എറണാകുളം:- .അധികാര രാഷ്ട്രീയമാണ് വ്യവസ്ഥിതിയോട് സമരസപ്പെടാൻ പുരോഗമന പ്രസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. മഹാത്മഅയ്യങ്കാളിയുടെ 79-ാംഅനുസ്മരണ വാർഷിക ദിനത്തോടനുബന്ധിച്ച് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച *നവോത്ഥാനസ്മൃതി* *സംഗമം* ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം പോലും ത്യജിച്ച് സമൂഹ സൃഷ്ടിക്ക് നേതൃത്വം നൽകിയ ഇത്തരം പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നിലപാടിൽ സമൂഹത്തിന് ആശങ്കയുണ്ട്, അത് ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർ നിർവ്വഹിക്കണം.
വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കാനുള്ള ഇടതുമുന്നണിയുടെ പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ല എങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണത്തിന് പ്രസക്തിയില്ല, തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ തുലാസിൽ സാമൂഹ്യ പരിഷ്കരണത്തിന്റെ ഗുണഫലങ്ങൾ വിലയിരുത്തരുത്.
സമകാലിക സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ നവോത്ഥാന മുന്നേറ്റം സാധ്യമല്ലെന്ന് "നിഖാബ്", "കാർട്ടൂൺ വിവാദം" എന്നിവയെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെപിഎംഎസ് ജില്ലാ പ്രസിഡണ്ട് ശ്രീ എൻ കെ രമേശൻ അധ്യക്ഷത വഹിച്ചു. കെ പി എം എസ് സംസ്ഥാന ഖജാൻജി എൽ രമേശൻ, ജില്ലാ സെക്രട്ടറി ടി കെ രാജഗോപാൽ, SCATPEA സംസ്ഥാന പ്രസിഡണ്ട് ശ്രീ എംകെ വേണുഗോപാൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ ടിവി ശശി, ശ്രീ കെസി ശിവൻ, ശ്രീ എം രവി, ശ്രീ കെ എം സുരേഷ്, ശ്രീമതി സുനന്ദ രാജൻ, ശ്രീ പി കെ ബിജു എന്നിവർ പങ്കെടുത്തു.
No comments:
Post a Comment