെ നെല്‍കൃഷിപ്പാടത്തേക്കു വിളിച്ചുവരുത്തി ലോകചരിത്രത്തില്‍ ആദ്യമായി വിദ്യാഭ്യാസ അവകാശത്തിനായി കാര്‍ഷിക പണിമുടക്കു പ്രഖ്യാപിച്ചു. അതോടെ കാണായ നെല്‍പ്പാടത്തെല്ലാം കൃഷിപ്പണി നിലച്ചു.
ജന്മിമാര്‍ വശംകെട്ടു. കൃഷിപ്പണികള്‍ ചെയ്യിക്കാനായി 12 നായന്‍മാരെ ഇറക്കിയെങ്കിലും ഇറങ്ങിയതുപോലെ അവര്‍ കയറിപ്പോന്നു. പ്രശ്‌നം ഭരണതലത്തിലെത്തി. അന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കണ്ടലക്കാരന്‍ നാഗന്‍പിള്ളയെ ഒത്തുതീര്‍പ്പിനായുള്ള സ്‌പെഷ്യല്‍ ഓഫിസറായി ശ്രീമൂലം തിരുനാള്‍ മഹാരാജാവ് നിയമിച്ചു. അവര്‍ണ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം ഉറപ്പുവരുത്തിക്കൊണ്ടും നായന്‍മാരുടെ ചെയ്തികളെ വിമര്‍ശിച്ചുകൊണ്ടും 1907ല്‍ കാര്‍ഷിക സമരത്തിന് ഒത്തുതീര്‍പ്പുണ്ടാക്കി.
ഈ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഫലമായി അതേ വര്‍ഷംതന്നെ അവര്‍ണ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ പ്രവേശന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പക്ഷേ, സവര്‍ണ ഉദ്യോഗസ്ഥര്‍ ഉത്തരവ് പൂഴ്ത്തിവച്ച് ഈഴവകുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയാണ് ചെയ്തത്. 1910ല്‍ രണ്ടാമത്തെ വിദ്യാലയ പ്രവേശന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
വിദ്യാഭ്യാസം കൊണ്ടേ അവര്‍ണ ജനതയ്ക്ക് ജീവിതനേട്ടം കൈവരിക്കാന്‍ കഴിയൂ എന്ന വിശ്വാസമാണ് അയ്യന്‍കാളി അവലംബിച്ചുപോന്നത്. അദ്ദേഹത്തിന്റെ ആ വിശ്വാസമാണ് ശരിയെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടു. എന്നാല്‍, വിദ്യ കൊണ്ട് വിജയം നേടിയ അവര്‍ണര്‍ സ്വന്തം ജനതയെത്തന്നെ തള്ളിപ്പറയുന്നവരും തള്ളിക്കളയുന്നവരുമായി മാറിപ്പോയത് വര്‍ഗഗുണമില്ലായ്മയും വഞ്ചനയുമല്ലാതെ മറ്റൊന്നുമല്ല. അവര്‍ണജനത ആ വിദ്യാഭ്യാസം നേടാനായി അയ്യന്‍കാളിയെന്ന മഹാത്മാവ് സഹിച്ച ത്യാഗങ്ങള്‍ ചില്ലറയല്ല. അതെല്ലാം ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമാണ്
                          ( കുന്നുകുഴി എസ് മണി )

Thursday, August 25, 2016

അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ സംഘടപ്പിച്ച ബോധവത്കരണ ക്ലാസ് ബഹു. എക്സൈസ് കമ്മീഷ്ണര്‍ ഋഷി രാജ് സിംഗ് ഉദ്ഘാടനം ചെയ്യതു അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജ് മനേജര്‍ പുന്നല ശ്രീകുമാര്‍, പ്രന്‍സിപ്പല്‍ ബി മൃദുല നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു

കേരള ഭൂപരിഷ്‌കരണ നിയമം 'മാര്‍ക്‌സിസ്റ്റുകള്‍' തൊഴിലാളിവര്‍ഗത്തെ വഞ്ചിച്ച ചരിത്രം

അല്പം ചരിത്രം

1957 ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിയഭയുടെ പതനത്തിന് ശേഷം ചെറിയൊരു ഇടവേളകഴിഞ്ഞ് 1967 ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഒരു ഭൂപരിഷ്‌കരണ നിയമം കൊണ്ടു വന്നു. എന്നാല്‍ 1957 ഏപ്രില്‍ 11 നു ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തന്നെ ഭൂപരിഷ്‌കരണ വിഷയത്തില്‍ ചര്‍ച്ചയാരംഭിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. പ്രസ്തുത ബില്‍ 1959 ജൂണ്‍ 11 ന് പാസാക്കി. പക്ഷെ ജൂലൈ 31 ന് മന്ത്രിസഭ വീണതിനാല്‍ ബില്‍ പാസാക്കാനായില്ല. ഇതിനിടെ അധികാര ത്തില്‍ വന്ന കോണ്‍ഗ്രസ് മന്ത്രിസഭയും 1964 ല്‍ ഒരു ഭൂപരിഷ്‌ക രണം കൊണ്ടുവന്നെങ്കിലും അത് നടപ്പായില്ല. 1967 ലെ കമ്മ്യൂണിസ്റ്റ് ഭൂപരിഷ്‌കരണമാകട്ടെ 1959 ലെ അവരുടെ തന്നെ നിയമത്തേക്കാള്‍ കൂടുതല്‍ സമഗ്രവും കുറേക്കൂടി മാറ്റങ്ങള്‍ ഉള്ളതുമായിരുന്നു. എന്നാല്‍ ഇഎംഎസ് മന്ത്രിസഭ വീണതിനാല്‍ ആ ബില്ലിന്മേലും നടപടിയുണ്ടായില്ല. 1970 സിപിഐ യുടെ സി അച്യുതമേനോന്‍ മുഖ്യമന്ത്രി യായിരിക്കെ 1967 ലെ ഭൂപരിഷ്‌ക രണ ഭേദഗതി ബില്ലിന് കേന്ദ്രം അനുമതി നല്കി. ഇതാണ് ഇന്നറിയപ്പെടുന്ന (KERALA LAND REFORMS ACT) ഭൂപരിഷ്‌കരണ ബില്ലിന്റെ നാള്‍വഴി ചരിതം.

ഓര്‍ക്കേണ്ട വസ്തുത: ചര്‍ച്ച തുടങ്ങി 13 വര്‍ഷത്തിന് ശേഷമാണ്, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണം നിയമമാകുന്നത്. 1957 അധികാരത്തില്‍ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയല്ല പ്രസ്തുത നിയമം നടപ്പാക്കുന്നത്!

ചതി ഒന്ന്.
ഏതാണ്ട് 132 വകുപ്പുകളും അതിലേറെ ഉപവകുപ്പുകളും ഉള്ള കെഎല്‍ആര്‍ ആക്ടിലെ 81 ഉം 82 ഉം വകുപ്പു പ്രകാരം കൃഷിഭൂമിയെന്നും തോട്ടം ഭൂമിയെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.

*കൃഷിഭൂമിയുടെ 15 ഏക്കര്‍ വരെ ജന്മിക്ക് കൈവശം വെക്കാം! അംഗങ്ങള്‍ കൂടുമ്പോള്‍ ഏക്കറുകളുടെ എണ്ണവും കൂടും.

* എന്നാല്‍ തോട്ടം ഭൂമിക്കും സ്വകാര്യ വനഭൂമിക്കും 81 ആം വകുപ്പു പ്രകാരം പരിധിയില്ല! വളരെ തന്ത്രപൂര്‍വമുള്ള ചതി ഇവിടെയാണ് പതിയിരിക്കുന്നത്. അതായത് 100 ഏക്കര്‍ കൃഷിഭൂമിയുള്ള ഒരു ജന്മി 82 ആം വകുപ്പു പ്രകാരം 15 ഏക്കര്‍ ഭൂമിയെ കൈവശം വെക്കാന്‍ പാടുള്ളൂ....!!! 85 ഏക്കര്‍ അയാള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കേണ്ടതാണ്...!!!! എന്നാല്‍ തോട്ടം ഭൂമിക്കും സ്വകാര്യ വനഭൂമിക്കും പരിധി നിശ്ചയിച്ചിട്ടില്ലാത്ത തിനാല്‍ ബാക്കി 85 ഏക്കര്‍ കൂടി തോട്ടം ഭൂമിയെന്ന കണക്കിലോ സ്വകാര്യ വനഭൂമിയെന്ന കണക്കിലോ ഉള്‍പ്പെടുത്തി വിട്ടുകൊടു ക്കേണ്ടതില്ല..!!!!!

