Search This Blog

Wednesday, October 10, 2018

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണം; സമവായചര്‍ച്ചയുടെ ആവശ്യമില്ലെന്ന് പുന്നല ശ്രീകുമാര്‍


തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി എത്രയും പെട്ടെന്ന് നടപ്പിലാക്കുകയാണ് വേണ്ടതെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ അഞ്ചംഗം ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുക എന്നത് സംസ്ഥാന ഗവണ്മെന്റിന്റെ ഭരണഘടന ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
വിധി നടപ്പാക്കാന്‍ വൈകുന്നത് അതിന്റെ അന്തസത്തയെ ഇല്ലാതാക്കും. മാത്രമല്ല പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ക്ഷണിച്ചു വരുത്താന്‍ ഇടവരുത്തുകയും ചെയ്യുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
കെ.പി.എം.എസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി ചന്ദ്രശേഖര ശാസ്ത്രിയുടെ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തങ്ങളുടെ വാദഗതികള്‍ സമര്‍ത്ഥമായി കോടതിയില്‍ അവതരിപ്പിച്ചു പ്രതിസ്ഥാനത്തു നില്‍ക്കുന്ന ആളുകളുമായി കോടതി വിധി നടപ്പാക്കാന്‍ സമവായമുണ്ടാക്കുന്ന അപൂര്‍വ്വമായ ഒരു സ്ഥിതിവിശേഷമാണ് കേരളത്തില്‍ കാണുന്നത്.
കേരളത്തില്‍ തുടക്കമിടുകയും തുടര്‍ന്ന് വരുന്നതുമായിട്ടുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് കോടതിയുടെ ഈ വിധി. ആ വിധി നടപ്പിലാക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു പുരോഗമന സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടണം.

തെരുവിലുണ്ടാകുന്ന ആള്‍ക്കൂട്ടങ്ങളിലാണ് കോടതി വിധി നടപ്പാക്കുന്നതിന്റെ അടിത്തറ ഗവര്‍മെന്റ് കണ്ടെത്തുന്നതെങ്കില്‍ തെരുവിലിറങ്ങാത്ത ലക്ഷോപലക്ഷം ആളുകള്‍, വിശ്വാസികള്‍ തന്നെ -വിധിയുമായി ബന്ധപെട്ടു ഗവണ്മെന്റിന്റെ നീക്കങ്ങളെ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

ആത്മീയ രംഗത്ത് വിവേചനം അനുഭവിക്കേണ്ടിവന്ന, അല്ലെങ്കില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് കൂടി വിശ്വാസി സമൂഹത്തിന്റെ ഭാഗമാകാനുള്ള ചരിത്ര പ്രധാനമായ ഈ വിധിയെ നടപ്പിലാക്കുന്നതിന് വേണ്ടി കേരളത്തിലെ പുരോഗമന സര്‍ക്കാര്‍ തയ്യാറാകണം.
അയിത്തത്തെ നിയമം മൂലം നിരോധിക്കേണ്ടിവന്ന നാടാണ് നമ്മള്‍ നമ്മുടെ നാട് 1936ല്‍ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടാകുന്നതുവരെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടിരുന്ന അധഃസ്ഥിത വിഭാഗങ്ങളാണ് നമ്മുടെ നാട്ടിലുള്ളത് അതിപ്പോഴും പൂര്‍ണതോതില്‍ ആയിട്ടില്ല എന്നത് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.
ക്ഷേത്ര സന്നിധിയിലെ ഭരണ പ്രക്രിയയിലും അതുപോലെ തന്നെ താന്ത്രിക വിദ്യ അഭ്യസിച്ച ആളുകള്‍ക്ക് പൗരോഹിത്യത്തിലേക്കു കടന്നു വരുന്നതിനും നിയമത്തിന്റെ പിന്‍ബലം വേണ്ടിവന്ന നാടാണ് നമ്മുടെ നാട്.
അധഃസ്ഥിത വിഭാഗങ്ങളുടെ ആത്മീയ രംഗത്തെ സ്വാതന്ത്ര്യത്തിനു വേണ്ടി നിയമത്തിന്റെയും പോരാട്ടത്തിന്റെയും ആവശ്യകതയുണ്ടായ ഈ നാട്ടില്‍ 1888ല്‍ ആത്മീയ രംഗത്ത് ശ്രീനാരായണ ഗുരു തുടങ്ങിവച്ച വിപ്ലവ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഇന്നത്തെ ഈ ചരിത്രപ്രധാനമായ വിധിയെ നമ്മള്‍ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://www.doolnews.com/kpms-comment-on-sabarimala-verdict-343.html

No comments: