Search This Blog
Monday, June 3, 2019
ഭരണഘടനാ മൂല്യം സംരക്ഷിക്കാന്‍ നവോത്ഥാന സംഘടനകള്‍ ഒരുമിക്കണം
തിരുവനന്തപുരം : ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ നവോത്ഥാന സംഘടനകൾ ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെ.പി.എം.എസിന്റെ 48-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച 'ഭരണഘടനയും ആചാര സംരക്ഷണവും" സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പരമാധികാരം വെല്ലിവിളി നേരിടുന്ന കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മതേതരത്വത്തിനെതിരെയുള്ള ഏത് വെല്ലുവിളിയെയും ചെറുത്ത് തോല്പിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങൾക്കുണ്ട്. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങൾ ഒരുമിച്ച് നിൽക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിശ്വാസ സംരക്ഷണത്തെ മുതലെടുക്കാനാണ് ശബരിമല വിഷയത്തെ ചിലർ ഉപയോഗിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളെ ഒരു തരത്തിലും അനുവദിക്കാനാവില്ലന്നും കടകംപള്ളി പറഞ്ഞു. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, മ്യൂസ് മേരി ജോർജ്, എസ്.പി. നമ്പൂതിരി, ലക്ഷ്മി രാജീവ് എന്നിവർ സംസാരിച്ചു. ശ്രീകല എം.എസ് മോഡറേറ്ററായി. അനിൽ അമര സ്വാഗതവും സുജ സതീഷ് നന്ദിയും പറഞ്ഞു.
മുന്നാക്ക സംവരണം വഴി പിന്നാക്കക്കാരെ അവഗണിക്കുന്നു • പുന്നല ശ്രീകുമാര്‍
മുന്നാക്ക സംവരണം വഴി പിന്നാക്കക്കാരെ അവഗണിക്കുന്നു • പുന്നല ശ്രീകുമാർ
തിരുവനന്തപുരം: മുന്നാക്ക സംവരണം അജൻഡയാക്കിയവർ പിന്നാക്ക വിഭാഗക്കാരെ അവഗണിക്കുകയാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ടാഗോർ തിയേറ്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിടുക്കത്തിൽ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ രാഷ്ട്രീയ വ്യത്യാസമില്ലാതെ പിന്തുണച്ചവർ പിന്നാക്ക വിഭാഗങ്ങളുടെ സ്വകാര്യമേഖല സംവരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉരുണ്ടുകളിക്കുകയാണ്. സാമ്പത്തികാവസ്ഥ സംവരണത്തിന്റെ മാനദണ്ഡമാകുന്നത് വഴി സംവരണത്തിന്റെ അന്തഃസത്തയാണ് ഇല്ലാതാകുന്നത്. നിലവിൽ നിയമമാക്കപ്പെട്ട മുന്നാക്ക സംവരണം സമ്പന്നർക്കുള്ള സംരക്ഷണമാകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ആലംകോട് സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയും വരവ് ചെലവ് കണക്ക് ട്രഷറർ എൽ. രമേശനും അവതരിപ്പിച്ചു. പി. ജനാർദ്ദനൻ, പി.കെ. രാജൻ, ബൈജു കലാശാല, എ. സനീഷ് കുമാർ, പി.വി. ബാബു എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 1112 പ്രതിനിധികൾ പങ്കെടുത്തു.
Subscribe to:
Posts (Atom)