ചരിത്രം പരിശോധിച്ചാൽ അയിത്തത്തെ നിയമം മൂലം നിരോധിക്കേണ്ടിവന്ന നാടാണ് നമ്മുടേത്. 1936ൽ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടാകുന്നതുവരെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടിരുന്ന അധഃസ്ഥിത വിഭാഗങ്ങളാണ് നമ്മുടെ നാട്ടിലുള്ളത് അതിപ്പോഴും പൂർണതോതിൽ ആയിട്ടില്ല എന്നത് നമ്മൾ മനസിലാക്കേണ്ടതുണ്ട്. ക്ഷേത്ര സന്നിധിയിലെ ഭരണ പ്രക്രിയയിലും അതുപോലെ തന്നെ താന്ത്രിക വിദ്യ അഭ്യസിച്ച ആളുകൾക്ക് പൗരോഹിത്യത്തിലേക്കു കടന്നു വരുന്നതിനും നിയമത്തിന്റെ പിൻബലം വേണ്ടിവന്ന നാടാണ് നമ്മുടേത്. അധഃസ്ഥിത വിഭാഗങ്ങളുടെ ആത്മീയ രംഗത്തെ സ്വാതന്ത്ര്യത്തിനു വേണ്ടി നിയമത്തിന്റെയും പോരാട്ടത്തിന്റെയും ആവശ്യകതയുണ്ടായ ഈ നാട്ടിൽ 1888ൽ ആത്മീയ രംഗത്ത് ശ്രീനാരായണ ഗുരു തുടങ്ങിവച്ച വിപ്ലവ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇന്നത്തെ ഈ ചരിത്രപ്രധാനമായ വിധിയെ നമ്മൾ കാണേണ്ടതുണ്ട്.
ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ അതിലെടുക്കേണ്ട സമീപനങ്ങൾ ?
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തങ്ങളുടെ വാദഗതികൾ സമർത്ഥമായി കോടതിയിൽ അവതരിപ്പിച്ചു പ്രതിസ്ഥാനത്തു നിൽക്കുന്ന ആളുകളുമായി കോടതി വിധി നടപ്പാക്കാൻ സമന്വയമുണ്ടാക്കുന്ന അപൂർവമായ ഒരു സ്ഥിതിവിശേഷമാണ് കേരളത്തിൽ കാണുന്നത്. കേരളത്തിൽ തുടക്കമിടുകയും തുടർന്ന് വരുന്നതുമായിട്ടുള്ള നവോത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കോടതിയുടെ ഈ വിധി. അത് നടപ്പാക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുരോഗമന സർക്കാർ ആർജവം കാട്ടണം എന്നുള്ളതാണ് ഈ ഘട്ടത്തിൽ കെപിഎംഎസിനു പറയാനുള്ളത്.
വിധിക്കെതിരെ വിശ്വാസത്തിന്റെ പേരു പറഞ്ഞു തെരുവിൽ ഇറങ്ങുന്നവരോട് എന്താണ് പറയാനുള്ളത് ?
സവർണ രാഷ്ട്രീയത്തിന്റെ ആളാണെന്നും ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ ആളാണെന്നും രാഹുൽ ഈശ്വർ പറഞ്ഞിട്ടുണ്ടല്ലോ. അയാൾക്ക് ആ നിലപാടെ സ്വീകരിക്കാൻ കഴിയൂ. അതാണ് അയാൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നതും. ഞാൻ വിധിയുടെ പശ്ചാത്തലത്തിൽ മാത്രമല്ല, കുറേനാളുകളായി ഈ കാര്യങ്ങളിൽ നിലപാട് സ്വീകരിക്കുന്ന ഒരാളാണ്. അധഃസ്ഥിത വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വിശ്വാസി സമൂഹം ഒരിക്കലും ഔദാര്യമായി തന്നിട്ടുള്ള അവസരങ്ങളും ആനുകൂല്യങ്ങളും ഒന്നുമല്ല അവർക്ക് കിട്ടിയിട്ടുള്ളത്. അതിനെല്ലാം നിയമത്തിന്റെ പിന്തുണയുണ്ട്. പോരാട്ടത്തിന്റെ ചരിത്രവുമുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന പരിഷ്കരണത്തിനെതിരെ യാഥാസ്ഥികരുടെ പക്ഷം നിന്നുകൊണ്ട് അതിനു ശക്തി പകരേണ്ട കടമയില്ല.
കേരളം നവോത്ഥാനം എങ്ങനെയാണ് ആചാരങ്ങളോടും വിശ്വാസങ്ങളോടും പ്രതികരിച്ചത് ?
ശ്രീനാരായണ ഗുരു 1888ൽ അരുവിപ്പുറം പ്രതിഷ്ട ഒരു സമാന്തര വിശ്വാസധാര സൃഷ്ടിക്കുകയായിരുന്നു. ആരാധനാ സ്വാതന്ത്ര്യം ഇല്ലാത്തതുകൊണ്ട് ഗുരുദേവൻ അന്ന് ശിവപ്രതിഷ്ഠ നടത്തിയെങ്കിലും അന്ധവിശ്വാസ ജഢിലമായ തന്റെ സമൂഹത്തെ ഉദ്ധരിക്കണമെങ്കിൽ വിഗ്രഹങ്ങൾക്കാവില്ല എന്നും വിദ്യാലയങ്ങളാണ് വേണ്ടതെന്നും അദ്ദേഹത്തിന്റെ പ്രബോധനങ്ങളിലൂടെ ഉത്ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാറ്റമാണ് ഈശ്വരൻ എന്ന് പ്രഖ്യാപിക്കുകയും ആ മാറ്റത്തെ ഈശ്വരന് തുല്യമായി സ്ഥാപിക്കുകയും ചെയ്ത മഹാനായിരുന്നു ശ്രീനാരായണഗുരു. അത് അദ്ദേഹത്തിന്റെ പ്രബോധനങ്ങളിലും പ്രവർത്തിയിലും നമുക്ക് കാണാൻ കഴിയും.
മൂന്നു തിരിയുള്ള വിളക്ക് പ്രതിഷ്ഠിക്കുന്നു. അതിനു ശേഷം പഞ്ചലോഹത്തിൽ തീർത്ത പ്രഭ പ്രതിഷ്ഠിക്കുന്നു. അതിനു ശേഷം കണ്ണാടി പ്രതിഷ്ഠിക്കുന്നു. അതിനു ശേഷം കണ്ണാടിയിൽ നിന്ന് വിദ്യാലയങ്ങളിലേക്കു പോവുന്നു. അതുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗങ്ങളിലും പ്രയോഗങ്ങളിലും അദ്ദേഹത്തിന്റെ വാക്യങ്ങളും ആദരശങ്ങളും പിന്തുടരുന്നത്. ഗുരുദേവൻ അന്ന് തുടങ്ങിവച്ച ആശയ സമരം തുടർന്നിരുന്നുവെങ്കിൽ ഇപ്പോൾ ഹൈന്ദവ വിശ്വാസ ധാരയ്ക്ക് ഈ ഗതികേട് വരില്ലായിരുന്നു. മാറ്റമാണീശ്വരൻ. ആ മാറ്റം ഉണ്ടാവേണ്ടതുണ്ട്. ആ മാറ്റത്തിനനുസൃതമായി വിശ്വാസി സമൂഹവും പൗരോഹിത്യവും ഒക്കെ മാറേണ്ടതുണ്ട്. പക്ഷെ യാഥാസ്ഥിതികതയെ അരക്കിട്ടുറപ്പിക്കുന്ന ഇവരുടെ സമീപനം കുറെ ആളുകൾക്ക് ഇങ്ങനെ കഴിഞ്ഞു പോവുന്നതിനുള്ള അവസ്ഥ സൃഷ്ടിക്കുകയാണ്.
ആചാരം, വിശ്വാസം എന്നിവ അധഃസ്ഥിത ജനവിഭാഗത്തെ എങ്ങനെയാണ് ബാധിച്ചിട്ടുള്ളത്?
ഈ യാഥാസ്ഥികമായ അവസ്ഥ സൃഷ്ടിക്കുമ്പോൾ ഞാൻ പ്രതിനിധീകരിക്കുന്ന അധഃസ്ഥിത വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നങ്ങൾ ഉണ്ട്. അത്തരം കാര്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നില്ല. ശബരിമലയിലെ സ്ത്രീപ്രവേശനം മാറ്റിനിർത്തിയാലും കഴിഞ്ഞ എൽഡിഎഫിന്റെ കാലത്തു ജി സുധാകരൻ ദേവസ്വം ബോർഡിന്റെ ചുമതലയുള്ളപ്പോഴാണ് ദേവസ്വം ബോഡിൽ പട്ടികവിഭാഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നത്. അന്ന് എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തുവന്നു പറഞ്ഞു- "വിശ്വാസങ്ങൾ തകർന്നടിയും. ആചാരങ്ങൾ തകർന്നടിയും. അതുകൊണ്ടു ഇതനുവദിക്കരുത്"എന്ന്. അന്ന് ആ സർക്കാരും മന്ത്രിയും ആർജവത്തോടുകൂടി അത് നടപ്പാക്കി. കുറച്ചു കഴിഞ്ഞപ്പോൾ ജി സുധാകരൻ തന്നെ ചോദിച്ചു- ഇങ്ങനെയൊരു തീരുമാനമെടുത്തതുകൊണ്ടു ഏതെങ്കിലും ഏതെങ്കിലും ശ്രീകോവിലിൽ നിന്നു ഭഗവാൻ ഇറങ്ങിപ്പോയോ എന്ന്.
അന്ന് പട്ടിക വിഭാഗങ്ങൾക്ക് ദേവസന്നിധികളിൽ ഭരണപ്രക്രിയയിൽ പങ്കാളിത്തം കിട്ടുന്ന ഒരു ഘട്ടം വന്നപ്പോൾ ഉറഞ്ഞു തുള്ളിയവരാണ് യാഥാസ്ഥിതികർ. ഇപ്പോൾ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വന്നു. അതിൽ സംവരണവുമായി ബന്ധപ്പെട്ടു പ്രശ്നം വന്നപ്പോഴും ഈ പ്രതിസന്ധി നേരിട്ടിട്ടുണ്ട്. അതുപോലെ അബ്രാഹ്മണ ശാന്തിമാരെ (ശാസ്ത്രീയമായി താന്ത്രിക വിദ്യ പഠിച്ച് ഇന്റർവ്യൂവും എഴുത്തു പരീക്ഷയുമെല്ലാം കഴിഞ്ഞു യോഗ്യത നേടിയ) നിയമിക്കാൻ വന്നപ്പോഴും (ചെട്ടിക്കുളങ്ങരയിൽ നിയമനം കിട്ടിയ സുധികുമാർ ഈഴവ സമുദായത്തിൽ പെട്ടയാളാണ്) ദേവികോപം ഉണ്ടാവുമെന്ന് പറഞ്ഞു അവിടെ കേറ്റാൻ സമ്മതിച്ചില്ല. ദേവസ്വം ബോർഡ് തന്നെ ക്രമാസമാധാന പ്രശ്നം ഉണ്ടെന്നു പറഞ്ഞ് ആ ഉത്തരവ് ഉത്തരവ് റദ്ദ് ചെയ്തു. പിന്നീട് വലിയ പ്രതിഷേധത്തെ തുടർന്നാണ് അദ്ദേഹത്തെ നിയമിച്ചത്. നിയമനം കിട്ടിയതിനു ശേഷവും പോയി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകപോലും ചെയ്തു.
തിരുവല്ലയിൽ വളഞ്ഞവട്ടം എന്നൊരു ക്ഷത്രത്തിൽ യദുകൃഷ്ണൻ എന്ന ദളിത് വിഭാഗത്തിൽപ്പെട്ട പൂജാരിക്കും ഈ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. അത് ദേവസം ബോർഡിന്റെ ഭരണ പ്രക്രിയയിലാണെങ്കിലും ശ്രീകോവിലേക്കു കയറിവന്ന അധഃസ്ഥിതർക്കു നേരിടേണ്ടി വന്നതും ഇതുതന്നെയാണ്. അന്നൊന്നും ഈ വിശ്വാസി സമൂഹം ഇവിടെ ഉണ്ടായിരുന്നില്ല. പ്രതിഷേധിക്കാൻ ആരും ഒരു പ്രതികരണവും നടത്തിയില്ല. അതുകൊണ്ടു യാഥാസ്ഥിതികത അരക്കിട്ടുറപ്പിച്ചു അവരുടെ വ്യവസ്ഥ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ യഥാർത്ഥത്തിൽ നവോത്ഥാന പൈതൃകമുള്ള ഈ അധഃസ്ഥിത വിഭാഗങ്ങളെ സംബന്ധിച്ചു ഇപ്പോൾ അതിന്റെ കൂട്ടത്തിൽ നിന്നു ശക്തി പകരുന്നത് ജീർണതയാണെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ കേരളം തുടർന്നു വന്നൊരു നവോത്ഥാന പാതയുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളുടെ ഭരണ സാരഥ്യം കൊണ്ടുണ്ടായ പരിഷ്കരണവുമുണ്ട്. തീർച്ചയായും അത് മുന്നോട്ടു നയിക്കേണ്ടതുണ്ട്. അതിന് നവോത്ഥാന പൈതൃകം ഉള്ളവരും പുരോഗമന പ്രസ്ഥാനങ്ങളും എല്ലാം മുന്നോട്ടു നയിക്കണം എന്നാണ് എനിക്കും കെപിഎംഎസിനും പറയാനുള്ളത്. അതുകൊണ്ടു ചരിത്രപരമായ അടിത്തറയിൽ നിന്നുകൊണ്ടാണ് മുന്നോട്ടു നയിക്കാൻ ആഗ്രഹിക്കുന്നത്.
നാമജപയാത്രയിൽ സ്ത്രീകൾ തെരുവിലിറങ്ങുകയാണ്. തെരുവിൽ സമരം നടത്തി സർക്കാരിനെ കൊണ്ട് നടപ്പാക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ എന്താണ് സംഭവിക്കുക?
തെരുവിലാരാണ് സമരം ചെയ്യുന്നത് എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. നാട്ടിൻപുറത്തു പോലും ക്ഷേത്ര സംബന്ധിയായ വീടുകളിൽ നിൽക്കുന്നവരിലേക്കു ക്യാൻവാസു ചെയ്യുകയാണ്. നമ്മുടെ വിശ്വാസങ്ങളിൽ കേറി കൈവയ്‌ക്കുന്നു. ഇന്ന് അമ്പലത്തിനു മുമ്പിൽ നാമജപയാത്രയുണ്ട്. പെണ്ണുങ്ങളെ പിടിച്ചിറക്കുകയാണ്. പക്ഷെ നമ്മളിതിനെ ആശയപരമായി കാണുകയാണെങ്കിൽ ഈ നിൽക്കുന്ന ആൾക്കൂട്ടങ്ങളിൽ നല്ലൊരു ശതമാനവും പിരിഞ്ഞു പോവും. അതുകൊണ്ടു ഗവർമെന്റിനെ സംബന്ധിച്ചിടത്തോളം തെരുവിലെ ആൾക്കൂട്ടമാണ് കോടതി വിധി നടപ്പാക്കുന്നതിന് അവർ അടിത്തറയായി എടുക്കുന്നതെങ്കിൽ തെരുവിലിറങ്ങാത്ത ലക്ഷോപലക്ഷം ആളുകൾ, വിശ്വാസികൾ വീടുകളിലിരിപ്പുണ്ട്. വിധി നടപ്പാക്കണമെന്നു ആഗ്രഹിക്കുന്നവർ വിധിയുമായി ബന്ധപ്പെട്ടു ഗവണ്മെന്റിന്റെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെടാൻ സർക്കാർ തയ്യാറാവണം. അങ്ങനെയല്ലെങ്കിൽ പ്രത്യക്ഷമായി നമുക്ക് രംഗത്തിറങ്ങേണ്ടി വരും. വൈകിക്കിട്ടുന്ന നീതി അനീതിയാണ്. മാത്രവുമല്ല ഇവർ കൊടുക്കുന്ന ഏതു സാവകാശവും ഈ വിധിയെ അസ്ഥിരപ്പെടുത്തുന്നതിനു കാരണമാകും. അതുകൊണ്ടു തന്നെ സർക്കാർ എത്രയും പെട്ടന്ന് വിധി നടപ്പാക്കാനുള്ള കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്.
ഈയൊരു ഘട്ടത്തിലെങ്കിലും നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ തുടർച്ചകൾ ഉണ്ടാവേണ്ടതല്ലേ ?
എനിക്കൊരു വിഷമം ഉള്ളതെന്തെന്നാൽ ഞങ്ങളേക്കാൾ മുന്നിൽ നിൽക്കേണ്ട ഒരു സംഘടനയാണ് എസ്എൻഡിപി. അവരുടെ പാരമ്പര്യം അതാണ്. അങ്ങനെ പൈതൃകം ഉള്ളൊരു പ്രസ്ഥാനം, നിർഭാഗ്യമെന്നു പറയട്ടെ, അവസരവാദ നിലപാട് സ്വീകരിക്കുന്നു. അല്ലെങ്കിൽ മറ്റെന്തെങ്കിലും ഭൗതിക നേട്ടം നോക്കിനിൽക്കുന്നു. പക്ഷെ ആ പ്രസ്ഥാനത്തിനൊരു കടമയുണ്ട്. അത് ശ്രീനാരായണ ഗുരുവിന്റെയും ഡോക്ടർ പൽപ്പുവിന്റെയും കുമാരനാശാന്റെയും ഒക്കെ സംഘടന എന്ന നിലയിൽ വലിയ പ്രതീക്ഷ വയ്ക്കുന്നുണ്ട്. അതുപോലെ യോഗക്ഷേമ സഭ, വി ടി ഭട്ടതിരിപ്പാട് ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകൾ ഇല്ലായിരുന്നങ്കിൽ എന്താകുമായിരുന്നു അവസ്ഥ.
അന്ന് നമ്പൂതിരി കുടുബങ്ങളിൽ ഉണ്ടായിരുന്നത് അകത്തളങ്ങളിൽ പുറംലോകത്തിന്റെ വെളിച്ചം കാണാതെ കിടന്ന സ്ത്രീകളും സംബന്ധം കൂടിയിട്ട് ഇല്ലങ്ങളിലേക്കു മടങ്ങാൻ കഴിയാത്ത നമ്പൂതിരിമാരുമായിരുന്നു. അത്രയും ജീർണത ആ സമൂഹത്തിലുണ്ടായിരുന്നു. അപ്പോൾ അന്നദ്ദേഹം പറഞ്ഞത് യാഥാസ്ഥിതികതയുടെ പൂണൂല് പൊട്ടിച്ചെറിയണം എന്നായിരുന്നു. മാത്രമല്ല, നമ്പൂതിരി മനുഷ്യനായി ജീവിതപാതയിലൂടെ നടക്കുന്ന കാലമുണ്ടാവണം എന്ന വാക്കുകളൊക്കെ നമുക്ക് വിസ്മരിക്കാൻ പറ്റുമോ?. അധഃസ്ഥിത സമൂഹത്തിനു ലഭ്യമായതൊന്നും യാഥാസ്ഥിതിക സമൂഹത്തിന്റെയോ വിശ്വാസി സമൂഹത്തിന്റെയോ ഔദാര്യമോ സംഭാവനയോ ആയിരുന്നില്ല. യാഥാസ്ഥികതയ്ക്കു പരിക്കേൽക്കാതെ പരിഷ്കരണം സാധ്യമല്ല. അതുകൊണ്ടു അധഃസ്ഥിത വിഭാഗങ്ങൾ ഒന്നിച്ചു നിൽക്കേണ്ട ഘട്ടമാണിത്. നിർഭാഗ്യമെന്നു പറയട്ടെ, അതുണ്ടാവുന്നില്ല. വിധി നടപ്പാക്കാൻ സർക്കാർ വിമുഖത പുലർത്തുകയാണെങ്കിൽ സമാന ചിന്താഗതിക്കാർ യോജിച്ചു പ്രത്യക്ഷ കാര്യങ്ങളിലേക്ക് പോവണം എന്നു തന്നെയാണ് കെപിഎംഎസ് കരുതുന്നത്.
Story by
KK Sisilu
( http://ml.naradanews.com/category/interview/an-interview-with-punnala-sreekumar-on-sabarimala-women-entry-and-controversies--544295 )
1 comment:
നവോത്ഥാന ധാരയുടെ ഏറ്റവും സക്രിയവും സർഗ്ഗാത്മകവുമായ നിലപാട്. ഏറ്റവും ശ്രദ്ധേയമായത് ദളിതർ നേടിയെടുത്ത അവകാശങ്ങൾ ചരിത്രപരമായ പോരാട്ടങ്ങളുടേതും തിരിച്ചറിവുകളുടേതുമാണെന്ന കാഴ്ചപ്പാടാണ്. സവർണ യാഥാസ്ഥിതികരുടെ ഔദാര്യമല്ലെന്ന രാഷ്ടീയ ബോധ്യമാണ് മറ്റൊന്ന്. കേരളത്തിലെ സവർണ രാഷ്ട്രീയ നേതൃത്വങ്ങളും സവർണ യാഥാസ്ഥിക പൊതുസമൂഹവും പരിഷ്കരണത്തിന് ഇനിയും വിധേയമായില്ലെങ്കിൽ ദളിതരുടെ കർതൃത്വത്തിൽ അവർ പരിഷ്കകരിക്കപ്പെടേണ്ടതുണ്ടെന്ന കാഴ്ചപ്പാട് പൊതു സവർണസമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കേണ്ട ബാധ്യത ദളിതർക്കണ്ടെന്നു തന്നെയാണ് രാഷ്ട്രീയസത്യം. ഈ അഭിപ്രായത്തിലൂടെ പുന്നല ശ്രീകുമാർ ചരിത്രമായി മാറിയിരിക്കുന്നു
Post a Comment