ആചാരങ്ങളുടെ പേരുപറഞ്ഞ് നഷ്ടപ്രതാപം പുനഃസ്ഥാപിക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോവില്ലെന്ന് വനിതാമതിൽ സംഘാടകസമിതി കൺവീനറും കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ. ഈ ശ്രമം തുടരുന്നവർ കാട്ടിക്കൂട്ടുന്ന വിഭ്രാന്തികൾ കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പുലയർ മഹിളാ ഫെഡറേഷൻ(കെപിഎംഎഫ്) സംസ്ഥാന നേതൃസമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും മതിലാണ് ജനുവരി ഒന്നിന് കേരളത്തിൽ വനിതകൾ ഉയർത്തുന്നത്. പിന്നോക്ക വിഭാഗങ്ങളുടെ ഭരണപങ്കാളിത്തത്തിനു വേണ്ടി നടന്ന നിവർത്തന പ്രക്ഷോഭത്തിനും 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുമെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. ക്ഷേത്രപ്രവേശന വിളംബരം സംയുക്ത രാഷ്‌ട്രീയ സമിതിയിൽ മതപരമായ വേർതിരിവുകൾക്ക് ഇടയാക്കുമെന്ന വാദമാണ് അന്ന് ഉയർന്നത്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ നിർണായകമായ ഈ സംഭവങ്ങൾക്കെതിരെ പ്രതിരോധം തീർക്കാർ ശ്രമിച്ച യാഥാസ്ഥിതികത്തിന്റെ പിൻതുടർച്ചക്കാരാണ് കേരളത്തിലെ പുതിയ നവോത്ഥാന പരിശ്രമങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. ഇതിന് ജാതിയുടെയോ മതത്തിന്റെയോ വേർതിരിവില്ല. ഇതിനെ വർഗീയ മതിലെന്ന് ആക്ഷേപിക്കുന്നവർക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനമെന്നും പുന്നല ശ്രീകുമാർ പ്രഖ്യാപിച്ചു. വനിതാമതിലിൽ കെപിഎംഎഫിന്റെ അഞ്ചു ലക്ഷം വനിതകളെ അണിനിരത്താൻ നേതൃയോഗം തീരുമാനിച്ചു. ഇതിനായുള്ള പ്രവർത്തനങ്ങൾ താഴേതലം മുതൽ സജീവമാക്കാനും തീരുമാനിച്ചു. സംസ്ഥാന, ജില്ലാ, യൂണിയൻ, ശാഖാതലങ്ങളിലെ നേതൃരംഗത്തുള്ളവർ യോഗത്തിൽ പങ്കെടുത്തു. മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ലൈലാ ചന്ദ്രൻ അധ്യക്ഷയായി. കെപിഎംഎസ് വർക്കിങ് പ്രസിഡന്റ് പി ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. അസി. സെക്രട്ടറി ബൈജു കലാശാല, കെപിഎംഎഫ് ജനറൽ സെക്രട്ടറി സുജ സതീഷ്, ടി എസ് രജികുമാർ, ഓമന വിജയകുമാർ, പ്രിയദർശിനി ഓമനക്കുട്ടൻ, സാജി രാമചന്ദ്രൻ, ഷൈനി മോഹൻ, പി ജെ സുജാത, സുനു രാജു, പി ജി അമ്മിണി എന്നിവർ സംസാരിച്ചു.
No comments:
Post a Comment