Search This Blog

Saturday, March 5, 2016

നവോത്ഥാന മൂല്യങ്ങള്‍ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കം ചെറുക്കും: പുന്നല ശ്രീകുമാര്‍

കൊല്ലം: ഉച്ചനീചത്വങ്ങള്‍ക്കും ഫ്യൂഡലിസത്തിനും എതിരായുള്ള പോരാട്ടങ്ങളാണ്‌ ഇന്നത്തെ സമൂഹസൃഷ്‌ടിക്കു കാരണമായിട്ടുള്ളത്‌. ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടി നവോത്ഥാന മൂല്യങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കം ചെറുക്കുമെന്ന്‌ കെ.പി.എം.എസ്‌. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ സില്‍വര്‍ ജൂബിലി സമ്മേളനം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തു വര്‍ധിച്ചുവരുന്ന ദലിത്‌-സ്‌ത്രീ പീഡനങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും ഇതിനായി നവോത്ഥാന പൈതൃകമുള്ള പ്രസ്‌ഥാനങ്ങളുടെ ഐക്യനിര രൂപപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.എം.എഫ്‌. സംസ്‌ഥാന പ്രസിഡന്റ്‌ കെ.കെ. വിനോമ്മ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ്‌. ജനറല്‍ സെക്രട്ടറി ബൈജു കലാശാല മുഖ്യപ്രഭാഷണം നടത്തി. സഭാനേതാക്കളായ പി.കെ. രജന്‍, പി. ശ്രീധരന്‍, എല്‍. രമേശന്‍, കെ.ടി. ധര്‍മരാജന്‍, സുനന്ദാരാജന്‍, വിമല ടി. ശശി എന്നിവര്‍ പ്രസംഗിച്ചു.








വിപ്ലവസ്മരണയില്‍ പെണ്‍കരുത്തറിയിച്ച് കെ.പി.എം.എഫ്. ഘോഷയാത്ര


പെരിനാട് വിപ്ലവത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയും മഹിളകളുടെ ശക്തി വിളിച്ചോതിയും പതിനായിരങ്ങള്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര കൊല്ലത്തിന് ചരിത്രമായി.കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ ശനിയാഴ്ച വൈകിട്ട് നടന്ന ഘോഷയാത്ര, സ്ത്രീശക്തി മാത്രമല്ല പുലയര്‍ സമുദായത്തിന്റെ കരുത്തും കാട്ടിത്തരുകയായിരുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും എഴുതിത്തള്ളാനാവാത്ത സംഘടിത ശക്തിയാണ് തങ്ങളെന്ന് പ്രകടമാക്കിയും മുദ്രാവാക്യങ്ങളിലൂടെ ഓര്‍മ്മിപ്പിച്ചും നീങ്ങിയ ഘോഷയാത്ര, പീരങ്കിമൈതാനത്തെ അയ്യങ്കാളി പ്രതിമയ്ക്കടുത്ത് ഒരുക്കിയ സമ്മേളന വേദിയിലെത്താന്‍ മണിക്കൂറുകളെടുത്തു.
കസവുസാരിയും പച്ച ബ്ലൗസുമിട്ട വനിതകള്‍ പതാകയും മുത്തുക്കുടയുമേന്തി ഇരുനിരകളിലായി ചിട്ടയായി നീങ്ങിത്തുടങ്ങിയത് ആശ്രാമം മൈതാനത്തുനിന്നായിരുന്നു. രാവിലെ മുതല്‍ വനിതാ പ്രവര്‍ത്തകര്‍ ആശ്രാമം മൈതാനത്തേക്ക് എത്താന്‍ തുടങ്ങിയിരുന്നു.
മുന്‍നിരയില്‍ ബാനറിന് പിന്നിലായി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നേതാക്കള്‍ നീങ്ങി. തൊട്ടുപിന്നാലെ അണികളായ പതിനായിരങ്ങളും. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയ അവര്‍ പതിവ് പ്രകടനക്കാരില്‍നിന്ന് വേറിട്ടുനിന്നു. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ, ജനറല്‍ സെക്രട്ടറി സുനന്ദരാജന്‍, ട്രഷറര്‍ വിമല ടി.ശശി, അസിസ്റ്റന്റ് സെക്രട്ടറി സുലത തുടങ്ങിയവര്‍ നയിച്ചു.
ചിന്നക്കട മേല്‍പ്പാലം വഴി പ്രവര്‍ത്തകര്‍ പീരങ്കി മൈതാനത്ത് എത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. അവര്‍ണപക്ഷ സ്ത്രീ സമൂഹത്തിന്റെ മോചനത്തിനും ശാക്തീകരണത്തിനും പോരാട്ടങ്ങള്‍ക്കുമുള്ള കര്‍മ്മ പദ്ധതികളിലൂടെ നീങ്ങുന്ന പുലയര്‍ മഹിളാ ഫെഡറേഷന്‍, പെരിനാട് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്നതിന്റെകൂടി ഭാഗമായാണ് ഘോഷയാത്രയും സമ്മേളനവും നടത്തിയത്.














സാമൂഹിക സമത്വമില്ലാതെ സാമ്പത്തിക സംവരണത്തിന് പ്രസക്തിയില്ല-പുന്നല ശ്രീകുമാര്


ശാസ്താംകോട്ട:സാമൂഹിക സമത്വമില്ലാത്തിടത്ത് സാമ്പത്തിക സംവരണത്തിന് പ്രസക്തിയില്ലെന്നും സാമൂഹികവും ജാതീയുമായ പിന്നാക്കവസ്ഥയാണ് സംവരണത്തിന്റെ മാനദണ്ഡമെന്നും കെ.പി.എം.എസ്. രക്ഷാധികാരി പുന്നലശ്രീകുമാര്‍ പറഞ്ഞു. മുന്‍ മന്ത്രിയും കെ.പി.എം.എസ്. നേതാവുമായിരുന്ന പി.കെ.രാഘവന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഭരണിക്കാവില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കെ.പി.എം.എസ്. പ്രസിഡന്റ് പി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ., ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.ആര്‍.പദ്മകുമാര്‍, കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി ബൈജു കലാശാല, ഡോ. പി.കെ.ഗോപന്‍, വി.ശ്രീധരന്‍, ടി.എസ്.രജികുമാര്‍, സാബു കാരിശ്ശേരി, കെ.സത്യാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


ഐക്യം കൊണ്ട് അവസരസമത്വം ഉണ്ടാകില്ല- പുന്നല ശ്രീകുമാര്‍


തിരുവല്ല:നൂറ്റാണ്ടുകളോളം നിലനിന്ന ഉച്ചനീചത്വങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് കേവലം ഐക്യത്തിലൂടെ അവസരസമത്വം ഉണ്ടാകില്ലെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണത്തിന്റെ അടിസ്ഥാന തത്വത്തില്‍ മാറ്റം വരുത്താനുള്ള ഒരു നീക്കവും അനുവദിക്കില്ല. നവോത്ഥാനപാരമ്പര്യമുള്ള എസ്.എന്‍.ഡി.പി.യെ പോലുളള പ്രസ്ഥാനങ്ങള്‍ മൂല്യങ്ങള്‍ കൈവെടിയരുതെന്ന് ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കെ.പി.വൈ.എം. പ്രസിഡന്റ് സാബു കാരിശ്ശേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി.ധര്‍മ്മജന്‍, സുധീന്ദ്രന്‍, പി.കെ.രാജന്‍, ബൈജു കലാശാല, എല്‍.രമേശന്‍, പി.ജനാര്‍ദനന്‍, രാജന്‍ തോട്ടപ്പുഴ, കെ.എന്‍.അച്യുതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.










നവോത്ഥാന സ്മൃതി സംഗമം

തിരുവനന്തപുരം:അധഃസ്ഥിത വിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് അയ്യങ്കാളിയുടെ ചിന്തകള്‍ പ്രചോദനമാകണമെന്ന് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
അയ്യങ്കാളിയുടെ 74-ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് വെങ്ങാനൂരില്‍ കെ.പി.എം.എസ്സിന്റെയും സാധുജന പരിപാലന സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നവോഥാന സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയ നവോഥാനത്തില്‍ അയ്യങ്കാളി നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍ അധ്യക്ഷനായി. സാധുജന പരിപാലന സംഘം ജനറല്‍ സെക്രട്ടറി സി.രജേന്ദ്രകുമാര്‍, കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍, സി.ദിവാകരന്‍ എം.എല്‍.എ., ജമീലാ പ്രകാശം എം.എല്‍.എ., ബി.ജെ.പി. ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്‍, ബൈജു കലാശാല, മാവേലിക്കര ഉണ്ണികൃഷ്ണന്‍, എന്‍. തങ്കപ്പന്‍, ആലംകോട് സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Photo:Dilush saji.




















സാമുദായിക സംവരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല- കെ.പി.എം.എസ്

ആലപ്പുഴ:സാമുദായിക സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍. കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം വേണമെന്നാണ് എന്‍.എസ്.എസ്. വാദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം അനുവദിച്ചില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് പറയുവാന്‍ എന്‍.എസ്.എസ്സിന് എന്ത് ധൈര്യമാണുള്ളത്? 
തൊഴില്‍ദാന പദ്ധതിയായും ദാരിദ്ര്യലഘൂകരണ പദ്ധതിയായും സംവരണത്തെ കാണരുത്. രാഷ്ട്രീയതുല്യതയും അവസരസമത്വവുമാണ് സംവരണത്തിന്റെ ലക്ഷ്യം. പാര്‍ലമെന്ററി രംഗത്തും ഉദ്യോഗമേഖലയിലും ഈ നേട്ടം കൈവരിക്കാന്‍ പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. അയിത്തത്തിന്റെ ദുരവസ്ഥ അനുഭവിച്ച സമുദായങ്ങള്‍ക്കാണ് ഭരണഘടനയില്‍ സംവരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സംവരണം നിര്‍ബന്ധമല്ലാത്ത ഇടങ്ങളില്‍ പട്ടികജാതിക്കാരെ തഴയുകയാണ്. സി.പി.ഐ.യുടെ നയരൂപീകരണ സമിതിയിലും സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലും പട്ടികജാതിക്കാരുടെ എണ്ണം പരിശോധിച്ചാല്‍ ബോധ്യമാകും. സംവരണമില്ലാത്തതിനാല്‍ സംസ്ഥാനത്തെ ഒന്‍പത് രാജ്യസഭാ സീറ്റില്‍ ദളിതരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തഴഞ്ഞു. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ആശയപരമായി സംഘടനയെ ശക്തിപ്പെടുത്തണമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി എല്‍.രമേശന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. 
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുന്നിശ്ശേരി അനുസ്മരണ പ്രമേയവും സി. സത്യവതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. വിജയന്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റ് സെക്രട്ടറി പി. സജീവ്കുമാര്‍ സ്വാഗതം പറഞ്ഞു. 


കടപ്പാട്:മാതൃഭൂമി,മലയാള മനോരമ,മംഗളം ദിനപത്രങ്ങൾ.