Search This Blog

Monday, December 31, 2018

മന്നത്തിന്റെ ആദർശങ്ങൾ അർത്ഥപൂർണ്ണമാക്കാൻ മതിലിൽ അണിനിരക്കണം • പുന്നല ശ്രീകുമാർ

കോട്ടയം: മഹാനായ മന്നത്ത് പത്മനാഭന്റെ ആദർശങ്ങൾ അർത്ഥപൂർണ്ണമാക്കാൻ അതുൾക്കൊള്ളുന്നുന്ന ജനസമൂഹം നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുവാൻ ജനുവരി ഒന്നിന് സംഘടിപ്പിച്ചിട്ടുള്ള  നവോത്ഥാന വനിത മതിലിൽ അണിനിരക്കണമെന്ന് കെ പി എം എസ് ജനറൽ സെക്രട്ടറിയും, വനിത മതിൽ സംഘാടക സമിതി ജനറൽ കൺവീനറുമായ പുന്നല ശ്രീകുമാർ . കേരള വേലൻ , പരവൻ, മണ്ണാൻ സഭ (വി പി എം എസ്) യുടെ 3-മത് സംസ്ഥാന സമ്മേളനം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവർണ്ണരുടെ സഞ്ചാര സ്വാതന്ത്രത്തിന് വേണ്ടിയുള്ള 1924-ലെ വൈക്കം സത്യാഗ്രഹ സമരത്തിൽ സ്വന്തം സമുദായത്തിന്റെ ഐക്യദാർസും പ്രഖ്യാപിച്ച് സവർണ്ണ ജാഥ നടത്തുകയും, 1932-ലെ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരത്തിൽ സമരസമിതിയുടെ അദ്ധ്യക്ഷനായി നേതൃത്വം നൽകി കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് കരുത്ത് പകർന്ന ഭാരത കേസരി മന്നത്ത് പത്മനാഭന്റെ പരിശ്രമങ്ങൾ നാടിന്റെ ചരിത്രമാണെന്ന് പുന്നല ശ്രീകുമാര്‍ ഓര്‍മിപ്പിച്ചു.

ഹിന്ദു മതത്തിലെ പരിഷ്ക്കരണവും ഏകീകരണവും സമൂഹത്തെ ബലപ്പെടുത്തുമെന്ന കാഴ്ചപ്പാടാണ് അയിത്തോച്ചാടന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.1950-ൽ പെരുന്നയിൽ ചേർന്ന പ്രതിനിധി സഭാ സമ്മേളനത്തിൽ ജാതിരഹിത ഹിന്ദു സമൂഹത്തിന് വേണ്ടി പ്രമേയം അവതരിപ്പിച്ച് അതുവഴി എൻ എസ് എസിന്റെ ജന്മം  സഫലമായി എന്ന് പ്രഖ്യാപിച്ച മന്നത്തിന്റെ ആശയങ്ങൾ 142- ജയന്തി ആഘോഷിക്കുന്ന വർത്തമാന കാലയളവിൽ വളരെ പ്രസക്തമാണ്.

എന്നാൽ സംഘടനാ നേതൃത്വം സമീപകാലത്ത് സ്വീകരിച്ച നിലപാടുകൾ സൃഷ്ടിച്ച വിവാദങ്ങൾ ഈ യശ്ശസിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. 1966-ൽ രാഷ്ട്രം പത്മഭൂഷൻ നൽകി ആദരിച്ച മന്നത്ത് പത്മനാഭന്റെ ഖ്യാതിയും പാരമ്പര്യവും ഉയർത്തിപ്പിടിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Thursday, December 27, 2018

ഉണരട്ടെ ഗുരുവിന്‍റെ ആശയസമരങ്ങള്‍

യാഥാസ്ഥിതികരും പരിഷ്കരണ വാദികളും തമ്മിലുള്ള ഏറ്റുമുട്ടലാണിത് മാമൂലകളും മാനവികതയും തമ്മിലുള്ള മത്സരവും വനിതാ മതില്‍ വിജയിക്കുന്നതോടെ മലയാളികളുടെ മനോഭാവത്തെ മാറ്റാനുള്ള സന്ദേശമായി കാമ്പയിന്‍ മാറും

Sunday, December 23, 2018

ആചാരങ്ങളുടെ പേരിൽ നഷ്ടപ്രതാപം വീണ്ടെടുക്കൽ ചെറുക്കും •പുന്നല ശ്രീകുമാർ

 ആചാരങ്ങളുടെ പേരുപറഞ്ഞ്‌ നഷ്ടപ്രതാപം പുനഃസ്ഥാപിക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോവില്ലെന്ന്‌ വനിതാമതിൽ സംഘാടകസമിതി കൺവീനറും കെപിഎംഎസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ. ഈ ശ്രമം തുടരുന്നവർ കാട്ടിക്കൂട്ടുന്ന വിഭ്രാന്തികൾ കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പുലയർ മഹിളാ ഫെഡറേഷൻ(കെപിഎംഎഫ്‌) സംസ്ഥാന നേതൃസമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും മതിലാണ്‌ ജനുവരി ഒന്നിന്‌ കേരളത്തിൽ വനിതകൾ ഉയർത്തുന്നത്‌. പിന്നോക്ക വിഭാഗങ്ങളുടെ ഭരണപങ്കാളിത്തത്തിനു വേണ്ടി നടന്ന നിവർത്തന പ്രക്ഷോഭത്തിനും 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുമെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. ക്ഷേത്രപ്രവേശന വിളംബരം സംയുക്ത രാഷ്‌ട്രീയ സമിതിയിൽ മതപരമായ വേർതിരിവുകൾക്ക്‌ ഇടയാക്കുമെന്ന വാദമാണ്‌ അന്ന്‌ ഉയർന്നത്‌. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ നിർണായകമായ ഈ സംഭവങ്ങൾക്കെതിരെ പ്രതിരോധം തീർക്കാർ ശ്രമിച്ച യാഥാസ്ഥിതികത്തിന്റെ പിൻതുടർച്ചക്കാരാണ്‌ കേരളത്തിലെ പുതിയ നവോത്ഥാന പരിശ്രമങ്ങൾക്കെതിരെ രംഗത്ത്‌ വന്നിട്ടുള്ളത്‌. ‌ഇതിന്‌ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവില്ല. ഇതിനെ വർഗീയ മതിലെന്ന്‌ ആക്ഷേപിക്കുന്നവർക്ക്‌ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനമെന്നും പുന്നല ശ്രീകുമാർ പ്രഖ്യാപിച്ചു. വനിതാമതിലിൽ കെപിഎംഎഫിന്റെ അഞ്ചു ലക്ഷം വനിതകളെ അണിനിരത്താൻ നേതൃയോഗം തീരുമാനിച്ചു. ഇതിനായുള്ള പ്രവർത്തനങ്ങൾ താഴേതലം മുതൽ സജീവമാക്കാനും തീരുമാനിച്ചു. സംസ്ഥാന, ജില്ലാ, യൂണിയൻ, ശാഖാതലങ്ങളിലെ നേതൃരംഗത്തുള്ളവർ യോഗത്തിൽ പങ്കെടുത്തു. മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ലൈലാ ചന്ദ്രൻ അധ്യക്ഷയായി. കെപിഎംഎസ്‌ വർക്കിങ്‌ പ്രസിഡന്റ്‌ പി ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. അസി. സെക്രട്ടറി ബൈജു കലാശാല, കെപിഎംഎഫ്‌ ജനറൽ സെക്രട്ടറി സുജ സതീഷ്‌, ടി എസ്‌ രജികുമാർ, ഓമന വിജയകുമാർ, പ്രിയദർശിനി ഓമനക്കുട്ടൻ, സാജി രാമചന്ദ്രൻ, ഷൈനി മോഹൻ, പി ജെ സുജാത, സുനു രാജു, പി ജി അമ്മിണി എന്നിവർ സംസാരിച്ചു.





കെപിഎംഎഫ് സംസ്ഥാന നേതൃയോഗം











വനിതാ മതിൽ ചരിത്രമാകും പുന്നല ശ്രീകുമാർ

വനിതാ മതിൽ ചരിത്ര സംഭവമാകുമെന്ന‌് പുന്നല ശ്രീകുമാർ പറഞ്ഞു. എന്തുകൊണ്ട് വനിതകളെ മുൻനിർത്തി മതിൽ എന്ന ചോദ്യം പല കോണിൽ നിന്നും ഉയരുന്നുണ്ട്.ഇന്ന് കേരളം മതിലിനെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. വനിതാ മതിൽ മലയാളിയുടെ മനസിൽ ഇതിനോടകം സ്ഥാനം പിടിച്ചു കഴിഞ്ഞു.മതിലെന്ന ആശയം രൂപപ്പെടുന്നത് നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയിൽ ഉയർന്ന ഒരു ചോദ്യത്തിൽ നിന്നാണ്. എന്തുകൊണ്ട് സ്ത്രീകളെ മുൻനിർത്തി ജീർണതയെക്കതിരെ പോരാട്ടം നടത്തിക്കൂടാ എന്നായിരുന്നു ചോദ്യം. 
ജീർണതകളുടെ എല്ലാ നൊമ്പരങ്ങളും പേറുന്നത് സ്ത്രീകളായതുകൊണ്ടാണ് വനിതകളുടെ മതിൽ തീർക്കുന്നത്. സി കേശവന്റെ ഉജ്ജ്വല പ്രസംഗം നടന്ന കോഴഞ്ചേരിയാലാണ് യുവത വനിതാ മതിലിനൊപ്പം എന്ന യുവജന കമ്മീഷന്റെ സമ്മേളനം നടക്കുന്നത്  എന്നത് ഏറെ പ്രസക്തമാണ്. നിർഭയനായ രാഷ്ടീയ പ്രവർത്തകനും , നീതിബോധമുളള ഭരണാധികാരിയും നിഷ്കളങ്കനായ മനുഷ്യനുമായിരുന്ന സി കേശവൻ നടത്തിയ പ്രസംഗം ഈ നാടിന്റെ ഹൃദയത്തിലാണ് പ്രതിധ്വനിച്ചത്. അതിന്റെ പേരിലദ്ദേഹം രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടു, എന്നത് ചരിത്രം. ശബരിമലയിൽ തീപിടുത്തമുണ്ടായപ്പോൾ ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്നു പറഞ്ഞതാണ് രാജ്യ ദ്രോഹിയായി അദ്ദേഹം ചിത്രീകരിക്കപ്പെടാൻ കാരണം.
കരം തീരുവ ഇല്ലാത്തവർക്ക് വോട്ടവകാശമില്ലാതിരുന്ന കാലത്ത് അതിനു വേണ്ടി നടത്തിയ പ്രക്ഷോഭത്തെ എതിർക്കാൻ കരം തീരുവ ഇല്ലാത്തവരും രംഗത്തിറങ്ങി എന്നതുംചരിത്രം. 
ഒരു മതിലു കൊണ്ട് തീരുമോ ജീർണത എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നു. എന്നാൽ  കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിന്റെ തുടക്കമായിരിക്കും  വനിതാമതിൽ.




ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പോലീത്തയും പുന്നല ശ്രീകുമാറും സൗഹൃദം പങ്കിടുന്നു. രാജു ഏബ്രഹാം എംഎൽഎ, എ പി ജയൻ, ചിന്താ ജെറോം, വീണാ ജോർജ്‌ എംഎൽഎ തുടങ്ങിയവർ സമീപം






Friday, December 21, 2018

കാലം ഏറ്റെടുക്കേണ്ട കടമ

സാമൂഹ്യമുന്നേറ്റത്തിൽ ലോകമാതൃകയായ നാടിനെ വീണ്ടും ജീർണമാക്കുന്നതിനെതിരെ ഉയരുന്ന വനിതാമതിൽ കാലം ഏറ്റെടുക്കേണ്ട  കടമയാണ‌്. വനിതാമതിൽ കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിൽ ഇതിഹാസമാകും. പുതിയ കാലഘട്ടത്തിൽ ഒരു പരിഷ്‌കൃത സമൂഹത്തിന് വേണ്ടതെന്തൊക്കെയെന്നുള്ള ഓർമപ്പെടുത്തലാണിത്. എണ്ണമറ്റ പെൺപോരാട്ടങ്ങളുടെ ചരിത്രംപേറുന്ന കേരളമണ്ണ് ഈ ചരിത്രദൗത്യം ഏറ്റെടുക്കാനുള്ള  തയ്യാറെടുപ്പിലാണിപ്പോൾ.

എന്തുകൊണ്ട് വനിതാമതിൽ


ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി  വിധിക്കുശേഷം ദൂരദർശനിൽ നടന്ന  മുഖ്യമന്ത്രിയുടെ  നാം മുന്നോട്ട് എന്ന  പ്രതിവാര സംവാദപരിപാടിയുടെ 46–--ാമത് ഷോ കേരളത്തിലെ നവോത്ഥാനത്തെ അടിസ്ഥാനമാക്കിയായിരുന്നു. വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ഈ പരിപാടിയിൽ ഉയർന്ന അഭിപ്രായങ്ങൾക്കുള്ള മറുപടിയാണ്  വനിതാമതിലിന് വഴിതുറന്നത്. ശബരിമല മാത്രമല്ല, അന്യനാടുകളിൽ നാംകണ്ട ആൾക്കൂട്ട വിചാരണ, സദാചാരത്തിന്റെ പേരിലുള്ള അതിക്രമം, ദുരാചാര കൊലപാതകങ്ങൾ, ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള പോരാട്ടം എന്നിവ നമ്മുടെ നാട്ടിലും സാർവത്രികമാകുന്നതിൽ ഉയർന്ന ആശങ്ക പ്രതിരോധം ഉയർത്തേണ്ടതിന്റെ പ്രസക്തി വർധിപ്പിച്ചു.  കേരളത്തിന്റെ  ഇരുണ്ടകാലത്ത് തിരുത്തൽശക്തിയായി വെളിച്ചം പകർന്നത് നവോത്ഥാനപ്രസ്ഥാനങ്ങളാണ്. നമ്മുടെ നാട് വീണ്ടും കരി പടരാതിരിക്കാൻ നിലവിലുള്ള സാമൂഹ്യപ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിൽ സർക്കാർ മുൻകൈ എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേത്തുടർന്ന് ഡിസംബർ ഒന്നിന് 174 സംഘടനകൾ പങ്കെടുത്ത യോഗത്തിലാണ് വനിതാമതിലിന്റെ  ഉദയം.

മുന്നേറ്റത്തിന്  3 മുദ്രാവാക്യങ്ങൾ

കേരളത്തെ  ഭ്രാന്താലയമാക്കരുത്, നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ–- പുരുഷ സമത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളാണ് വനിതാമതിൽ ഉയർത്തുന്നത്. വനിതാമതിൽ ഹിന്ദുമതിലാണെന്ന് ആക്ഷേപിച്ച് തുടക്കത്തിൽ ചിലർ രംഗത്തെത്തി. ഇത്  തെറ്റിദ്ധരിപ്പിക്കലാണ്.  ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. രാജ്യത്ത് മതനിരപേക്ഷതയും സ്വാതന്ത്ര്യവും അപകടത്തിലാകുന്ന അനുഭവങ്ങളാണ്  കേന്ദ്രഭരണാധികാരികളുടെ അറിവോടെ കഴിഞ്ഞ കുറെ നാളായി കാണുന്നത്. ഇത് തുടരാൻ പാടില്ല. ശബരിമലയിലെ സുപ്രീംകോടതി വിധിക്കുശേഷം സംസ്ഥാന സർക്കാർ സർവകക്ഷി യോഗവും തന്ത്രിമാരുടെ യോഗവും വിളിച്ചിരുന്നു.

മൂന്നാമതായി  എല്ലാവരെയും ചേർത്ത് യോഗം വിളിച്ചപ്പോൾ മതനിരപേക്ഷതയും സ്വാതന്ത്ര്യവും അപകടപ്പെടാൻ പാടില്ലെന്ന അഭിപ്രായം ഉയർന്നു.  ഇതിനായി ഏകോപനമുണ്ടാകണമെന്നും  ഇതിൽ അണിനിരക്കേണ്ടവർ ആരൊക്കെയെന്നും കൂട്ടായി തീരുമാനിച്ചു. മതനിരപേക്ഷ, ജനാധിപത്യമൂല്യങ്ങൾ ഉൾക്കൊള്ളുന്ന എല്ലാവരെയും അണിനിരത്തിയാകണം പ്രതിരോധം എന്ന് യോഗം തീരുമാനിക്കുകയായിരുന്നു. എൻഎസ്എസ് ഉൾപ്പെടെ മൂന്ന‌് സംഘടനകളാണ്  പൊതു തീരുമാനത്തോട്  വിയോജിച്ചത്.

കേരളം ഏറെ  ജനാധിപത്യപുരോഗതി നേടിയ നാടാണ്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇവിടം വേറിട്ടുനിൽക്കുന്നു. നിരവധി പോരാട്ടങ്ങളാണ് ഇതിന് അടിസ്ഥാനം. ഒരു പുരോഗമന സർക്കാർ അധികാരത്തിലിരിക്കുന്ന സാഹചര്യത്തിൽ അതിനുതകുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ പരിപോഷിപ്പിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ഈ ഉത്തരവാദിത്തം പിണറായി സർക്കാർ ഭംഗിയായി നിർവഹിക്കുന്നു. ഇതിനെ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തിൽ ആക്ഷേപിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.

19, 20 നൂറ്റാണ്ടുകളിൽ നടന്ന മതസാമൂഹ്യ പരിഷ്‌കരണങ്ങളാണ് നവോത്ഥാനം. കീഴാള ജനതയുടെ ഇടയിൽനിന്നാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ രൂപംകൊണ്ടത്. ഈ വിഭാഗങ്ങളിൽനിന്ന് അയ്യൻകാളിയെപ്പോലുള്ള ഉൽപ്പതിഷ്ണുക്കൾ ഉയർന്നുവന്നതാണ് നവോത്ഥാനത്തിന്റെ മഹത്വവും ശക്തിയും.
ഇതിനൊപ്പം സവർണവിഭാഗത്തിൽപ്പെടുന്ന മന്നത്ത് പത്മനാഭനും ചങ്ങനാശേരി പരമേശ്വരൻപിള്ളയും വി ടി ഭട്ടതിരിപ്പാടും പല ഘട്ടങ്ങളിലായി നവോത്ഥാനമുന്നേറ്റത്തിന്റെ നേതൃനിരയിൽ അണിനിരന്നു.


1923ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  കാക്കിനഡ സമ്മേളനമാണ് അയിത്തോച്ചാടനം പ്രധാന പ്രമേയമായി അംഗീകരിച്ചത്. ഗുരുവായൂർ സത്യഗ്രഹം നവോത്ഥാനവഴികളിലെ നാഴികക്കല്ലാണ്. കേരളഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്റെ പിന്മുമുറക്കാർ ഇന്നെവിടെ നിൽക്കുന്നു. നവോത്ഥാനമൂല്യങ്ങൾ അപകടപ്പെടുന്നതിനെ പ്രതിരോധിക്കാൻ ഭൂരിപക്ഷ ജനത മുന്നോട്ടുവരുമ്പോൾ ഇരുണ്ട കാലത്തേക്ക് മടങ്ങാനാണ് കെ കേളപ്പന്റെ പിന്മുറക്കാരായ രമേശ് ചെന്നിത്തലയെപ്പോലുള്ളവരുടെ ആഹ്വാനം.
ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധിയെത്തുടർന്ന് വിശ്വാസികളുടെ പേരിൽ  കുറെ ദിവസംമുമ്പ‌് തെരുവിൽ കണ്ടത് ഏകപക്ഷീയ പ്രതികരണംമാത്രമാണ്. മഹാഭൂരിപക്ഷം വരുന്നവരുടെ ജനഹിതം എന്താണെന്ന് കേരളം കണ്ടില്ല. ഇത് കാട്ടിക്കൊടുക്കലാണ് പുതുവർഷദിനത്തിലെ  വനിതാമതിൽ. ഭഗവാന്റെ കൽപ്പിത ഹിതത്തേക്കാൾ സ്ത്രീയുടെ അന്തസ്സാണ് കോടതിക്ക് മുഖ്യം എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകൾക്ക് വിശ്വാസ സമൂഹത്തിന്റെ ഭാഗമാകാൻ കഴിയുന്ന വിധി പ്രസ്താവംകൂടിയാണ് സുപ്രീംകോടതി ശബരിമല വിഷയത്തിൽ നടത്തിയത്. സ്വാതന്ത്ര്യവും സമത്വവും നിലനിൽക്കണമെന്ന സന്ദേശം വനിതാമതിൽ നൽകുന്നു. വനിതാമതിൽ കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിൽ ഇതിഹാസമാകും.

