ഭരണഘടന പരിരക്ഷയിലൂടെ പിന്നാക്കവിഭാഗങ്ങൾ ആർജിച്ച ഉണർവുകളെ ഹനിക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ഇതിനെതിരെ സംവരണ വിഭാഗങ്ങളുടെ െഎക്യനിര രൂപപ്പെടണം. ജില്ല സമ്മേളനത്തിന് മുന്നോടിയായി സാമ്പത്തിക സംവരണവും സാമൂഹികനീതിയും വിഷയത്തിൽ നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പരിരക്ഷയാണ് ലക്ഷ്യമെങ്കിൽ അത് എല്ലാ വിഭാഗങ്ങളിലുമുള്ള സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്ക് ഉപകരിക്കുന്ന ഒരു പൊതുനിലപാട് സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മതിയായ കണക്കുകളുടെയും പഠന റിപ്പോർട്ടുകളുടെയും അഭാവത്തിൽ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന സാമ്പത്തിക സംവരണം ദുരൂഹമാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപ്പാക്കാൻ ശ്രമിക്കുകയും പരാജയപ്പെട്ട് പിൻവാങ്ങുകയും ചെയ്ത ഭരണഘടനവിരുദ്ധ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതും വെല്ലുവിളിയാണ്. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ ഒരു ശ്രേണിയിൽ മാത്രം സംവരണം പരിമിതപ്പെടുത്തി പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. കെ. രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. ഷിബു മീരാൻ, രാജൻ തോട്ടപ്പുഴ, പ്രദീപ് കുമാർ, ആർ. രാജേഷ് കുമാർ, പി.കെ. രാജൻ, ടി.എസ്. രജികുമാർ, അജയകുമാർ മക്കപ്പുഴ, വി.ജി. സോമൻ, സുജ സതീഷ്, അനിൽ ബഞ്ചമിൻപാറ, ടി.കെ. ഭാസ്കരൻ എൻ.സി. രാജപ്പൻ, ഒ.സി. ജനാർദനൻ, എൻ.കെ. രാഘവൻ, വിനോദ് പെരിങ്ങനാട്, മിനി പ്രസാദ്, സുനിത ദിലീപ്, ലിബിയ, രതീഷ് ലാൽ, മനീഷ സതീഷ് എന്നിവർ സംസാരിച്ചു.
No comments:
Post a Comment