തിരുവനന്തപുരം:സംവരണം അട്ടിമറിക്കാൻ ഇനിയും ശ്രമങ്ങൾ തുടർന്നാൽ പട്ടേൽ മോഡൽ സമരത്തിനു തുടക്കം കുറിക്കുമെന്നു കേരള പുലയർ മഹാസഭ (കെപിഎംഎസ്) രക്ഷാധികാരി പുന്നല ശ്രീകുമാർ. രാജ്യത്തു വർധിച്ചുവരുന്ന ദലിത് പീഡനങ്ങൾക്കെതിരെയും സംവരണ അട്ടിമറി നീക്കങ്ങൾക്കെതിരെയും ലക്ഷങ്ങളെ അണിനിരത്തി കെപിഎംഎസ് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അസഹിഷ്ണുത വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നവോത്ഥാന പോരാട്ടങ്ങൾക്കു മാതൃകയാകുന്ന കെപിഎംഎസിന്റെ പ്രക്ഷോഭം ദേശീയതലത്തിലേക്കു വ്യാപിപ്പിക്കുമെന്നും ഇനി സമരങ്ങളുടെ വേദി ഡൽഹിയാണെന്നും പുന്നല പറഞ്ഞു. വർഗീയ ഫാസിസ്റ്റുകളുടെ ചട്ടുകമായി പ്രവർത്തിക്കാൻ നവോത്ഥാന ചിന്തകളെ മുറുകെപ്പിടിക്കുന്ന സമുദായ ജനത നിന്നുകൊടുക്കില്ല. ഒരു രണ്ടാം നവോത്ഥാനത്തിനു കേരളം തയാറാകണം.
മതേതര ഐക്യമാണ് ഉണ്ടാകേണ്ടത്. ഭൗതികനേട്ടങ്ങൾക്കു വേണ്ടി നവോത്ഥാന മൂല്യങ്ങൾ കെപിഎംഎസ് അടിയറവയ്ക്കില്ല. നാടിന്റെ പൊതുമുതൽ കോർപറേറ്ററുകൾക്കു കാഴ്ചവയ്ക്കപ്പെടുകയാണ്. നാളത്തെ തലമുറയ്ക്കു വേണ്ടിയാണ് ഈ പ്രക്ഷോഭം. യൂദാസിന്റെ ജോലി ചെയ്യുന്നവരെ കാലം കീറത്തുണിയായി കാറ്റിൽപ്പറത്തും. പട്ടികവർഗക്കാരൻ ഉത്തരേന്ത്യയിൽ വെന്തുമരിക്കുന്ന അവസ്ഥയ്ക്കു തങ്ങളുടെ പ്രതിഷേധം വഴി മാറ്റമുണ്ടാകും–അദ്ദേഹം പറഞ്ഞു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി അഭിവാദ്യം അർപ്പിച്ചു. ജനറൽ സെക്രട്ടറി ബൈജു കലാശാല, എൻ. രമേശൻ, പി. ജനാർദനൻ, പി. സജീവ് കുമാർ, പി.എ. വേണു, ടി.എസ്. രവികുമാർ, സുജാ സതീഷ്, സാബു കരിശ്ശേരി എന്നിവർ പ്രസംഗിച്ചു. കിഴക്കേക്കോട്ടയിൽ നിന്നാണു മാർച്ച് ആരംഭിച്ചത്. മാർച്ചിന്റെ മുൻനിര രാജ്ഭവന്റെ മുന്നിലെത്തി മണിക്കൂറുകൾക്ക് ശേഷവും കിഴക്കേക്കോട്ടയിൽ നിന്ന് അവസാന നിര ആരംഭിച്ചിരുന്നില്ല
No comments:
Post a Comment