Search This Blog

Saturday, March 5, 2016

സാമുദായിക സംവരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല- കെ.പി.എം.എസ്

ആലപ്പുഴ:സാമുദായിക സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍. കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം വേണമെന്നാണ് എന്‍.എസ്.എസ്. വാദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം അനുവദിച്ചില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് പറയുവാന്‍ എന്‍.എസ്.എസ്സിന് എന്ത് ധൈര്യമാണുള്ളത്? 
തൊഴില്‍ദാന പദ്ധതിയായും ദാരിദ്ര്യലഘൂകരണ പദ്ധതിയായും സംവരണത്തെ കാണരുത്. രാഷ്ട്രീയതുല്യതയും അവസരസമത്വവുമാണ് സംവരണത്തിന്റെ ലക്ഷ്യം. പാര്‍ലമെന്ററി രംഗത്തും ഉദ്യോഗമേഖലയിലും ഈ നേട്ടം കൈവരിക്കാന്‍ പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. അയിത്തത്തിന്റെ ദുരവസ്ഥ അനുഭവിച്ച സമുദായങ്ങള്‍ക്കാണ് ഭരണഘടനയില്‍ സംവരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സംവരണം നിര്‍ബന്ധമല്ലാത്ത ഇടങ്ങളില്‍ പട്ടികജാതിക്കാരെ തഴയുകയാണ്. സി.പി.ഐ.യുടെ നയരൂപീകരണ സമിതിയിലും സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലും പട്ടികജാതിക്കാരുടെ എണ്ണം പരിശോധിച്ചാല്‍ ബോധ്യമാകും. സംവരണമില്ലാത്തതിനാല്‍ സംസ്ഥാനത്തെ ഒന്‍പത് രാജ്യസഭാ സീറ്റില്‍ ദളിതരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തഴഞ്ഞു. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ആശയപരമായി സംഘടനയെ ശക്തിപ്പെടുത്തണമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി എല്‍.രമേശന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. 
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുന്നിശ്ശേരി അനുസ്മരണ പ്രമേയവും സി. സത്യവതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. വിജയന്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റ് സെക്രട്ടറി പി. സജീവ്കുമാര്‍ സ്വാഗതം പറഞ്ഞു. 


കടപ്പാട്:മാതൃഭൂമി,മലയാള മനോരമ,മംഗളം ദിനപത്രങ്ങൾ.
















No comments: