Search This Blog

Wednesday, December 14, 2016

പൊട്ടിച്ചെറിഞ്ഞ കല്ലുമാല


കൊല്ലം  നഗരത്തിന് അടുത്തുള്ള പെരനാട്ടില്‍ 1915ല്‍ പുലയരും നായന്മാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലാണ് കല്ലുമാല  പ്രക്ഷോഭം അഥവാ  പെരിനാഥ ലഹള.നായര്‍ ജന്മിന്മാരുടെ വയലുകളില്‍ കൃഷിപ്പണിയാളരായിരുന്നു പുലയര്‍ അടിമത്വം നിറഞ്ഞ ജീവിതത്തെയും  ജോലിഭാരത്തെയുംകുറിച്ച്  ചിന്തിച്ചുതുടങ്ങിയത് അയ്യന്‍കാളിയുടെ  സമരസന്ദേശങ്ങള്‍ അറിഞ്ഞതോടുകൂടിയാണ്.അവര്‍ ആദ്യം പണികഴിഞ്ഞ് രാത്രികാലങ്ങളില്‍  കൂട്ടം ചേര്‍ന്നിരുന്ന്  ജീവിതപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങി. ഈ സംഭാഷണങ്ങള്‍ക്കെല്ലാം പുലയരെ പ്രാപ്തരാക്കുന്ന അവരുടെ ശക്തി ഗോപാലദാസാണെന്നു ജന്മികള്‍ അറിഞ്ഞു.പുലയരെ   സംഘം  ചേര്‍ക്കുന്നുണ്ടെന്നറിഞ്ഞ ജന്മിമാര്‍ കൊല്ലേരി  കൂരിനായര്‍  എന്ന  ചട്ടമ്പിയെ ഗോപാലദാസിനെ വകവരുത്തുന്നതിനായി നിയോഗിച്ചു. ഈ  ചട്ടമ്പിയുടെ  നേതൃത്വത്തിലുള്ള കൊലയാളി സംഘം  ദളിതരുടെ ആവാസകേന്ദ്രങ്ങളിലെല്ലാം കടന്ന് ചെന്ന് വഴക്കുകള്‍ സൃഷ്ടിച്ചു.തിരിച്ചടിക്കാതെ ജീവിതം നിലനിറുത്താനാവില്ലെന്ന് തിരിച്ചടിക്കാതെ ജീവിതം  നിലനിറുത്താനാവില്ലെന്ന്  തിരിച്ചറിഞ്ഞ പുലയര്‍ പെരിനാട് യോഗം  ചേര്‍ന്നു.ആ യോഗത്തിലേക്ക്  നായര്‍ ചട്ടമ്പികള്‍ ഇരച്ചുകയറി ആക്രമണം നടത്തി.ജന്മിമാര്‍ കണക്കാക്കിയതിലേറെ പുലയര്‍ യോഗത്തില്‍ പങ്കെടുത്തതുകൊണ്ടും അവരുടെ സംഘശക്തി അടിയുറച്ചു നിന്നതിനാലും നായര്‍പ്പട പരാജയം  ഏറ്റുവാങ്ങി.ഇതിന്  പ്രതികാരമെന്നോണം ജന്മിമാരുടെ  ഗുണ്ടാപ്പട പുലയരുടെ  കുടിലുകള്‍ക്ക് തീവെച്ചു.അന്നത്തെ പത്രങ്ങള്‍ പറയുന്ന  കണക്കനുസരിച്ച് പോലും  300  കുടിലുകള്‍  കത്തിനശിച്ചു.  അതോടെ  പുലയര്‍  ചിന്നിച്ചിതറി  സര്‍ക്കാരും  നിയമപാലകരും  ജന്മിപക്ഷത്ത്  നിലയുറപ്പിച്ചു.ഒാടി രക്ഷപ്പെട്ട  പുലയരില്‍ ചിലര്‍ അയ്യങ്കാളിയെ തേടിയെത്തി അയ്യന്‍കാളി പെട്ടെന്നു തന്നെ  പെരിനാട് എത്തി ആവാസമേഖലകളില്‍  നിന്ന്  പുറത്താക്കപ്പെട്ട പുലയര്‍ക്ക് മിഷന്സകൂള്‍  അഭയാര്‍ത്ഥിക്യാമ്പ്  ആരംഭിച്ചു  അവര്‍ക്ക്  വസ്ത്രവും  ആഹാരവും  നല്‍കുന്നതിനുള്ള ഉത്തരവാദിത്വവും  ഏറ്റടുത്തു

കൊല്ലത്ത് പുലയരുടെ  ഒരു യോഗം  വിളിച്ചുചേര്‍ത്ത് ചിന്നിപ്പോയ  സംഘശക്തി വീണ്ടെടുക്കാന്‍  അയ്യന്‍കാളി   ശ്രമിച്ചു.കൊല്ലത്ത് റയില്‍വേസ്റ്റേഷനു  സമീപമുള്ള  സര്‍ക്കസ്സ് നടത്തിക്കൊണ്ടിരുന്ന ഒരു കമ്പിനിയുടെ  കൂടാരത്തിലാണ്  യോഗം ചേര്‍ന്നത്.പുലയരുടെ  തിരുവിതാംകൂറിലെ  ആദ്യത്തെ യോഗമായിരുന്നു അത് (1915) ചങ്ങനാശ്ശേരി  പരമേശ്വരന്‍ പിള്ളയായിരുന്നു ,യോഗത്തിന്‍റെ  അദ്ധ്യക്ഷന്‍.

പുലയസ്ത്രീകള്‍ കല്ലയും  മാലയുമാണല്ലോ പണ്ടേ മുതല്‍  ധരിച്ചുവന്നത്. തെക്കന്‍  തിരുവിതാംകൂറില്‍  സാധുജന പരിപാലന സംഘത്തിന്‍റെ ശ്രമത്താല്‍ ഈ  ആഭരണം ഇപ്പോള്‍ ഒരു പുലയിയും അണിഞുവരുന്നില്ലെന്നും അവര്‍ റവുക്ക ധരിച്ച് അര്‍ദ്ധനഗ്നത്വത്തെ ദൂരീകരിച്ചിരിക്കുന്നുവെന്നും  പെരിനാട്ടുവെച്ച് അങ്ങനെ ചെയ്യുന്നതിനുള്ള വിരേധം കൊണ്ടാണ് ചില നായന്മാര്‍ വഴക്കുണ്ടാക്കിത്തീര്‍ത്ത തെന്നും  ഇപ്പോള്‍ മഹാസഭയില്‍വെച്ചു തന്നെ അക്കാര്യം നടത്തുന്നതിന്  നായര്‍ മഹാന്മാരോട് താന്‍ അനുവാദം ചോദിക്കുന്നുവെന്നും മി  അയ്യങ്കാളി പ്രസ്താവിച്ചു. ഈ സഭയില്‍ വെച്ചുതന്നെ കല്ലയും  മാലയും  അറുത്തുകളയുന്നതിന് ഈ  യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ്ണ സമ്മതമുണ്ടെന്ന് അദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള പ്രസ്താവിച്ചു. ഈ യോഗത്തില്‍ എത്തിച്ചേര്‍ന്ന എല്ലാ പുലയ സ്ത്രീകളും  ഉടനെ അവരുടെ മാല അറത്തുകളയുന്ന ജോലി  ധൃതിയില്‍ നടത്തി.
കല്ലമാല സമരമെന്നത് വെറും സമരമായിരുന്നില്ല. സ്വാതന്ത്ര്യ ത്തിനു ദാഹിച്ച ഒരു ജനതയുടെ ക്രോധത്തില്‍ നിന്നും ചിതറിവീണ തീപ്പൊരികളായിരുന്നു. സവര്‍ണമൂല്യങ്ങളുടെ കൊളോണി വല്‍ക്കരണത്തോടും സ്ത്രീശരീരത്തിന്റെ കൊളോണിവല്‍ക്കരണത്തോടും എതിരായ സാധുജനങ്ങളുടെ ശക്തമായ ചെറുത്തുനില്പായിരുന്നു പെരിനാട് കലാപം. മഹാത്മാവിന്റെ ഇടപെടലിനെക്കാള്‍ ആ പ്രദേശത്തുള്ളവരുടെ ഇടപെടലായിരുന്നു ആ കലാപത്തില്‍ അന്തര്‍ലീനമായിരുന്നത്
 പെരിനാട് കലാപത്തിലൂടെ സംഭവിച്ചത്. കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ-സാംസ്‌കാരിക വിപ്ലവമായിരുന്നു പെരിനാട്ടില്‍ സംഭവിച്ചത്. ഇത് തുടര്‍ന്ന് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുവാന്‍ വേണ്ട ആര്‍ജ്ജവവും ധ്രുവീകരണവും ആധുനിക കീഴാള ജനങ്ങള്‍ക്കുണ്ടാകണം. അതാണ് കൊല്ലം പെരിനാട് കലാപം നല്‍കുന്ന പാഠം.
                            നയലപം 2008 മാര്‍ച്ച്

Tuesday, December 13, 2016

അയ്യന്‍കാളിയുടെ പ്രജസഭ പ്രസംഗങ്ങള്‍


തിരുവിതാംകൂറില്‍ അഞ്ചു ലക്ഷത്തില്‍പ്പരം   അംഗസംഖ്യയുള്ള  സാധുജനപരിപാലനസംഘത്തെ  പ്രതിനിധിധാനം ചെയ്യുവാന്‍ പി.കെ ഗോവിന്ദപ്പിള്ളി  എന്നൊരു സവര്‍ണ്ണനെയാണ്  സര്‍ക്കാര്‍  നിയോഗിച്ചത്.  അദ്ദേഹമാണങ്കില്‍ സുഭാഷിണി  എന്നൊരു പത്രത്തിന്‍റെ അധിപരായിരുന്നു.ആ പത്രത്തിലാണെങ്കില്‍ ഒരിക്കല്‍  പോലും അവശതയനുഭവിക്കുന്ന  ജനവിഭാഗത്തെപ്പറ്റി  ഒരു വരി പോലും  പ്രത്യക്ഷപ്പെട്ടിട്ടില്ല.
1909-ല്‍  അയ്യാവുസ്വാമി  തുടങ്ങിവച്ച നിവേദനം  1911ല്‍  മാത്രമാണ്  ഫലപ്രാപ്തിലെത്തിയത് സാധുജന പരിപാലനസംഘത്തിന്‍റെ  ജനറല്‍ സെക്രട്ടറി  മാന്യരാജ ശ്രീ അയ്യന്‍കാളി അവര്‍കളെ തിരുവിതാംകോട്  ശ്രീമൂലം  പ്രജാസഭാമെമ്പറായി  നോമിനേറ്റു ചെയ്തിരിക്കുന്നു. 1എന്ന സര്‍ക്കാര്‍  പ്രഖ്യാപനം തിരുവിതാംകോട്  സര്‍ക്കാര്‍  ഗസറ്റിലൂടെ പുറത്തുവന്നതിന്‍റെ പിന്നില്‍ നിരന്തരമായ  സമര ചരിത്രം തന്നെയുണ്ട്.
അയ്യന്‍കാളി   അസംബ്ലിയില്‍   നടത്തിയ കന്നിപ്രസംഗം  പരിശോധിച്ചാല്‍  ചില പ്രത്യേകതകള്‍  കാണാന്‍ കഴിയും  കൃഷിചെയ്യുന്ന കര്‍ഷകത്തൊഴിലാളികള്‍  ഭൂരഹിതരാണ് സ്വന്തമായി  കൃഷിചെയ്യുന്നതിന്  അവര്‍ക്ക്  കൃഷിഭൂമി നല്കണമെന്ന്  ഈ നാട്ടില്‍  ആദ്യമായി വാദിച്ചത് അയ്യന്‍കാളിയല്ലാതെ മറ്റാരുമായിരുന്നില്ല.
 പുറമ്പോക്കുഭൂമി ദലിതര്‍ക്കു  പതിച്ചുകൊടുക്കണമെന്നും   അദ്ദേഹം ആവശ്യപ്പെട്ടു.ജാതിവ്യവസ്ഥയുടെയും തജ്ജന്യമായ  അയിത്താചാരത്തിന്‍റെയും  കരാളതകള്‍ക്കെതിരായി ദലിതര്‍ക്കു  വേണ്ടി  ശബ്ദമുയര്‍ത്തിയതും  അദ്ദേഹമായിരുന്നു.അദ്ദേഹം  ഒരു ജാതിയുടെയും വക്താവായിരുന്നില്ല.അദ്ദേഹത്തെ  പുലയരുടെ പ്രതിനിധിയായിട്ടാണ്  സര്‍ക്കാര്‍ ഗണിച്ചിരുന്നതെങ്കിലും   അദ്ദേഹം ഒരിക്കലും  ജാതിവാദിയായിരുന്നില്ല.തുല്യദുഃഖിതരായ എല്ലാവരും അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍. ഒരേ ജാതിയില്‍ പ്പെടുന്നവരാണ്
അദ്ദേഹം സാധുജന പരിപാലനസംഘത്തിന്‍റെ  ജനറല്‍ സെക്രട്ടറി  എന്നാ നിലയിലാണ്  പ്രജാസഭയിലേക്ക്  നോമിനേറ്റുചെയ്യപ്പെട്ടതെന്ന് അന്നത്തെ ഗസറ്റു നോട്ടിഫിക്കേഷന്‍  പരിശോധിച്ചാല്‍  മനസ്സിലാക്കാവുന്നതാണ്.

1912 ഫെബ്രുവരി 27-ാം തീയതി അധഃസ്ഥിതത്തിന്‍റെ  ശബ്ദം ശ്രീമൂലം പ്രജാസഭയില്‍ ആദ്യമായി മുഴങ്ങി തുടര്‍ന്നുള്ള രണ്ടു ദശവത്സരത്തിലേറെക്കാലം ശ്രീ  അയ്യന്‍കാളിയുടെ  ശബ്ദം അവജനവിഭാഗത്തിന്‍റെ സാമൂഹ്യവും  സാമ്പത്തികവുമായ  മോചനത്തിനായി  പ്രജാസഭ സമ്മേളനങ്ങളില്‍  മുഴങ്ങിക്കേട്ടു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഹരിജനങ്ങള്‍ക്ക് എത്രമാത്രം  ഗുണകരമായിരുന്നുവെന്ന്  വിലയിരുത്തുവാന്‍ അദ്ദേഹം  പ്രജാസഭയില്‍ ചെയ്ത പ്രസംഗങ്ങള്‍  ഒന്നു മാത്രമേ  ആവശ്യമുള്ളു.

തരിശുഭൂമി പതിച്ചുനല്‍കണം
ധനികന്മാരായ വസ്തു  ഉടമകള്‍ റവന്യു,വനം എന്നീ വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥന്മാരെ  സ്വാധീനിച്ച്  പുലയന്മാരെ പാര്‍പ്പിടങ്ങളില്‍നിന്നും തുരത്തിവിടുകയാണ്.പുതുവല്‍ഭൂമികള്‍  അവര്‍ക്കു  പതിച്ചുകൊടുക്കുന്നില്ല. ആയതിനാള്‍ ഒരു  പരീക്ഷണമെന്നോണം തരിശായിക്കിടക്കുന്ന  ഭൂമികളില്‍  ചിലത് പുലയര്‍ക്കു  പതിച്ചുതരുമാറാകണം(27.02.1912)

സ്കൂള്‍ പ്രവേശനം
തെക്കന്‍  തിരുവിതാംകൂറിലെ   ഏഴു സ്കൂളുകളില്‍  മാത്രമേ  പുലയക്കുട്ടികളെ  പ്രവേശിപ്പിട്ടുള്ളു.സംസ്ഥാനത്തെ  എല്ലാ സര്‍ക്കാര്‍  സ്കൂളുകളിലും പുലയക്കുട്ടികളെ  പ്രവേശിപ്പിക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു. (04.03.1912)
      
 വിദ്യാഭ്യാസാനുകൂല്യങ്ങള്‍

എല്ലാത്തരത്തിലും  പുലയരേക്കാള്‍ മുന്നോക്കം നില്‍ക്കുന്ന മുസ്ലീംങ്ങള്‍ക്കു നല്‍ക്കുന്ന  ആനുകൂല്യമെങ്കിലും  പൊതുവഴികള്‍ ഉപയോഗിക്കുന്നതിലും പൊതു കച്ചേരികളില്‍ ഹാജരാകുന്നതിലും  പലബുദ്ധിമുട്ടുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ് (04.03.1912)

പ്രജാസഭയിലെ അംഗത്വം

കോട്ടയം  ഡിവിഷനെ പ്രതിനിധീകരിക്കുവാന്‍  ഇപ്പോള്‍ സഭയില്‍ പുലയരാരും തന്നെയില്ലാത്തതിനാല്‍ അടുത്തവര്‍ഷം മുതല്‍ ഒരു മെമ്പറെക്കൂടിയെങ്കിലും  നാമനിര്‍ദ്ദേശം ചെയ്യണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു (13.02.1913)

ഉദ്ദ്യോഗം 
ഇപ്പോള്‍  പുലയരെ  ജോലിക്കു  ചേര്‍ക്കാവുന്നതായ  ഡിപ്പാര്‍ട്ടുമെന്‍റുകള്‍ വളരെ ചുരുക്കമാണെന്ന് എനിക്കായാം.എന്നാല്‍ സര്‍ക്കാര്‍ അച്ചുകൂടങ്ങളില്‍  ഇപ്പോള്‍ പീസ്  വര്‍ക്ക്  ചെയ്യുന്നവരെയും അക്ഷരം  ചേര്‍ക്കാന്‍ നല്ലതുപോലെ  അറിയാവുന്ന  മറ്റുള്ളവരെയും അവിടെ സ്ഥിരമായി  നിയമിക്കണമെന്നും _പൊതുമരാമത്തു വകുപ്പില്‍ കൂലിവേലക്കാരായി നിയമിച്ചിരിക്കുന്നവരില്‍ മതിയായ വണ്ണം വിദ്യാഭ്യാസമുള്ളവര്‍ക്കു മേസ്തിരി മുതലായ ജോലികള്‍ നല്‍കണമെന്നും വനവകുപ്പില്‍ ഗാര്‍ഡുമാരായും പുലയ വാര്‍ഡുകളുള്ള ആശുപത്രികളില്‍ വാര്‍ഡര്‍മാരായും നിയമിക്കണമെന്നും  അഭ്യര്‍ത്ഥിക്കുന്നു. (22.02.1913)

വിദ്യാഭ്യാസരംഗത്തെ ബുദ്ധിമുട്ടുകള്‍
ചില  പള്ളിക്കൂടങ്ങളിലെ  അധികൃതര്‍  നിസ്സാരകാരണങ്ങള്‍  പറഞ് പുലയക്കുട്ടികള്‍ക്ക് പ്രവേശനം_ നിഷേധിക്കുന്നത്  സങ്കടകരമാണ്,പുലയക്കുട്ടികള്‍ക്ക് ഒരിക്കല്‍ പ്രവേശനം നല്‍കിയ  സ്ഥലങ്ങളില്‍ പിന്നീട് യാതൊരു  ഉപദ്രവവുമില്ല.അതുകൊണ്ട്  മുമ്പുതന്നെ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിന് വിദ്യാഭ്യാസ  ഡയറക്ടര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും കര്‍ശനമായ  നിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷിക്കുന്നു് (26.02.1918)



വിദ്യാഭ്യാസകാര്യങ്ങളെക്കുറിച്ച് പഠനം നടത്തണം
സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരുന്നിട്ടുകൂടി ചില അദ്ധ്യാപകരും സുഹൃത്തുക്കളും  ചേര്‍ന്ന് പുലയക്കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശനം നല്‍കുന്നതിന് തടസ്സങ്ങള്‍  സൃഷ്ടിക്കുകയാണ് മാത്രമല്ല സര്‍ക്കാര്‍  ഉത്തരവുകള്‍ ഒരു തരത്തിലും അവഗണിക്കാന്‍ അവരെ അനുവദിക്കുവാന്‍ പാടില്ലാത്തതുമാണ്.ഇക്കാര്യത്തില്‍ ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയുണ്ടാകണമെങ്കില്‍ കുറ്റക്കാരായ ഒന്നുരണ്ട് അദ്ധ്യാപകരെയെങ്കിലും മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ് എന്‍റെ സമുദായങ്ങളുമായി പൊരുത്തക്കേടുകള്‍  ഉണ്ടാക്കാന്‍  ഇഷ്ടപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍  എന്‍റെ ആളുകള്‍ക്ക്  വിദ്യാഭ്യാസക്കാര്യത്തില്‍  അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പഠിച്ച് പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നതിനായി  വിദ്യാഭ്യാസവകുപ്പിലെ ഉത്തരവാദപ്പെട്ട ഒരു ഉദ്ദ്യോസ്ഥനെയും അദ്ദേഹത്തെ സഹായിക്കാനായി എന്‍റെ സമുദായത്തിന്‍റെ ഒരു പ്രതിനിധിയെയും ചുമതലപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു (22.02.1915)

ഫീസ് സൗജന്യം 
പുലയക്കുട്ടികള്‍  ഒരിക്കലും വൃത്തികേടായി സ്കൂളില്‍ പോകാറില്ല.അതുകൊണ്ട് വൃത്തിയില്ലെന്ന കാരണം പറഞ് സ്കൂള്‍ പ്രവേശനം നിഷേധിക്കുന്നത് ശരിയല്ല .പുലയക്കുട്ടികള്‍ക്ക് ഇപ്പോള്‍ പകുതി ഫീസ് സൗജന്യമേയുള്ളു.എന്നാല്‍ ഉയര്‍ന്ന സാമ്പത്തിക നിലവാരമുള്ള മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇപ്പോള്‍ പകുതി ഫീസ് സൗജന്യമുണ്ട് ഈ സാഹചര്യത്തില്‍ പുലയക്കുട്ടികള്‍ക്ക് മുഴുവന്‍ ഫീസും സൗജന്യം നല്‍കുമാറാണം (29.02.1915)
പുതുവല്‍ പതിച്ച് നല്‍കാന്‍ സ്പെഷ്യല്‍ ഓഫീസര്‍
വിളപ്പില്‍ പകുതിയില്‍ 500ഏക്കര്‍ പതിച്ചുകൊടുക്കാന്‍ ഉത്തരവായിട്ട് വര്‍ഷം പലതു കഴിഞുവെങ്കിലും അവര്‍ക്കു ഇതുവരെ അതു നല്‍കിയിട്ടില്ല.അക്കാരണത്തില്‍ ഭൂമി ഇപ്പോള്‍ മറ്റു ജാതിക്കാര്‍ കയ്യേറിയിരിക്കുകയാണ് തറവില കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാള്‍ അവര്‍ക്ക്  അത് ഒഴിവാക്കി കൊടുക്കണമെന്നു ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഒരു സ്പെഷ്യല്‍ ആഫീസറെ നിയമിക്കണമെന്നും അപേക്ഷിക്കുന്നു. (29.02.1916)

സ്കോളര്‍ഷിപ്പ് 
പുലയരായ അദ്ധ്യാപകര്‍ക്ക് സയന്‍സിലും കൃഷിയിലും  വ്യവസായത്തിലും പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക്  സ്കോളര്‍ഷിപ്പുകളും നല്‍കുന്നത് ഉചിതമായിരിക്കും.കുറ്റക്കാരായ ഉദ്ദ്യോഗസ്ഥന്‍മാര്‍ക്കെതിരെ  പുതുവല്‍ ഭൂമി പതിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്, മൂവായിരത്തില്‍പ്പരം അപേക്ഷകള്‍ കൊല്ലം,കോട്ടയം,ദേവികുളം എന്നീ ഡിവിഷനുകളിലെ പേഷ്ക്കാരന്‍ന്മാര്‍ക്ക് ലഭിച്ചുവെങ്കിലും ഒറ്റയാള്‍ക്കും  ഇതുവരെ ഭൂമി പതിച്ചു നല്‍കിയിട്ടില്ല ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കര്‍ശനമായ ശിക്ഷണനടപടികള്‍ കൈക്കള്ളേണ്താണ്  (18.09.1918)
                                      നയലപം 2008 മാര്‍ച്ച്

Sunday, December 11, 2016

പഞ്ചമി സ്വയം സഹായ സംഘം സംസ്ഥാന സമ്മേളനം

മിത്രമേ....
അടിസ്ഥാന സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന്റെയും, ദാരിദ്ര ലഘൂകരണ പ്രവർത്തനങ്ങളുടെയും സ്വാഭാവികമായ വളർച്ചയും തുടർച്ചയുമാണ് പഞ്ചമി
കോർപ്പറേറ്റ് മൂലധനതാല്പര്യത്തിന് കീഴ്പെട്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ, പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിയുന്നതും, സാമൂഹ്യനീതി ഉറപ്പാക്കുന്നതുമായ ഒരു ജനപക്ഷ വികസനസമീപനത്തെ മുന്നോട്ടു വയ്ക്കുകയാണ് ഈ പ്രസ്ഥാനം.
സംഘടിത ശക്തിയുടെ ബലത്തിനും, സ്ത്രീപദവിയുടെ മഹത്വത്തിനുമപ്പുറം സംരംഭങ്ങളിൽ ഏർപ്പെടാനും, സമ്പാദ്യശീലം-സ്വായത്തമാക്കാനും കഴിയുന്ന ഒരു സമൂഹം പാരമ്പര്യത്തിന്റെ കരുത്തും, പുതുകാലത്തിന്റെ -ഊർജവും പേറി മുന്നോട്ടു വരുകയാണ്.....
ശക്തി ദൗർബല്യങ്ങൾ വിശകലനം ചെയ്യാനും, അതിജീവനത്തിന്റെ പുതിയ പോരാട്ടങ്ങൾക്ക് ശക്തി പകരനുമായി ചേരുന്ന ഈ സവിശേഷ സമ്മേളനത്തിലേക്ക് ഏവരെയും ഹൃദയപുർവ്വം സ്വാഗതം ചെയ്യുന്നു.
സ്നേഹാദരങ്ങളോടെ,
പുന്നല ശ്രീകുമാർ
( ചെയർമാൻ )