Search This Blog

Monday, April 4, 2016

മാധ്യമ മേഖലകളില്‍ ദലിതര്‍ അവഗണിക്കപ്പെടുന്നു: കെപിഎംഎസ്

കൊച്ചി: സംസ്ഥാനത്തെ മാധ്യമ മേഖലകളില്‍ ദലിതര്‍ അവഗണിക്കപ്പെടുകയാണെന്ന് കെപിഎംഎസ് സംസ്ഥാന സമ്മേളനം. മാധ്യമങ്ങളില്‍ ദലിതരായ പത്രപ്രവര്‍ത്തകരെ കാണാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചന്ദ്രദാന്‍ പ്രസാദ് പറഞ്ഞു. മാധ്യമങ്ങളില്‍ ദലിത് സമീപനങ്ങള്‍ കാഴ്ചവെക്കുന്നുണ്ടെങ്കിലും ദലിത് വിഷയങ്ങള്‍ ഉയര്‍ത്തി കാട്ടുന്നതില്‍ പരാജയമാണ്. മുമ്പ് ദലിത് പീഡനമെന്ന് മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. എന്തുകൊണ്ട് പത്രദൃശ്യ മാധ്യമങ്ങള്‍ ദലിതരുടെ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കുന്നുവെന്നും ചന്ദ്രദാന്‍ പ്രസാദ് ചോദിച്ചു.
സാമൂഹിക നീതി ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയല്ല മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. ആദര്‍ശത്തില്‍നിന്ന് മാറിയുള്ള മാധ്യമ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അവഗണനകളെ തരണം ചെയ്ത് ദലിതര്‍ മുന്നേറണം. സി.കെ. ജാനുവിനെ മാധ്യമങ്ങള്‍ അവഗണിച്ചു, പിന്നീട് അവരുടെ സമരം ശക്തമായപ്പോഴാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ദലിത് പത്രപ്രവര്‍ത്തകരും അവര്‍ക്ക് പത്രവുമില്ലെന്ന് അഡ്വ. ജയശങ്കര്‍ പറഞ്ഞു. രാഷ്ട്രീയ വിലപേശല്‍ ശക്തി ദലിത് സംഘടനകള്‍ക്കില്ലെന്നും രോഹിത് വെമുല വിഷയത്തില്‍ മുതല കണ്ണീരൊഴുക്കിയ പത്രങ്ങള്‍ ഫാറൂഖ് കോളെജ് വിഷയത്തില്‍ എന്ത് നിലപാടാണ് കൈകൊണ്ടതെന്നും കുറ്റപ്പെടുത്തി. ആര്‍. പാര്‍വതി ദേവിയും സംസാരിച്ചു. സെമിനാറില്‍ സണ്ണി എം. കപ്പികാട് മോഡറേറ്ററായി.

No comments: