തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാടു സ്വീകരിക്കാൻ പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കേരള പുലയർ മഹാസഭ (കെപിഎംഎസ്) തീരുമാനം. ജനാധിപത്യ, മതേതര, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ടുചെയ്യാൻ അംഗങ്ങൾക്കു സ്വതന്ത്രാവകാശം നൽകുന്നതിനു സംസ്ഥാന നേതൃയോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.
കെപിഎംഎസ് ഇടതുമുന്നണിക്കൊപ്പമാണെന്നു വ്യാഖ്യാനിക്കേണ്ടതില്ല. ആശയങ്ങളെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെക്കൂടി ഉൾക്കൊള്ളുന്നതാണു നിലപാട്. നവോത്ഥാനവുമായി ബന്ധപ്പെട്ട് എൽഡിഎഫിനോടല്ല, സംസ്ഥാന സർക്കാരിന്റെ ആശയങ്ങളോടാണു തങ്ങൾ ചേർന്നു നിന്നത്. പല ആശയങ്ങൾക്കായി ഒരേവേദി പങ്കുവയ്ക്കുമ്പോഴും ഒരു മുന്നണിയോടും വിധേയത്വമില്ല. ഭരണഘടനാ തത്വങ്ങളും ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണം. ശബരിമല വിഷയം രാഷ്ട്രീയവൽകരിക്കാൻ പാടില്ലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്തു രൂപീകരിച്ച നവോത്ഥാന മുന്നണിയിലെ പ്രമുഖനാണു പുന്നല ശ്രീകുമാർ. എൽഡിഎഫിന്റെ ബ്രാൻഡായി കെപിഎംഎസ് മാറുന്നതു സംഘടനയ്ക്കു ദോഷം ചെയ്യുമെന്ന വിലയിരുത്തൽ സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും ഉണ്ടായി. അതിന്റെ കൂടി അടിസ്ഥാനത്തിലാണു സ്വതന്ത്ര നിലപാടു തീരുമാനിച്ചതെന്നാണ് ഒരുവിഭാഗം പറയുന്നത്. നിലപാടു വിശദീകരിക്കാൻ ഇന്നു മുതൽ 18 വരെ ജില്ലാ നേതൃയോഗങ്ങൾ ചേരും. സ്വകാര്യ, എയ്ഡഡ് മേഖലയിലെ സംവരണത്തിനായി പ്രക്ഷോഭമാരംഭിക്കുമെന്നു പ്രസിഡന്റ്് വി. ശ്രീധരൻ പറഞ്ഞു.
No comments:
Post a Comment