മുന്നാക്ക സംവരണം വഴി പിന്നാക്കക്കാരെ അവഗണിക്കുന്നു • പുന്നല ശ്രീകുമാർ
തിരുവനന്തപുരം: മുന്നാക്ക സംവരണം അജൻഡയാക്കിയവർ പിന്നാക്ക വിഭാഗക്കാരെ അവഗണിക്കുകയാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ടാഗോർ തിയേറ്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിടുക്കത്തിൽ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ രാഷ്ട്രീയ വ്യത്യാസമില്ലാതെ പിന്തുണച്ചവർ പിന്നാക്ക വിഭാഗങ്ങളുടെ സ്വകാര്യമേഖല സംവരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉരുണ്ടുകളിക്കുകയാണ്. സാമ്പത്തികാവസ്ഥ സംവരണത്തിന്റെ മാനദണ്ഡമാകുന്നത് വഴി സംവരണത്തിന്റെ അന്തഃസത്തയാണ് ഇല്ലാതാകുന്നത്. നിലവിൽ നിയമമാക്കപ്പെട്ട മുന്നാക്ക സംവരണം സമ്പന്നർക്കുള്ള സംരക്ഷണമാകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ആലംകോട് സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയും വരവ് ചെലവ് കണക്ക് ട്രഷറർ എൽ. രമേശനും അവതരിപ്പിച്ചു. പി. ജനാർദ്ദനൻ, പി.കെ. രാജൻ, ബൈജു കലാശാല, എ. സനീഷ് കുമാർ, പി.വി. ബാബു എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 1112 പ്രതിനിധികൾ പങ്കെടുത്തു.
No comments:
Post a Comment