Search This Blog

Friday, April 10, 2015

ശക്തിപ്രകടനത്തോടെ കെ.പി.എം::എസ്. സംസ്ഥാന സമ്മേളനത്തിന് തുടക്കം കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ:സംഘടനയുടെ കരുത്തുകാട്ടിയ ശക്തിപ്രകടനത്തോടെ കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ആവേശോജ്ജ്വല തുടക്കം. മഴയെ അവഗണിച്ച് ആയിരങ്ങളാണ് അവകാശപ്പോരാട്ടങ്ങളുടെ കഥപറഞ്ഞ പ്രകടനത്തിലൂടെ ആവേശമായി നീങ്ങിയത്. അയ്യങ്കാളിക്ക് മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയായ ഇ.എം.എസ്. സ്റ്റേഡിയത്തിലേക്ക് ഒഴുകിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനദീപം തെളിയിച്ചു. കെ.പി.എം.എസ്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

സംവരണംകൊണ്ട് എല്ലാം ആയി എന്ന് നമ്മള്‍ ധരിക്കരുത്. സംവരണം ഒരു അവസരം മാത്രമാണ്. അറിവുനേടി എല്ലാ സ്ഥാനത്തും അവകാശികളാകണം. അയ്യങ്കാളി ആഗ്രഹിച്ചതുപോലെ കെ.പി.എം.എസ്. ഓരോ ലക്ഷ്യവും നേടി മുന്നേറുകയാണ്. കെ.പി.എം.എസ്സിന് വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ച് യു.ഡി.എഫ്. സര്‍ക്കാര്‍ നീതി കാട്ടി. നിങ്ങള്‍ അര്‍ഹിക്കുന്നത് വൈകിയാണെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെല്ലാം നീതിയുടെ മാര്‍ഗം കാണിച്ച് ശക്തി തെളിയിച്ച് കെ.പി.എം.എസ്. മുന്നോട്ട് പോകുന്നത് സമൂഹത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതിക്കാരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും കൂടെയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചോദിച്ചതെല്ലാം കെ.പി.എം.എസ്സിന് നല്‍കിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്വാഗതപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞതോടെ സദസ്സില്‍ കൈയടി ഉയര്‍ന്നു. കെ.പി.എം.എസ്. പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായി. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ സഭാ സന്ദേശം നല്‍കി. കെ.സി. വേണുഗോപാല്‍ എം.പി., ആര്‍. രാജേഷ് എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, കെ.പി.വൈ.എം. പ്രസിഡന്റ് സാബു കാരശ്ശേരി, വിമല ടി.ശശി, സി.സി. ബാബു എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം 14ന് സമാപിക്കും.

                                            




 

No comments: