വൈക്കം: ശബരിമലയിൽ സ്ത്രീ പ്രവേശമാകാമെന്ന സുപ്രീംകോടതി നിരീക്ഷണം സ്വാഗതാർഹമാണെന്ന് കെ.പി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കേരള പുലയർ മഹിളാ ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് പൊതുസമൂഹം അംഗീകരിക്കണം. എല്ലാം ഈശ്വരന്റെ അല്ലെങ്കിൽ പ്രകൃതിയുടെ സൃഷ്ടിയാണെങ്കിൽ അതിൽ സ്ത്രീകളും ഉൾപ്പെടുമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഗൗരവമായി കാണണം. ഇക്കാര്യത്തിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് പുനഃപരിശോധിക്കണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദളിത് പീഡനങ്ങൾ കേരളത്തിൽ കുറഞ്ഞിരിക്കുന്നത് നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്വാധീനംമൂലമാണെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ലൈലാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജാ സതീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കുഞ്ഞുകുഞ്ഞമ്മ ജനാർദനൻ കണക്കും അവതരിപ്പിച്ചു. ഓമന വിജയകുമാർ, ശ്രിജിനി സജീവ്, എൻ.രമേശൻ, അഡ്വ. എ.സനീഷ് കുമാർ, ടി.എസ്.റെജികുമാർ, കെ.യു.അനിൽ, കാളികാവ് ശശികുമാർ, സുഭാഷ് എസ്.കല്ലട, പി.വി.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
മഹിളാ ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായി ലൈലാ ചന്ദ്രൻ (പ്രസി.), സാജി രാമചന്ദ്രൻ, പ്രിയദർശനി ഓമനക്കുട്ടൻ (വൈ.പ്രസി.), സുജാ സതീഷ് (ജന.സെക്ര.), പി.ജെ.സുജാത, പി.കെ.ഷൈനി (അസി.സെക്ര.), ഓമന വിജയകുമാർ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.