Search This Blog
Thursday, December 27, 2018
Sunday, December 23, 2018
ആചാരങ്ങളുടെ പേരിൽ നഷ്ടപ്രതാപം വീണ്ടെടുക്കൽ ചെറുക്കും •പുന്നല ശ്രീകുമാർ
ആചാരങ്ങളുടെ പേരുപറഞ്ഞ് നഷ്ടപ്രതാപം പുനഃസ്ഥാപിക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോവില്ലെന്ന് വനിതാമതിൽ സംഘാടകസമിതി കൺവീനറും കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ. ഈ ശ്രമം തുടരുന്നവർ കാട്ടിക്കൂട്ടുന്ന വിഭ്രാന്തികൾ കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പുലയർ മഹിളാ ഫെഡറേഷൻ(കെപിഎംഎഫ്) സംസ്ഥാന നേതൃസമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും മതിലാണ് ജനുവരി ഒന്നിന് കേരളത്തിൽ വനിതകൾ ഉയർത്തുന്നത്. പിന്നോക്ക വിഭാഗങ്ങളുടെ ഭരണപങ്കാളിത്തത്തിനു വേണ്ടി നടന്ന നിവർത്തന പ്രക്ഷോഭത്തിനും 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുമെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. ക്ഷേത്രപ്രവേശന വിളംബരം സംയുക്ത രാഷ്‌ട്രീയ സമിതിയിൽ മതപരമായ വേർതിരിവുകൾക്ക് ഇടയാക്കുമെന്ന വാദമാണ് അന്ന് ഉയർന്നത്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ നിർണായകമായ ഈ സംഭവങ്ങൾക്കെതിരെ പ്രതിരോധം തീർക്കാർ ശ്രമിച്ച യാഥാസ്ഥിതികത്തിന്റെ പിൻതുടർച്ചക്കാരാണ് കേരളത്തിലെ പുതിയ നവോത്ഥാന പരിശ്രമങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. ഇതിന് ജാതിയുടെയോ മതത്തിന്റെയോ വേർതിരിവില്ല. ഇതിനെ വർഗീയ മതിലെന്ന് ആക്ഷേപിക്കുന്നവർക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനമെന്നും പുന്നല ശ്രീകുമാർ പ്രഖ്യാപിച്ചു. വനിതാമതിലിൽ കെപിഎംഎഫിന്റെ അഞ്ചു ലക്ഷം വനിതകളെ അണിനിരത്താൻ നേതൃയോഗം തീരുമാനിച്ചു. ഇതിനായുള്ള പ്രവർത്തനങ്ങൾ താഴേതലം മുതൽ സജീവമാക്കാനും തീരുമാനിച്ചു. സംസ്ഥാന, ജില്ലാ, യൂണിയൻ, ശാഖാതലങ്ങളിലെ നേതൃരംഗത്തുള്ളവർ യോഗത്തിൽ പങ്കെടുത്തു. മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ലൈലാ ചന്ദ്രൻ അധ്യക്ഷയായി. കെപിഎംഎസ് വർക്കിങ് പ്രസിഡന്റ് പി ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. അസി. സെക്രട്ടറി ബൈജു കലാശാല, കെപിഎംഎഫ് ജനറൽ സെക്രട്ടറി സുജ സതീഷ്, ടി എസ് രജികുമാർ, ഓമന വിജയകുമാർ, പ്രിയദർശിനി ഓമനക്കുട്ടൻ, സാജി രാമചന്ദ്രൻ, ഷൈനി മോഹൻ, പി ജെ സുജാത, സുനു രാജു, പി ജി അമ്മിണി എന്നിവർ സംസാരിച്ചു.
വനിതാ മതിൽ ചരിത്രമാകും പുന്നല ശ്രീകുമാർ
വനിതാ മതിൽ ചരിത്ര സംഭവമാകുമെന്ന‌് പുന്നല ശ്രീകുമാർ പറഞ്ഞു. എന്തുകൊണ്ട് വനിതകളെ മുൻനിർത്തി മതിൽ എന്ന ചോദ്യം പല കോണിൽ നിന്നും ഉയരുന്നുണ്ട്.ഇന്ന് കേരളം മതിലിനെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. വനിതാ മതിൽ മലയാളിയുടെ മനസിൽ ഇതിനോടകം സ്ഥാനം പിടിച്ചു കഴിഞ്ഞു.മതിലെന്ന ആശയം രൂപപ്പെടുന്നത് നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയിൽ ഉയർന്ന ഒരു ചോദ്യത്തിൽ നിന്നാണ്. എന്തുകൊണ്ട് സ്ത്രീകളെ മുൻനിർത്തി ജീർണതയെക്കതിരെ പോരാട്ടം നടത്തിക്കൂടാ എന്നായിരുന്നു ചോദ്യം.
ജീർണതകളുടെ എല്ലാ നൊമ്പരങ്ങളും പേറുന്നത് സ്ത്രീകളായതുകൊണ്ടാണ് വനിതകളുടെ മതിൽ തീർക്കുന്നത്. സി കേശവന്റെ ഉജ്ജ്വല പ്രസംഗം നടന്ന കോഴഞ്ചേരിയാലാണ് യുവത വനിതാ മതിലിനൊപ്പം എന്ന യുവജന കമ്മീഷന്റെ സമ്മേളനം നടക്കുന്നത് എന്നത് ഏറെ പ്രസക്തമാണ്. നിർഭയനായ രാഷ്ടീയ പ്രവർത്തകനും , നീതിബോധമുളള ഭരണാധികാരിയും നിഷ്കളങ്കനായ മനുഷ്യനുമായിരുന്ന സി കേശവൻ നടത്തിയ പ്രസംഗം ഈ നാടിന്റെ ഹൃദയത്തിലാണ് പ്രതിധ്വനിച്ചത്. അതിന്റെ പേരിലദ്ദേഹം രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടു, എന്നത് ചരിത്രം. ശബരിമലയിൽ തീപിടുത്തമുണ്ടായപ്പോൾ ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്നു പറഞ്ഞതാണ് രാജ്യ ദ്രോഹിയായി അദ്ദേഹം ചിത്രീകരിക്കപ്പെടാൻ കാരണം.
കരം തീരുവ ഇല്ലാത്തവർക്ക് വോട്ടവകാശമില്ലാതിരുന്ന കാലത്ത് അതിനു വേണ്ടി നടത്തിയ പ്രക്ഷോഭത്തെ എതിർക്കാൻ കരം തീരുവ ഇല്ലാത്തവരും രംഗത്തിറങ്ങി എന്നതുംചരിത്രം.
ഒരു മതിലു കൊണ്ട് തീരുമോ ജീർണത എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നു. എന്നാൽ കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിന്റെ തുടക്കമായിരിക്കും വനിതാമതിൽ.
ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയും പുന്നല ശ്രീകുമാറും സൗഹൃദം പങ്കിടുന്നു. രാജു ഏബ്രഹാം എംഎൽഎ, എ പി ജയൻ, ചിന്താ ജെറോം, വീണാ ജോർജ് എംഎൽഎ തുടങ്ങിയവർ സമീപം
Subscribe to:
Posts (Atom)