ഓര്‍ക്കേണ്ട വസ്തുത: തന്റെ ഭൂമി വിട്ടുകൊടുക്കാതിരിക്കാന്‍ ജന്മിക്ക് അതില്‍ കുരുമുളക്, ഇഞ്ചി, ഏലം, ജാതിക്ക, റബ്ബര്‍, കരിമ്പ് തുടങ്ങിയവയോ ഈട്ടി, ഇരുള്‍, തേക്ക് മുതലായ വന്‍മരങ്ങള്‍ (ഇവയാണ് തോട്ടം വിളകള്‍) എന്നിവയോ നട്ടു പിടിപ്പിച്ചാല്‍ അത് തോട്ടം ഭൂമിയായി സംരക്ഷിക്കാം! ഒന്നും നടാതിരുന്നാല്‍ സ്വാഭാവിക കാട് വളരും അപ്പോള്‍ സ്വകാര്യ വനഭൂമിയായി തന്റെ ഭൂമി സംരക്ഷിക്കാം...!!!! തത്വത്തില്‍ ഒരു ജന്മിക്കും ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെടുന്നില്ല...!!!

2)...രണ്ടാം ചതി..!

കൃഷിഭൂമിയെ തോട്ടം / സ്വകാര്യ വനഭൂമിയായി മാറ്റിമറിക്കാന്‍ ജന്മിമാര്‍ക്ക് അവസരമൊരുക്കിക്കൊടുത്തതിലൂടെ മിച്ചഭൂമി വിട്ടു കൊടുക്കാതിരിക്കാനും മുഴുവന്‍ സ്വന്തമാക്കി വെക്കാനും ജന്മിമാര്‍ക്ക് കഴിഞ്ഞു ! (വകുപ്പ് 81, 82.) ഇതാണ് ആദ്യത്തെ ചതി എന്ന് കണ്ടുകഴിഞ്ഞു.

രണ്ടാം ചതി.

പെട്ടെന്ന് തോട്ടവിളകള്‍ നട്ട് കൃഷിഭൂമിയെ തോട്ടം / സ്വകാര്യ വനഭൂമിയാക്കിമാറ്റാന്‍ ജന്മിമാര്‍ക്ക് സാവകാശം കിട്ടിയില്ലെങ്കിലോ?

* അങ്ങിനെ വന്നാല്‍ ഗസറ്റില്‍ പരസ്യം ചെയ്താല്‍ മതി...!!! 81 ആം വകുപ്പിലെ മൂന്നാം ഉപവകുപ്പില്‍ പറയുന്നത്, പുതുതായി തോട്ടം ഭൂമിയാക്കി മാറ്റുന്നതിനോ നിലവിലുള്ള തോട്ടത്തിന്റെ വികസനത്തിനോ സംരക്ഷണത്തിനോ ഏതെങ്കിലും ഭൂമി ഗസറ്റ് പരസ്യം മൂലം ഒഴിവാക്കാനാവുന്ന താണെന്നാണ്..!!!!

ഓര്‍ക്കേണ്ട വസ്തുത : ജന്മിമാര്‍ക്ക് ഗസറ്റ് പരസ്യം ചെയ്യാനാണോ ഇത്ര വിഷമം? ഞങ്ങള്‍ ഞങ്ങളുടെ കൃഷിസ്ഥലം തോട്ടംഭൂമി ആക്കാന്‍ പോവുകയാണെന്ന് ഗസറ്റില്‍ ഒരു പരസ്യം കൊടുത്താല്‍ മതി !

* ഇനി ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ജന്മിമാര്‍ക്ക് സാവകാശം കിട്ടിയില്ലെങ്കിലോ? ഭൂമി മിച്ചഭൂമിയാകില്ലേ?

ഈ പ്രശ്‌നത്തിലും 81 ആം വകുപ്പിലെ മൂന്നാം ഉപവകുപ്പില്‍ തന്നെ പരിഹാരം നിര്‍ദ്ദേശിക്കുന്നു!

ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയം, അശുപത്രി, വിദ്യാഭ്യാസ സ്ഥാപനം എന്നിവ കൃഷിഭൂമിയില്‍ സ്ഥാപിച്ചാല്‍ മതി! ഇവയില്‍ ഏതെങ്കിലും അടങ്ങിയ ഭൂമിക്ക് പരിധിയില്ല!

ഓര്‍ക്കേണ്ട വസ്തുത: ഗസറ്റില്‍ പരസ്യം ചെയ്യാന്‍ വിട്ടുപോയാല്‍ പോലും ജന്മിക്ക് തന്റെ ഭൂമി സംരക്ഷിക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ അവസരമൊരുക്കിയിരിക്കുന്നു! കേരളത്തില്‍ ഇത്രയധികം അമ്പലങ്ങളും മുസ്ലീം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും സ്ഥാപിതമായതെങ്ങനെ എന്ന വസ്തുതയും ചിന്തനീയമാണ്. ഒരു പൊതുവഴി വെട്ടുന്നതിനു പോലും ഈ വക സ്ഥാപനങ്ങള്‍ സ്ഥലം വിട്ടു കൊടുക്കാറില്ലല്ലോ!
3)...മൂന്നാം ചതി

കൃഷിഭൂമി തോട്ടം / സ്വകാര്യ വനഭൂമിയാക്കി മാറ്റിമറിക്കാന്‍ കാലതാമസം നേരിട്ടാല്‍, ഇങ്ങനെ കൃഷിഭൂമിയെ മാറ്റിമറിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നു കാണിച്ച് ഗസറ്റില്‍ പരസ്യം ചെയ്യാന്‍ സാവ കാശം അനുവദിച്ചുകൊണ്ട് ജന്മിമാരെ ഭൂമി വിട്ടുകൊടുക്കുന്ന തില്‍ നിന്ന് രക്ഷപ്പെടുത്തിയതാണ് കുടിയാന്മാരോട് ചെയ്ത രണ്ടാമത്തെ ചതി.

മൂന്നാം ചതി...!

ജന്മിമാരുടെ സ്വത്തുക്കള്‍ മുഴുവന്‍ കുടുംബട്രസ്റ്റിലേക്ക് മാറ്റുക.

* ഒരു തുണ്ടു ഭൂമി പോലും ഭൂവുടമകള്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഉണ്ടാക്കി വെച്ച ഒരു നിയമമാണ് കുടുംബ ട്രസ്റ്റ്. എത്ര ഏക്കര്‍ സ്വത്തുണ്ടെങ്കിലും കുടുംബക്കാരുടെ ഒരു കുടുംബ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ ഒരു വിധത്തിലും പ്രസ്തുത സ്വത്തുക്കള്‍ നഷ്ടപ്പെടില്ല !

4)...നാലാം ചതി...!

കൃഷിഭൂമിയെ തോട്ടം / സ്വകാര്യ വനഭൂമിയാക്കി മാറ്റാന്‍ ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ജന്മിമാര്‍ക്ക് കഴിയാതെ വന്നാല്‍, സ്വത്തുക്കള്‍ കുടുംബട്രസ്റ്റ് രജിസ്റ്റര്‍ ചെയ്ത് ഭൂസ്വത്ത് അതിലേക്ക് മാറ്റി സംരക്ഷിക്കാന്‍ ജന്മിമാര്‍ക്ക് അവസരം നല്കുന്നന്നതാണ് ഭൂപരിഷ്‌കരണത്തിലെ മൂന്നാം ചതി !

നാലാം ചതി....!

ബഹുഭാര്യാത്വവും ഭൂസംരക്ഷണവും..!

* ഒരു ജന്മിക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അവരേയും അവരുടെ കുട്ടികളേയും പ്രത്യേകം പ്രത്യേകം കുടുബങ്ങളായി പരിഗണിക്കുകയും വെവ്വേറെ സമ്പത്ത് നീക്കിവെക്കുകയും വേണം

വകുപ്പ് - 82 ആം വകുപ്പില്‍ ആറാം ഉപവകുപ്പിലെ ഒന്നാം അനുഛേദം.

* ഇതനുസരിച്ച് 5 അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കറും ആറാമതായി ഒരു അംഗം കൂടിയുണ്ടെങ്കില്‍ ഒരു ഏക്കര്‍ അധികമായും കിട്ടും. അങ്ങനെ അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് 36 ഏക്കര്‍ വരെ ഈ വകുപ്പനുസരിച്ച് കൈവശം വെക്കാം.

* എന്നാല്‍ ഈ നിയമം പിന്നീട് ഭേദഗതി ചെയ്തു. അച്ഛനും അമ്മയും പ്രായപൂര്‍ത്തിയാകാത്ത മക്കളും അടങ്ങിയ ഒരു കുടുംബത്തിന് 15 ഏക്കര്‍ എന്നതിന് പകരം ഓരോ അംഗത്തിന് 15 ഏക്കര്‍ എന്നാക്കി മാറ്റി. അങ്ങനെ അഞ്ച് അംഗങ്ങളുള്ള ഒരു ജന്മികുടുംബത്തിന് കൈവശം വെക്കാവുന്നത് 75 ഏക്കര്‍...!!!!!!
ബാക്കി 'മിച്ചം' എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തോട്ടം / സ്വകാര്യ വനഭൂമിയാക്കിയാല്‍ പിന്നെ കുടിയാന് വിതരണം ചെയ്യാന്‍ വല്ലതുമുണ്ടോ? (ഈ പാതകം ചെയ്തത് സിപിഐ ആമെന്ന് കെ ആര്‍ ഗൗരിയമ്മ ആരോപിച്ചു - മലയാളമനോരമ 2007 നവം: 28. പേജ് 8)

ശ്രദ്ധിക്കേണ്ട വസ്തുത: ജന്മികുടുംബത്തിലെ ഒരു 'അംഗ'ത്തിന് 15 ഏക്കര്‍ കൈവശം വെക്കാമായിരുന്നപ്പോള്‍ 5 അംഗങ്ങളുള്ള കുടിയാന്‍ 'കുടുംബ'ത്തിന് കിട്ടിയതോ 3 സെന്റും...!!!!! ഇതിനെയാണോ ഭൂപരിഷ്‌കരണം എന്ന് പറയുന്നത്..????

5)... അഞ്ചാം ചതി.

ജന്മികുടുംബത്തിലെ ഓരോ അംഗത്തിനും 15 ക്കേര്‍ വീതം കൈവശം വെക്കാമെന്ന് ഭൂപരിഷ്‌കരണ നിയമത്തില്‍ വ്യവസ്ഥ ചെയ്തതിലൂടെ ഭൂമി മിച്ചം വരാതിരിക്കുന്നതിന് വഴിയൊരുക്കി ക്കൊണ്ട് കുടിയാന്‍ കുടുംബത്തെ തഴഞ്ഞതാണ് നാലാമത്തെ ചതി...!!!!

അഞ്ചാം ചതി....!!!!

* കുട്ടനാട് ഭൂപരിഷ്‌കരണ നിയമത്തിന് പുറത്ത്....!!!

കേരള ഭൂപരിഷ്‌കരണ നിയമം കേരള സംസ്ഥാനം മുഴുവനായി ഉദ്ദേശിച്ചതാണെങ്കിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഇതില്‍ നിന്നും പുറത്താണ്. അവിടെ ഭൂപരിഷ്‌കരണ നിയമമനുസരിച്ച് 5 അംഗങ്ങളുള്ള ഒരു ജന്മി കുടുംബത്തിന് 15 ക്കേര്‍ കൃഷിഭൂമി കൈവശം വെക്കാമെന്നത്: ഇവിടെ എത്ര ഏക്കര്‍ കൃഷിഭൂമി വേണമെങ്കിലും കൈവശം വെക്കാമെന്നായി.....!!!!!

ഓര്‍ക്കേണ്ട വസ്തുത: ഇവിടെയാണ് അക്കാലത്ത് ഉയര്‍ത്തപ്പെട്ട 'കൃഷിഭൂമി കൃഷിക്കാരന്, ബഹുജനൈക്യം സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ പൊരുള്‍ കിടക്കുന്നത്. കൃഷിക്കാരന്‍ ആരാണ് ? അത് കൃഷിഭൂമിയുടെ ഉടമ തന്നെ! കുടിയാന്‍ കൃഷിത്തൊഴിലാളി അഥവാ കര്‍ഷകത്തൊഴിലാളിയാണ്. കര്‍ഷകത്തൊഴിലാളിക്ക് എന്തിനാണ് ഭൂമി? അവന്‍ ഭൂവുടമയുടെ കൃഷിഭൂമിയില്‍ തന്റെ അധ്വാനം വിറ്റ് കഴിഞ്ഞുകൊള്ളും. 'മറ്റേതൊരു ചരക്കിനേയും പോലെ അധ്വാനവും ഒരു ചരക്കാണ്' എന്നാണല്ലോ മാര്‍ക്‌സും എംഗത്സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വില്‍ അടിവരയിട്ട് പറയുന്നത്...!!!! കര്‍ഷകത്തൊഴിലാളിക്ക് വില്‍ക്കുവാന്‍ അധ്വാനമെന്ന ചരക്കുണ്ട്. അത് വിറ്റ് അവന് ജീവിക്കണമെങ്കില്‍ അത് വാങ്ങുന്ന പീടികയും നിലവില്‍ വേണമല്ലോ? അതാണ് ഭൂവുടമകളുടെ കൃഷിഭൂമി...! കൃഷിഭൂമി യെ തോട്ടം / സ്വകാര്യ വനഭൂമിയാക്കി മാറ്റിമറിക്കാന്‍ അവസരം കൊടുത്തിടത്തും ഇതുതന്നെയാണ് സംഭവിച്ചത്.

· കൃഷിആവശ്യത്തിനല്ലാതെ ഇന്ന് കുട്ടനാട്ടിലെ ഭൂമി മറിച്ചു വില്ക്കുന്നു! അവിടെ റിസോര്‍ട്ടുകളും മറ്റും സ്ഥാപിക്കപ്പെടുന്നു. കാര്‍ഷികോത്പന്നങ്ങളുടെ ലഭ്യത ഇല്ലാതാകുന്നു. ജന്മികുടും ബത്തിന് പുലരാന്‍ കുട്ടനാട്ടില്‍ വിളയുന്ന നെല്ലുതന്നെ വേണമെന്നില്ല..!!! എന്നാല്‍ കൃഷിഭൂമിയില്‍ പണിയെടുത്തു കഴിഞ്ഞിരുന്ന കുടിയാനോ?

6)....ആറാം ചതി

* ഭൂസംരക്ഷണം ഇഷ്ടദാനത്തിലൂടെ...!!!

കുടിയാന്മാര്‍ക്ക് കൃഷിഭൂമി മിച്ചഭൂമിയായി വിട്ടുകൊടുക്കാതെ സംരക്ഷിക്കണമെങ്കില്‍ ജന്മിക്ക് ഇഷ്ടപ്പെട്ട ആള്‍ക്ക് ദാനമായി കൊടുത്താല്‍ മതി...!!!! ഇങ്ങനെ മാറ്റുന്ന ഭൂമിക്ക് പരിധിയില്ല....!!!!

* 1970 ല്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഇഷ്ടദാന നിയമത്തില്‍ ഓരു ഭേദഗതി കൊണ്ടുവന്നു- 'ഇഷ്ടദാനമായി നല്കുന്ന ഭൂസ്വത്തുക്കള്‍ ഇനിമേലില്‍ മിച്ചഭൂമിയുടെ പരിധിയില്‍ വരില്ലെന്നായിരുന്നു അച്യുതമേനോന്‍ കൊണ്ടുവന്ന ഭേദഗതി. ഇഷ്ടദാനമായി ഒരാള്‍ എത്ര ഏക്കര്‍ ഭൂമി കൊടുത്താലും ഇഷ്ടദാനം സ്വീകരിച്ചയാല്‍ അയാള്‍ക്ക് കിട്ടിയ സ്വത്തില്‍ നിന്നും ഒരിഞ്ചു ഭൂമിപോലും മിച്ചഭൂമിയായി നല്‌കേണ്ടതില്ല!'

* കെ ആര്‍ ഗൗരിയമ്മയുടെ പ്രസ്താവന ' 1972 ല്‍ ബില്ലിലെ പ്രധാന വ്യവസ്ഥകളില്‍ മാറ്റം വരുത്തി ഇഷ്ടദാനത്തിന് സാധ്യതയുണ്ടാക്കിയത് സിപിഐക്കാരാണ്. അതിന്റെ മറവില്‍ ഏക്കര്‍ കണക്കിന് ഭൂമിയുടെ അവകാശം ജന്മികള്‍ ഉറപ്പിച്ചു. (മാധ്യം 2007 മാര്‍ച്ച് 28 പേജ് 7)'

* 1974 നവംബര്‍ അഞ്ചാം തിയതി കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് എന്‍ഡിപി നമ്പൂതിരിപ്പാട് ഇഷ്ടദാനഭേദഗതി ബില്‍ അസാധുവാക്കി.

* 1979 ജൂലൈ ആറാം തിയതി കേരള ഗവര്‍ണര്‍ ഓര്‍ഡിനന്‍സു വഴി 1970 മുതല്‍ 1974 വരെയുള്ള ഇഷ്ടദാനങ്ങള്‍ക്ക് നിയമ പ്രാധാന്യം നല്കി.

* അക്കാലത്ത് സി പി ഐ യുടെ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരായിരുന്നു.

* 12.10.1979 മുതല്‍ 1.12.1979 വരെ 52 ദിവസം മുസ്ലീം ലീഗിന്റെ സി എച്ച് മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1979 ഒക്ടോബര്‍ 22 ഇഷ്ടദാനബില്‍ കേരള നിയമസഭ പാസാക്കി!

ഓര്‍ക്കേണ്ട വസ്തുത: ഇഷ്ടദാനം വഴി ആരുടെ പേര്‍ക്കുവേണ മെങ്കിലും ഭൂമി കൈമാറാം. രക്തബന്ധമുള്ളയാള്‍ വേണമെന്നില്ല. അന്ന് ജന്മി സമുദായങ്ങളില്‍ മരുമക്കത്തായ സമ്പ്രദായമാണല്ലോ. ഇതനുസരിച്ച് നമ്പൂതിരിവീട്ടിലെ മൂത്ത മകന്‍ മാത്രമേ സ്വസമുദായത്തില്‍ നിന്ന് വിവാഹം കഴിക്കാന്‍ പാടുള്ളൂ. മറ്റുള്ളവര്‍ നായര്‍ സ്ത്രീകളുമായി സംബന്ധത്തില്‍ ഏര്‍പ്പെടാ റാണ് പതിവ്. ഇവരിലുണ്ടാകുന്ന കുട്ടികള്‍ക്ക് അച്ഛന്‍ നമ്പൂതിരിയുടെ സ്വത്തില്‍ യാതൊരവകാശവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇഷ്ടദാനബില്‍ പാസായതോടെ ഇങ്ങനെ ജനിച്ച പലരും ഭൂസ്വാമിമാരായി. ചില ജന്മിമാര്‍ ബിനാമി പേരിലാണ് താല്ക്കാലികമായി സ്വത്ത് രജിസ്റ്റര്‍ ചെയ്ത് മാറ്റിയത്. എന്നാല്‍ പ്രധാനമമ്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, ബിനാമി പേരിലുള്ള സ്വത്തുക്കള്‍ ബിനാമിക്കുതന്നെ കൊടുക്കണമെന്ന നിയമം കൊണ്ടുവന്നപ്പോള്‍ പല ബിനാമികളും യഥാര്‍ത്ഥ ഭൂസ്വാമിമാ രായി. ഈ നിയമം അട്ടിമറിക്കപ്പെട്ടു.

*ഒരു തൊഴിലാളിവര്‍ഗ ഗവണ്മെന്‌റാണ് ഈ തൊഴിലാളിവര്‍ഗ ത്തോട് ഈ ചതി ചെയ്തത്.

                          ( കടപ്പാട്  ഇടനേരം )