Search This Blog

Tuesday, June 28, 2016

ചരിത്രംകുറിച്ച വില്ലുവണ്ടി യാത്ര


       
കേരളത്തിന്‍റെ സാമൂഹ്യ-രാഷ്ടീയ-സാംസ്കാരിക -വിദ്യാഭ്യാസ  രംഗങ്ങളില്‍ വലിയ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അയ്യന്‍കാളി  ജീവിച്ചത്,   കുട്ടി പ്രായത്തില്‍ ആരുടെയും നിയന്ത്രണമില്ലാതെ ഓടിക്കളിച്ചുനടന്ന അയ്യന്‍കാളി യുവാവായി പുറത്തേയ്ക്കിറങ്ങി യപ്പോഴാണ് തന്നെ കാത്തുനില്‍ക്കുന്ന നിരോധനങ്ങളുടെ നീണ്ട പട്ടികയെപ്പറ്റി അറിയുന്നത്. അയ്യന്‍കാളി ജനിച്ചതും വളര്‍ന്നതും അദ്ദേഹത്തിന്റെ പിതാവിന്റെ സ്വന്തം സ്ഥലത്തായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അയ്യന് ജന്മിയായിരുന്ന പുത്തലത്തു പരമേശ്വരന്‍പിള്ള എട്ട് ഏക്കര്‍വരുന്ന പെരുങ്കാറ്റുവിള എന്ന കുന്ന് തന്റെ വേലയ്ക്ക് പ്രതിഫലമായി നല്‍കിയിരുന്നു. അനേകം ഏക്കര്‍ കാട് ജന്മിക്കുവേണ്ടി വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കിക്കൊടുത്തു എന്നതാണ് അയ്യന്‍ ചെയ്ത വേല. അതിന്റെ പ്രതിഫലമായി ഒരു കുന്ന് ചൂണ്ടിക്കാണിച്ച് അത് നീയും വെട്ടിത്തെളിച്ച് എടുത്തുകൊള്ളുക എന്ന അനുവാദം നല്‍കിയതിനെ യാണ് എട്ട് ഏക്കര്‍ ഭൂമി കൊടുത്തു എന്നുപറയുന്നത്. കാട് ഔദ്യോഗികമായി സര്‍ക്കാരിന്റേതാ ണെങ്കിലും നായര്‍ കയറി വെട്ടിത്തെളിച്ചാല്‍ ഒരു സര്‍ക്കാരും ചോദിക്കുകയില്ല. നായര്‍ സവര്‍ണ്ണനാണ്. എന്നാല്‍ ഈഴവനോ പുലയനോ പറയനോ അങ്ങനെ വെട്ടിത്തെളിച്ച് എടുക്കാന്‍ അവകാശമില്ല. അടുത്തുള്ള നായര്‍ അതു ചോദിക്കും. അങ്ങനെ ചോദിക്കാതിരിക്കാന്‍ ഒരു ഇടനിലക്കാരനായി അയ്യന്റെ ജന്മി നിന്നു എന്നുമാത്രം. എന്നാല്‍ പുലയരെ സംബന്ധിച്ച് അത് ഒരു ആദ്യാനുഭവമായിരുന്നു.

മറ്റു പുലയര്‍ക്ക് ആര്‍ക്കും ആ സൗകര്യം ലഭിച്ചിരുന്നില്ല. അയ്യന്‍കാളിക്ക് ആ എട്ട് ഏക്കറില്‍ സര്‍വതന്ത്രസ്വതന്ത്രനായി വിഹരി ക്കാമായിരുന്നു. അവിടെ നിന്നും പുറത്തിറങ്ങിയ പ്പോഴാണ് അദ്ദേഹത്തിന് നൂറുകൂട്ടം വിലക്കുകളെ അഭിമുഖീകരി ക്കേണ്ടി വന്നത്. ആ വിലക്കുകളാണ് യഥാര്‍ത്ഥത്തില്‍ അയ്യന്‍കാളിയെ 'അയ്യന്‍കാളി'യാ ക്കിയത്. അതില്‍ ആദ്യം അഭിമുഖീകരിക്കേണ്ടി വന്നത് സഞ്ചാര സ്വാതന്ത്ര്യനിരോധനമാണ്.  
രാജവിഥീകളിലുടെ  അവര്‍ണ്ണര്‍ക്കും മറ്റുള്ളവര്‍ക്കും സഞ്ചരിക്കാനുള്ള സാമൂഹ്യ വിലക്കുകളെ പരസ്യമായി ലംഘിക്കുകയായിരുന്നു അയ്യന്‍കാളിയുടെ ലക്ഷ്യം.അതിനു വേണ്ടി 1893-ല്‍ തമിഴ്നാട്ടില്‍ നിന്നും ഒരു വില്ലുവണ്ടി വിലയ്ക്കുവാങ്ങി മണികെട്ടിയ  വെള്ളക്കാളയെ പൂട്ടിയ  വില്ലുവണ്ടിയില്‍   സേനനായകന്‍റെ  ആജ്ഞശക്തിയേടെ രാജവിഥീയിലുടെ വില്ലുവണ്ടി പായിച്ച അയ്യന്‍കാളിയെന്ന വിപ്ലവകാരിയുടെ  ചരിത്രമാരംഭിക്കുന്നത്.

പിന്നെയാണ് അദ്ദേഹം അധഃസ്ഥിതരുടെ സഞ്ചാരസ്വാതന്ത്ര്യ ത്തിനുവേണ്ടി ശ്രമം തുടങ്ങിയത്. താന്‍ മാത്രം വഴിയിലൂടെ നടന്നാല്‍ പോരാ, തന്റെ സമുദായത്തില്‍പ്പെട്ട എല്ലാവര്‍ക്കും പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയണം. അദ്ദേഹം കുറച്ചു ദലിത്‌യുവാക്കളെ വിളിച്ചുകൂട്ടി അവര്‍ക്കു കായിക പരിശീലനം നല്‍കി. സവര്‍ണര്‍ തിരിച്ചടിക്കാന്‍ ശ്രമിക്കും എന്നദ്ദേഹത്തിനറി യാമായിരുന്നു. പുറത്തു നിന്നും കളരിയാശാന്മാരെ കൊണ്ടുവന്ന് അവരെ പഠിപ്പിച്ചു തയ്യാറാക്കി. 1898 ല്‍ അവര്‍ എല്ലാവരും ചേര്‍ന്ന് ആറാലുംമൂട് ചന്തയിലേയ്ക്ക് ഒരു യാത്ര നടത്തി. ചന്തയിലേയ്ക്കുള്ള പൊതുവഴിയിലൂടെത്തന്നെയാണവര്‍ നടന്നത്. അന്ന് പുലയര്‍ ഒരുസ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പോകേണ്ടത് കാട്ടിലും പള്ളയിലും മറ്റും കൂടിയാണ്. പൊതുവഴി ഉണ്ടെങ്കിലും അതുപയോഗിക്കാന്‍ അവര്‍ക്ക് അവകാശമില്ല. ബാലരാമപുരം ചാലിയത്തെരുവിലെത്തിയപ്പോള്‍ സവര്‍ണര്‍ അവരെ തടഞ്ഞു. ഏറ്റുമുട്ടലുണ്ടായി. ഒരു വലിയ ലഹള നടന്നു. രണ്ടു കൂട്ടര്‍ക്കും ധാരാളം മര്‍ദ്ദനമേറ്റു. ചോരചിന്തി. അയ്യന്‍കാളി ഒരടിയും പിന്നോട്ടു പോയില്ല. 

ചാലിയത്തെരുവ് ലഹള അയിത്തജാതിക്കാരില്‍ ആവേശമുണര്‍ ത്തി. എല്ലാ മുക്കിലും മൂലയിലും സഞ്ചാരസ്വാതന്ത്ര്യ ത്തിനു വേണ്ടിയുള്ള പ്രക്ഷോഭണം ആരംഭിച്ചു. മണക്കാട്, കഴക്കൂട്ടം, കണിയാപുരം, പള്ളിച്ചല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ദലിത്‌യു വാക്കള്‍ എന്തിനും തയ്യറായി മുന്നോട്ടിറങ്ങി തെരുവുകളിലൂടെ നടന്നു. സവര്‍ണരും പോലീസുകാരും അവരെ തടയാനും ശ്രമിച്ചു. അയ്യന്‍കാളി തന്നെ നാട്ടിലുടനീളം സഞ്ചരിച്ച് കഴിയുന്നിടത്തോളം സ്ഥലങ്ങളില്‍ നേരിട്ട് പോയി പ്രക്ഷോഭണത്തിന് നേതൃത്വം കൊടുത്തു. പണ്ട് സവര്‍ണരെ കാണുമ്പോള്‍ ഓടിരക്ഷപ്പെട്ടു കൊണ്ടിരുന്ന ദലിതര്‍ തിരിഞ്ഞു നില്‍ക്കുമെന്നായപ്പോള്‍ സവര്‍ണര്‍ സ്വയംപിന്‍മാറി. ശരീരത്തിന് കേടുപറ്റുകയും ശരീരം അയിത്തമാകുകയും ചെയ്യും. അങ്ങനെ നാഞ്ചിനാട് പ്രദേശത്ത് മൊത്തം അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം 19-ാം
 നൂറ്റാണ്ട് അവസാനിക്കുന്നതിന് മുമ്പായി അയ്യന്‍കാളി നേടിയെടുത്തു,
സാമൂഹിക നീതിക്ക് വേണ്ടിയുള്ള  പോരാട്ടത്തിന് തുടക്കം ആയിരുന്നു വില്ലുവണ്ടിയാത്ര.