നവോത്ഥാനമൂല്യ സംരക്ഷണ സമിതി കൺവീനറാണ‌് ലേഖകൻ
തയ്യാറാക്കിയത‌്: ജയൻ ഇടയ്ക്കാട്

Wednesday, December 19, 2018

വനിതാമതിലിനെ ആക്ഷേപിക്കുന്നത് അസഹിഷ്ണുതമൂലം •പുന്നല ശ്രീകുമാര്‍


കൊച്ചി •  വനിതാമതിലിനെ ആക്ഷേപിക്കുന്നത‌് അസഹിഷ്ണുതമൂലമാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറിയും സംഘാടകസമിതി കൺവീനറുമായ പുന്നല ശ്രീകുമാർ പറഞ്ഞു. കെപിഎംഎസ് സംസ്ഥാന നേതൃസമ്മേളനം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാമതിലിൽ അണിനിരക്കുന്ന പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും ആക്ഷേപിക്കുന്ന പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയ‌ുടെ സമീപനം പദവിക്ക് യോജിച്ചതല്ല. മറ്റ‌് സമുദായസംഘടനകളെ ‘എടുക്കാച്ചരക്കുകൾ' എന്ന‌് വിശേഷിപ്പിച്ചതിലൂടെ പരിപാടിയിൽ പങ്കെടുക്കാത്തവരെ മഹത്വവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പാർടികളുടെയും മുന്നണികളുടെയും താക്കോൽസ്ഥാനത്തുള്ളവർ സമുദായത്തിന്റെ ബ്രാൻഡ‌് അംബാസഡറായി ചുരുങ്ങരുത‌്.

സർക്കാർ 190 സംഘടനകളെ കത്തയച്ച‌് വിളിച്ചിരുന്നു. അതിൽ 174 സംഘടനകൾ ആലോചനായോഗത്തിൽ പങ്കെടുത്തു. എൻഎസ‌്എസും യോഗക്ഷേമസഭയും പങ്കെടുത്തില്ല. അഭിപ്രായസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന, ദുരഭിമാനക്കൊലയും സദാചാര ആക്രമണങ്ങളും നടമാടുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സമൂഹമനഃസ്ഥിതിക്ക‌് ചികിത്സ അത്യാവശ്യമാണ‌്. മന്നത്ത‌് പത്മനാഭൻ, വി ടി ഭട്ടതിരിപ്പാട‌് തുടങ്ങിയ ഉൽപ്പതിഷ‌്ണുക്കളായ നവോത്ഥാന നായകരുടെ  പിൻതലമുറയെന്ന‌് അവകാശപ്പെടുന്നവർ പിന്നോട്ട‌ുപോകുമ്പോൾ കെപിഎംഎസ‌് രണ്ടാം നവോത്ഥാനത്തിന‌് ഒപ്പമാണ‌്. വനിതാമതിൽ സംഘടിപ്പിക്കുന്നത‌് നവോത്ഥാനമൂല്യ സംരക്ഷണസമിതിയാണ്. നാടിന്റെ പൊതുതാൽപ്പര്യത്തിനുവേണ്ടി വിഭാഗീയ ചിന്താഗതികൾക്കതീതമായി ജനങ്ങളെ അണിനിരത്തുന്ന സമാനതയില്ലാത്ത ഒരു സംരംഭമായി വനിതാമതിൽ മാറും. -ജനാധിപത്യവൽക്കരിക്കപ്പെട്ട സമൂഹത്തിൽമാത്രമേ വികസനം സാധ്യമാക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ വനിതാമതിൽ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെ പിന്തുണയ‌്ക്കാൻ തീരുമാനിച്ച കേരളത്തിലെ എൽഡിഎഫ‌് സർക്കാരിനെ അഭിനന്ദിക്കുകയാണ‌് വേണ്ടത‌്.

ശബരിമലയിൽ ഇപ്പോൾ സ‌്ത്രീകൾ പോയില്ലെങ്കിലും ഭാവിയിൽ അത‌ുണ്ടാകും. ആചാരങ്ങളെ പരിഷ‌്കരിക്കാൻ എന്നും നവോത്ഥാനപ്രസ്ഥാനങ്ങൾ മുന്നിലുണ്ടായിരുന്നു. കാനനക്ഷേത്രം, കാട്ട‌ുപാത, പോകാൻ ദുർഘടമായ വഴികൾ ഇതൊക്കെ ഉണ്ടായിരുന്ന കാലത്താണ‌് ശബരിമലയിൽ സ‌്ത്രീകൾ പോകാതിരുന്നത‌്. ഇപ്പോൾ സ്ഥിതി മാറി. അതിനാൽ മാറിയ സാഹചര്യത്തിൽ ആചാരങ്ങളും സ്വാഭാവികമായും മാറണമെന്നും അദ്ദേഹം പറഞ്ഞു.







കേരള പുലയര്‍ മഹാസഭ സംസ്ഥാന നേതൃയോഗം