Search This Blog

Monday, April 3, 2017

ആമചാടി തേവന്‍ വൈക്കം സത്യാഗ്രഹത്തിലെ അണയാത്ത ജ്വാല


കേരളത്തിലെ സഞ്ചാരസ്വാതന്ത്ര്യ സമരത്തിലെ    ഉജ്വലമായ ഒരു സമരമായിരുന്നല്ലോ 1924 മാര്‍ച്ച് മുതല്‍ 1925 നവംബര്‍ വരെ വൈക്കത്തു നടന്ന വൈക്കം സത്യാഗ്രഹം.  സമരത്തിലെ അവഗണിക്കാനാവാത്ത ഒരു സമരഭടനായ ആമചാടി കണ്ണന്‍ തേവനെ ചരിത്രവും കാലവും വിസ്മരിച്ചിരിക്കുന്നു. വൈക്കം സത്യാഗ്രഹ ചരിത്രത്തിലെ ധീരനായ ആ വിപ്ലവകാരിയെ കേരള സാമൂഹിക ചരിത്രം ഇന്നേവരെ വായിച്ചെടുത്തിരുന്നില്ല.
ആലപ്പുഴ ജില്ലയിടെ ചേര്‍ത്തല താലൂക്കില്‍ പെരുമ്പളം ദ്വീപില്‍ നിന്നും എറണാകുളം വൈക്കം റൂട്ടില്‍ പൂത്തോട്ട എന്ന സ്ഥലത്തുവന്ന് ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളുടെ സംഗമഭൂമിയായ വേമ്പനാട്ടുകായലിന്റെ ഒരു തുരുത്തായ ആമചാടിത്തുരുത്തില്‍ താമസമാക്കിയ വ്യക്തിയായിരുന്നു കണ്ണന്‍ തേവന്‍

ആമചാടി തുരുത്തിന്റെ ആകെ വിസ്തീര്‍ണം 56 ഏക്കര്‍ ആയിരുന്നു. ആ തുരുത്ത് വെട്ടിത്തെളിച്ച് കണ്ണന്‍ തേവന്‍ കുടില്‍ കെട്ടി
തുരുത്തില്‍ തേവന്‍റെ  അദ്ധ്വൊനം കൊണ്ട്   അവിടെ  പൊന്നുവിളയിച്ചു. ഈ  കാലഘട്ടത്തില്‍   പുലയരടക്കമുള്ള   അധഃസ്ഥിത  വര്‍ഗത്തിന്   ക്ഷേത്രപ്രവേശനമോ, ക്ഷേത്ര പരിസരത്ത് കൂടിയുള്ള വഴികളില്‍  കൂടി  സഞ്ചരിക്കുന്നതിനോ  സവര്‍ണ്ണ സമുദായങ്ങള്‍   അനുവദിച്ചിരുന്നില്ല. അയിത്താചാരത്തിനെതിരെ കോണ്‍ഗ്രസ്സ്  നേതാക്കളായ  കെ പി കേശവ മേനോന്‍,  ടി  കെ  മാധവന്‍, കുറൂര്‍  നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ   നേതൃത്വത്തില്‍   പ്രചരണം നടത്തികാണ്ടിരുന്ന  കാലമായിരുന്നു.അങ്ങനെ   ഈ  നേതാക്കള്‍ വൈക്കത്ത്  എത്തിച്ചേരുകയും വൈക്കം  ക്ഷേത്രത്തിന്‍റെ  സമീപത്ത് കൂടിയുള്ള വഴിയില്‍  കൂടി പുലയരടക്കമുള്ള അയിത്ത ജാതിക്കകാര്‍ക്ക്  സഞ്ചാര  സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നത്  അറിയുകയും ചെയ്തു, വൈക്കത്ത് എത്തിയ നേതാക്കള്‍ ആമചാടി തേവനുമായി  ബന്ധപ്പെടുകയും സഞ്ചാര  സ്വാതന്ത്ര്യവും  ക്ഷേത്ര പ്രവേശനം നേടുന്നതിന്‍റെ ആവശ്യതകള്‍  ചര്‍ച്ച ചെയ്യുകയും  ചെയ്തു
അതിന്‍റെ  അടിസ്ഥാനത്തില്‍ പൂന്തോട്ട  ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍  ആമചാടി തേവന്‍റെ നേതൃത്വത്തില്‍  ഒരു സംഘം ആളുകള്‍  ബലമായി ക്ഷേത്രത്തില്‍ കയറി ദര്‍ശനം നടത്തുകയും  ചെയ്തു,കൊച്ചി ദേവസ്വം  ബോര്‍ഡിന്‍റെ ശിവക്ഷേത്രത്തില്‍  പടിഞാറെ   നടയില്‍കൂടി  കയറി തിരുവിതാംകൂര്‍  ദേവസ്വം  ബോര്‍ഡിന്‍റെ   അധീനതയിലുള്ള  ശ്രീകൃഷ്ണ സ്വാമി  ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലൂടെ പ്രവേശിച്ച് പുറത്തേക്ക്  കടക്കുകയും ചെയ്തു. പിന്നീട്  അവിടെ നടന്ന സംഭവങ്ങള്‍  വര്‍ണ്ണനാതീതമാണ്.  സവര്‍ണ്ണ മാടമ്പിന്മാരും  അവരുടെ പോലീസും  ചേര്‍ന്ന്   ആമചാടി  തേവനെയും  സംഘാംഗങ്ങളായ ടി കെ മാധവന്,കോവിലകത്ത് കുട്ടായി,ആറുകണ്ടത്തില്‍ കേശവന്  എന്നിവരെ  ഭീകരമായി  മര്‍ദ്ദിച്ച്  കോട്ടയം ജയിലില്‍ അടച്ചു. ഈ ക്ഷേത്ര പ്രവേശനമാണ് വൈക്കം സത്യാഗ്രഹത്തിന്  തുടക്കംകുറിക്കുന്നത്, പൂന്തോട്ട കേസ് എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്  ഈ  സംഭവമാണ്.  ഇതിനിടയില്‍  കോണ്‍ഗ്രസ്സിന്‍റെ ക്ഷേത്രപ്രവേശന   ഡെപ്യൂട്ടേഷന്  വൈക്കത്ത്  എത്തുകയും വൈക്കം ക്ഷേത്രത്തിന് സമീപം  സ്ഥാപിച്ചട്ടുള്ള തീണ്ടല്‍പ്പലക  നീക്കം ചെയ്യുന്നതിനെകുറിച്ച്   ആലോചിക്കുകയും  അതിനായി  വൈക്കത്ത്  അന്ന്  പ്രവര്‍ത്തനത്തിലുണ്ടായിരുന്ന  പുലയരുടെ  സംഘടനകളുമായി  ആലോചിച്ച്  പുലയരുടെ  ഒരു  മഹായോഗം വിളിച്ച് കുട്ടൂകയും  ചെയ്തു. യോഗതീരുമാന  പ്രകാരം 1924 ഫെബ്രുവരിയില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനായി  സമരം ചെയ്യുവാന്‍ തീരുമാനിക്കുകയും  ചെയ്തു.

എന്നാല്‍  സമരം പ്രഖ്യാപിച്ച   തീയതിയില്‍ നിന്നും കോണ്‍ഗ്രസ്സ് നേതൃത്വം പിന്‍മാറുകയും ഫെബ്രുവരിയില്‍  നടത്തുവാന്‍  നിശ്ചയിച്ചിരുന്ന സമരം പുലയ സമുദായ സംഘടനാ  നേതാക്കളോട്  ആലോചിക്കാതെ  1924  മാര്‍ച്ച്  30ന്   ആരംഭിക്കാന്‍ തീരുമാനിക്കുകയും  ഏപ്രില്‍  1ന്  സമരം തുടങ്ങുകയും  ചെയ്തു. ഈ  സമരത്തില്‍  തേവന്   ആദ്യാവസാനം വരെ പങ്കെടുത്തു.  സമരത്തില്‍  പങ്കെടുത്തതിന്  സവര്‍ണ്ണ  ഗുണ്ടകള്‍  തേവന്‍റെയും പാലക്കുഴ രാമര്‍ ഇളായതിന്‍റെയും  കണ്ണില്‍ ചുണ്ണാമ്പ്  കലക്കി ഒഴിച്ച് രണ്ടു പേരുടെയും കണ്ണുകള്‍ പൊട്ടിക്കുകയും ചെയ്തു, തേവന്‍റെ കണ്ണില്‍  ചുണ്ണാമ്പ്  എഴുതിയതമൂലം  കാഴച നഷ്ടപ്പെട്ട വിവരം ടി കെ  മാധവനും  കെ പി  കേശവമേനോനും  ഗന്ധിജിയെ എഴുതി അറിയിക്കുകയും  ചെയ്‌തു. വൈക്കം സത്യാഗ്രഹത്തില്‍  പങ്കെടുത്ത തേവനെ ക്ഷേത്രത്തില്‍ കയറി അശുദ്ധമാക്കിയതിന് കോടതി ശിക്ഷിക്കുകയും  ജയിലില്‍  അടക്കുകയും ചെയ്തു വൈക്കം സത്യാഗ്രഹം അവസാനിച്ചതിന്  ശേഷമാണ് കോടതി തേവന് ജാമ്യം അനുവദിച്ചത്, പുന്നപ്ര വയലാര്‍  സമരങ്ങളില്‍  പങ്കെടുത്ത ഒാട്ടേറെ  ഭടന്മാര്‍ക്ക്  തേവന്  ആമചാടി    തുരുത്തില്‍  തന്‍റെ ചെറ്റക്കുടിലില്‍  ഒളിത്താവളങ്ങള്‍  ഒരുക്കി  അവരെ  സംരക്ഷിക്കുകയുണ്ടായി.വൈക്കം പൂന്തോട്ട  സമരങ്ങില്‍  ഉജ്ജല നിറസാന്നിദ്ധ്യമായ  ആമചാടി തേവനെ കുറിച്ച്  ഒരു സമരചരിത്രത്തിലും  ചരിത്രകാരന്മാരൊന്നും  ഒരക്ഷരം  പോലും  എഴുതാതെ മൗനം പാലിക്കുകയാണ് ചെയ്തിട്ടുള്ളത്, 1966 മാര്‍ച്ച്  15ന്  മഹാനായ വിപ്ലവകാരി   അന്തരിച്ചു.

No comments: