Search This Blog

Wednesday, December 19, 2018

വനിതാമതിലിനെ ആക്ഷേപിക്കുന്നത് അസഹിഷ്ണുതമൂലം •പുന്നല ശ്രീകുമാര്‍


കൊച്ചി •  വനിതാമതിലിനെ ആക്ഷേപിക്കുന്നത‌് അസഹിഷ്ണുതമൂലമാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറിയും സംഘാടകസമിതി കൺവീനറുമായ പുന്നല ശ്രീകുമാർ പറഞ്ഞു. കെപിഎംഎസ് സംസ്ഥാന നേതൃസമ്മേളനം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാമതിലിൽ അണിനിരക്കുന്ന പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും ആക്ഷേപിക്കുന്ന പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയ‌ുടെ സമീപനം പദവിക്ക് യോജിച്ചതല്ല. മറ്റ‌് സമുദായസംഘടനകളെ ‘എടുക്കാച്ചരക്കുകൾ' എന്ന‌് വിശേഷിപ്പിച്ചതിലൂടെ പരിപാടിയിൽ പങ്കെടുക്കാത്തവരെ മഹത്വവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പാർടികളുടെയും മുന്നണികളുടെയും താക്കോൽസ്ഥാനത്തുള്ളവർ സമുദായത്തിന്റെ ബ്രാൻഡ‌് അംബാസഡറായി ചുരുങ്ങരുത‌്.

സർക്കാർ 190 സംഘടനകളെ കത്തയച്ച‌് വിളിച്ചിരുന്നു. അതിൽ 174 സംഘടനകൾ ആലോചനായോഗത്തിൽ പങ്കെടുത്തു. എൻഎസ‌്എസും യോഗക്ഷേമസഭയും പങ്കെടുത്തില്ല. അഭിപ്രായസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന, ദുരഭിമാനക്കൊലയും സദാചാര ആക്രമണങ്ങളും നടമാടുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സമൂഹമനഃസ്ഥിതിക്ക‌് ചികിത്സ അത്യാവശ്യമാണ‌്. മന്നത്ത‌് പത്മനാഭൻ, വി ടി ഭട്ടതിരിപ്പാട‌് തുടങ്ങിയ ഉൽപ്പതിഷ‌്ണുക്കളായ നവോത്ഥാന നായകരുടെ  പിൻതലമുറയെന്ന‌് അവകാശപ്പെടുന്നവർ പിന്നോട്ട‌ുപോകുമ്പോൾ കെപിഎംഎസ‌് രണ്ടാം നവോത്ഥാനത്തിന‌് ഒപ്പമാണ‌്. വനിതാമതിൽ സംഘടിപ്പിക്കുന്നത‌് നവോത്ഥാനമൂല്യ സംരക്ഷണസമിതിയാണ്. നാടിന്റെ പൊതുതാൽപ്പര്യത്തിനുവേണ്ടി വിഭാഗീയ ചിന്താഗതികൾക്കതീതമായി ജനങ്ങളെ അണിനിരത്തുന്ന സമാനതയില്ലാത്ത ഒരു സംരംഭമായി വനിതാമതിൽ മാറും. -ജനാധിപത്യവൽക്കരിക്കപ്പെട്ട സമൂഹത്തിൽമാത്രമേ വികസനം സാധ്യമാക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ വനിതാമതിൽ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെ പിന്തുണയ‌്ക്കാൻ തീരുമാനിച്ച കേരളത്തിലെ എൽഡിഎഫ‌് സർക്കാരിനെ അഭിനന്ദിക്കുകയാണ‌് വേണ്ടത‌്.

ശബരിമലയിൽ ഇപ്പോൾ സ‌്ത്രീകൾ പോയില്ലെങ്കിലും ഭാവിയിൽ അത‌ുണ്ടാകും. ആചാരങ്ങളെ പരിഷ‌്കരിക്കാൻ എന്നും നവോത്ഥാനപ്രസ്ഥാനങ്ങൾ മുന്നിലുണ്ടായിരുന്നു. കാനനക്ഷേത്രം, കാട്ട‌ുപാത, പോകാൻ ദുർഘടമായ വഴികൾ ഇതൊക്കെ ഉണ്ടായിരുന്ന കാലത്താണ‌് ശബരിമലയിൽ സ‌്ത്രീകൾ പോകാതിരുന്നത‌്. ഇപ്പോൾ സ്ഥിതി മാറി. അതിനാൽ മാറിയ സാഹചര്യത്തിൽ ആചാരങ്ങളും സ്വാഭാവികമായും മാറണമെന്നും അദ്ദേഹം പറഞ്ഞു.







No comments: