വെങ്ങാനൂർ:ഉജ്ജ്വലങ്ങളായ പോരാട്ടങ്ങളിലൂടെ പരിഷ്ക്കരിച്ച സമൂഹത്തെ പിന്നോട്ട് നടത്താനുള്ള ശ്രമത്തെ ചെറുക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെകട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. മഹാത്മ അയ്യൻകാളിയുടെ 84-മത് ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി അയ്യൻകാളി സ്മാരക യു.പി.സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച നവോത്ഥാന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചനീചത്വത്തിന്റെ ഉഗ്രശാസനകൾ ഉയർന്ന നാട്ടിൽ സാമൂഹിക നീതിക്ക് വഴിയൊരുക്കുന്ന ജാതി സെൻസസ് ഉൾപ്പെടെയുള്ള നിയമപരമായ പുതിയ സാധ്യതകളെ വരേണ്യ വിഭാഗം തടസപ്പെടുത്താൻ ശ്രമിക്കുകയാണ്. അനർഹമായി കൈവശം വച്ചിരിക്കുന്ന അധികാരത്തിന്റെയും , വിഭവങ്ങളുടേയും കണക്കുകൾ പുറത്ത് വരുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.
ശരിയായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ തുല്യതയ്ക്ക് വേണ്ടിയുള്ള പരിശ്രമങ്ങളാണ് പുതിയ കാലത്തെ അയ്യൻകാളി പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് പി.എ അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു ട്രഷറർ അഡ്വ.എ.സനീഷ്കുമാർ , വർക്കിങ്ങ് പ്രസിഡന്റ് ഡോ: ആർ. വിജയകുമാർ , കൈമനം ദീപുരാജ്, ഡി.ലൈല തുടങ്ങിയവർ സംസാരിച്ചു.








