Search This Blog

Thursday, October 25, 2018

യാഥാസ്ഥിതികരെ മുറിവേല്‍പ്പിക്കാതെ ഒരു സാമൂഹ്യമാറ്റവും ഉണ്ടാക്കാനായിട്ടില്ല • പുന്നല ശ്രീകുമാര്‍


ഗുരു തുടങ്ങിവച്ച നവോത്ഥാനത്തിന്റെ തുടർച്ച

 ശബരിമലയിലെ സ‌്ത്രീ പ്രവേശം സംബന്ധിച്ച‌് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി കേരളത്തിൽ ശ്രീനാരായണഗുരു തുടങ്ങിവച്ച സാമൂഹ്യ നവോത്ഥാനത്തിന്റെ തുടർച്ചയാണെന്ന‌് കെപിഎംഎസ‌് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ശ്രീനാരായണഗുരുവിന്റെ ആശയസമരത്തെ കേരളത്തിന‌് മുന്നോട്ടുകൊണ്ടുപോകാനായില്ല. അതുകൊണ്ടാണ‌് ദേവസന്നിധിയിലെ മാറ്റത്തിന‌് കോടതി നടപടി വേണ്ടിവന്നതെന്ന‌് അദ്ദേഹം ദേശാഭിമാനിയോട‌് പറഞ്ഞു. കേസിന്റെ വിചാരണവേളയിൽ ഫലപ്രദമായി വാദമുഖങ്ങൾ അവതരിപ്പിക്കാൻ അവസരം കിട്ടിയവർ തന്നെയാണ‌് ഇപ്പോൾ സമര രംഗത്തുള്ളതെന്നത‌് വൈരുധ്യമാണ‌്. അവസാന സാമ്രാജ്യവും  ഇല്ലാതാകുന്ന സവർണാധിപത്യത്തെ  താങ്ങിനിർത്താനുള്ള ശ്രമമാണ‌് ഇവർ നടത്തുന്നത‌്. യാഥാസ്ഥിതികരെ മുറിവേൽപ്പിക്കാതെ ഒരു സാമൂഹ്യമാറ്റവും ഉണ്ടാക്കാനായിട്ടില്ല.  ശ്രീനാരായണഗുരു തുടങ്ങിവച്ച സാമൂഹ്യ പരിഷ‌്കരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇന്ന‌് സമരമുഖത്തുള്ള ശക്തികൾ എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട‌്.  ദേവസ്വം ബോർഡിലെ പട്ടികജാതിക്കാരുടെ ഭരണ സാരഥ്യം, അബ്രാഹ്മണ ശാന്തിക്കാരുടെ നിയമനം തുടങ്ങിയവയെ ഇവർ എതിർത്തതാണ‌്.  ഇതൊന്നും ഇപ്പോഴും പൂർണമാക്കാൻ കഴിഞ്ഞിട്ടില്ല.  നിയമത്തിന്റെ പിൻബലത്തിലൊ പോരാട്ടങ്ങളിലൂടെയൊ  ആണ‌് അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങൾ ഇത്തരം അവകാശങ്ങൾ നേടിയെടുത്തത‌്. ഇപ്പോൾ സമരം ചെയ്യുന്നവരുടെ ഔദാര്യമല്ല ഇതൊന്നും.  പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗം സ‌്ത്രീകൾക്ക‌് വിശ്വാസി സമൂഹത്തിന്റെ ഭാഗമാകാൻ അവസരമൊരുക്കുന്ന  ചരിത്രപ്രധാനമായ വിധിയാണ‌് സുപ്രീംകോടതി പുറപ്പെടുവിച്ചത‌്.  ഇത‌് നടപ്പാക്കാൻ കേരളത്തിലെ പുരോഗമന സർക്കാർ ആർജവം കാട്ടണം. വൈകുന്നത‌് വിധിയുടെ അന്തഃസത്ത നഷ്ടമാകുന്നതിനും പലതരം തടസ്സങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകാൻ മുഴുവൻ പിന്നോക്ക അധഃസ്ഥിത  വിഭാഗങ്ങളുടെയും ഐക്യം രൂപപ്പെടേണ്ട കാലഘട്ടമാണിത‌്. വിധി നടപ്പാക്കാൻ വൈകിയാൽ ഇപ്പോൾ സമരരംഗത്തില്ലാത്ത ലക്ഷേ‌ാപലക്ഷം വിശ്വാസികളെ ഒരുമിച്ചുകൂട്ടി  പ്രക്ഷേ‌ാഭം  സംഘടിപ്പിക്കുന്നത‌് പരിഗണിക്കുമെന്ന‌് പുന്നല ശ്രീകുമാർ പറഞ്ഞു.