സാമൂഹ്യമുന്നേറ്റത്തിൽ ലോകമാതൃകയായ നാടിനെ വീണ്ടും ജീർണമാക്കുന്നതിനെതിരെ ഉയരുന്ന വനിതാമതിൽ കാലം ഏറ്റെടുക്കേണ്ട കടമയാണ‌്. വനിതാമതിൽ കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിൽ ഇതിഹാസമാകും. പുതിയ കാലഘട്ടത്തിൽ ഒരു പരിഷ്‌കൃത സമൂഹത്തിന് വേണ്ടതെന്തൊക്കെയെന്നുള്ള ഓർമപ്പെടുത്തലാണിത്. എണ്ണമറ്റ പെൺപോരാട്ടങ്ങളുടെ ചരിത്രംപേറുന്ന കേരളമണ്ണ് ഈ ചരിത്രദൗത്യം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.
എന്തുകൊണ്ട് വനിതാമതിൽ
ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്കുശേഷം ദൂരദർശനിൽ നടന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര സംവാദപരിപാടിയുടെ 46–--ാമത് ഷോ കേരളത്തിലെ നവോത്ഥാനത്തെ അടിസ്ഥാനമാക്കിയായിരുന്നു. വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ഈ പരിപാടിയിൽ ഉയർന്ന അഭിപ്രായങ്ങൾക്കുള്ള മറുപടിയാണ് വനിതാമതിലിന് വഴിതുറന്നത്. ശബരിമല മാത്രമല്ല, അന്യനാടുകളിൽ നാംകണ്ട ആൾക്കൂട്ട വിചാരണ, സദാചാരത്തിന്റെ പേരിലുള്ള അതിക്രമം, ദുരാചാര കൊലപാതകങ്ങൾ, ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള പോരാട്ടം എന്നിവ നമ്മുടെ നാട്ടിലും സാർവത്രികമാകുന്നതിൽ ഉയർന്ന ആശങ്ക പ്രതിരോധം ഉയർത്തേണ്ടതിന്റെ പ്രസക്തി വർധിപ്പിച്ചു. കേരളത്തിന്റെ ഇരുണ്ടകാലത്ത് തിരുത്തൽശക്തിയായി വെളിച്ചം പകർന്നത് നവോത്ഥാനപ്രസ്ഥാനങ്ങളാണ്. നമ്മുടെ നാട് വീണ്ടും കരി പടരാതിരിക്കാൻ നിലവിലുള്ള സാമൂഹ്യപ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിൽ സർക്കാർ മുൻകൈ എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേത്തുടർന്ന് ഡിസംബർ ഒന്നിന് 174 സംഘടനകൾ പങ്കെടുത്ത യോഗത്തിലാണ് വനിതാമതിലിന്റെ ഉദയം.
മുന്നേറ്റത്തിന് 3 മുദ്രാവാക്യങ്ങൾ
കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ–- പുരുഷ സമത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളാണ് വനിതാമതിൽ ഉയർത്തുന്നത്. വനിതാമതിൽ ഹിന്ദുമതിലാണെന്ന് ആക്ഷേപിച്ച് തുടക്കത്തിൽ ചിലർ രംഗത്തെത്തി. ഇത് തെറ്റിദ്ധരിപ്പിക്കലാണ്. ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. രാജ്യത്ത് മതനിരപേക്ഷതയും സ്വാതന്ത്ര്യവും അപകടത്തിലാകുന്ന അനുഭവങ്ങളാണ് കേന്ദ്രഭരണാധികാരികളുടെ അറിവോടെ കഴിഞ്ഞ കുറെ നാളായി കാണുന്നത്. ഇത് തുടരാൻ പാടില്ല. ശബരിമലയിലെ സുപ്രീംകോടതി വിധിക്കുശേഷം സംസ്ഥാന സർക്കാർ സർവകക്ഷി യോഗവും തന്ത്രിമാരുടെ യോഗവും വിളിച്ചിരുന്നു.
മൂന്നാമതായി എല്ലാവരെയും ചേർത്ത് യോഗം വിളിച്ചപ്പോൾ മതനിരപേക്ഷതയും സ്വാതന്ത്ര്യവും അപകടപ്പെടാൻ പാടില്ലെന്ന അഭിപ്രായം ഉയർന്നു. ഇതിനായി ഏകോപനമുണ്ടാകണമെന്നും ഇതിൽ അണിനിരക്കേണ്ടവർ ആരൊക്കെയെന്നും കൂട്ടായി തീരുമാനിച്ചു. മതനിരപേക്ഷ, ജനാധിപത്യമൂല്യങ്ങൾ ഉൾക്കൊള്ളുന്ന എല്ലാവരെയും അണിനിരത്തിയാകണം പ്രതിരോധം എന്ന് യോഗം തീരുമാനിക്കുകയായിരുന്നു. എൻഎസ്എസ് ഉൾപ്പെടെ മൂന്ന‌് സംഘടനകളാണ് പൊതു തീരുമാനത്തോട് വിയോജിച്ചത്.
കേരളം ഏറെ ജനാധിപത്യപുരോഗതി നേടിയ നാടാണ്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇവിടം വേറിട്ടുനിൽക്കുന്നു. നിരവധി പോരാട്ടങ്ങളാണ് ഇതിന് അടിസ്ഥാനം. ഒരു പുരോഗമന സർക്കാർ അധികാരത്തിലിരിക്കുന്ന സാഹചര്യത്തിൽ അതിനുതകുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ പരിപോഷിപ്പിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ഈ ഉത്തരവാദിത്തം പിണറായി സർക്കാർ ഭംഗിയായി നിർവഹിക്കുന്നു. ഇതിനെ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തിൽ ആക്ഷേപിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.
19, 20 നൂറ്റാണ്ടുകളിൽ നടന്ന മതസാമൂഹ്യ പരിഷ്‌കരണങ്ങളാണ് നവോത്ഥാനം. കീഴാള ജനതയുടെ ഇടയിൽനിന്നാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ രൂപംകൊണ്ടത്. ഈ വിഭാഗങ്ങളിൽനിന്ന് അയ്യൻകാളിയെപ്പോലുള്ള ഉൽപ്പതിഷ്ണുക്കൾ ഉയർന്നുവന്നതാണ് നവോത്ഥാനത്തിന്റെ മഹത്വവും ശക്തിയും.
ഇതിനൊപ്പം സവർണവിഭാഗത്തിൽപ്പെടുന്ന മന്നത്ത് പത്മനാഭനും ചങ്ങനാശേരി പരമേശ്വരൻപിള്ളയും വി ടി ഭട്ടതിരിപ്പാടും പല ഘട്ടങ്ങളിലായി നവോത്ഥാനമുന്നേറ്റത്തിന്റെ നേതൃനിരയിൽ അണിനിരന്നു.
1923ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാക്കിനഡ സമ്മേളനമാണ് അയിത്തോച്ചാടനം പ്രധാന പ്രമേയമായി അംഗീകരിച്ചത്. ഗുരുവായൂർ സത്യഗ്രഹം നവോത്ഥാനവഴികളിലെ നാഴികക്കല്ലാണ്. കേരളഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്റെ പിന്മുമുറക്കാർ ഇന്നെവിടെ നിൽക്കുന്നു. നവോത്ഥാനമൂല്യങ്ങൾ അപകടപ്പെടുന്നതിനെ പ്രതിരോധിക്കാൻ ഭൂരിപക്ഷ ജനത മുന്നോട്ടുവരുമ്പോൾ ഇരുണ്ട കാലത്തേക്ക് മടങ്ങാനാണ് കെ കേളപ്പന്റെ പിന്മുറക്കാരായ രമേശ് ചെന്നിത്തലയെപ്പോലുള്ളവരുടെ ആഹ്വാനം.
ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധിയെത്തുടർന്ന് വിശ്വാസികളുടെ പേരിൽ കുറെ ദിവസംമുമ്പ‌് തെരുവിൽ കണ്ടത് ഏകപക്ഷീയ പ്രതികരണംമാത്രമാണ്. മഹാഭൂരിപക്ഷം വരുന്നവരുടെ ജനഹിതം എന്താണെന്ന് കേരളം കണ്ടില്ല. ഇത് കാട്ടിക്കൊടുക്കലാണ് പുതുവർഷദിനത്തിലെ വനിതാമതിൽ. ഭഗവാന്റെ കൽപ്പിത ഹിതത്തേക്കാൾ സ്ത്രീയുടെ അന്തസ്സാണ് കോടതിക്ക് മുഖ്യം എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകൾക്ക് വിശ്വാസ സമൂഹത്തിന്റെ ഭാഗമാകാൻ കഴിയുന്ന വിധി പ്രസ്താവംകൂടിയാണ് സുപ്രീംകോടതി ശബരിമല വിഷയത്തിൽ നടത്തിയത്. സ്വാതന്ത്ര്യവും സമത്വവും നിലനിൽക്കണമെന്ന സന്ദേശം വനിതാമതിൽ നൽകുന്നു. വനിതാമതിൽ കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിൽ ഇതിഹാസമാകും.
നവോത്ഥാനമൂല്യ സംരക്ഷണ സമിതി കൺവീനറാണ‌് ലേഖകൻ
തയ്യാറാക്കിയത‌്: ജയൻ ഇടയ്ക്കാട്

No comments:
Post a Comment