ആലപ്പുഴ • പിന്നോക്ക വിഭാഗങ്ങളുടെ സംവരണമെന്ന സംരക്ഷണ വ്യവസ്ഥയോടുള്ള തന്റെ എതിർപ്പ് വ്യക്തമാക്കുകയും അതിനെതിരെ പ്രവർത്തിക്കാൻ ഒരു സമൂഹത്തെ പ്രേരിപ്പിക്കുന്നതുമായ പരാമർശം നടത്തിയ കേരള ഹൈക്കോടതി ജഡ്ജി ശ്രീ. ചിദംബരേഷ് ഇംപീച്ച്മെന്റിന് അർഹനാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് നേതൃത്വത്തിലുള്ള
പട്ടികജാതി പട്ടികവർഗ്ഗ ഉദ്യോഗസ്ഥ സംഘടനയുടെ സംസ്ഥാന കൺവെൻഷൻ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൗലിക തത്വങ്ങളെ മുന്നോട്ട് വയ്ക്കുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണ് ഇത്.
സമൂഹത്തിൽ ഉണ്ടായിരുന്ന ശ്രേണികൃത വ്യവസ്ഥിതിയെ പുന:സ്ഥാപിക്കാൻ പ്രേരിപ്പിക്കുന്ന ജാതി - കുലമഹിമ ചിന്തകളാണ് ജൂലൈ 19 ന് കൊച്ചിയിൽ നടന്ന ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തിൽ അദ്ദേഹം പങ്കുവച്ചത്.
സ്വതന്ത്രവും നിക്ഷ്പക്ഷവുമായ നീതി നിർവഹണം എന്ന സങ്കല്പത്തെയാണ് ഇതിലൂടെ ഇല്ലാതാക്കിയത്.
ഹിന്ദുത്വ ശക്തികളുടെ തണലിൽ ബ്രാഹ്മണ്യം തിരിച്ച് വരവിന് ശ്രമിക്കുമ്പോൾ ജാതി മേധാവിത്തത്തിനെതിരെ ഐതിഹാസിക സമരങ്ങൾക്ക് നേതൃത്വം കൊടുത്ത നവോത്ഥാന കേരളം ഇത്തരം നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് എം. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി. ശ്രീധരൻ, പി.വി.ബാബു, പി.ജനാർദ്ദനൻ , പി. കെ. രാജൻ , ബൈജു കലാശാല, ആലംകോട് സുരേന്ദ്രൻ, ടി. ജി. ഗോപി, വിനോമ ടീച്ചർ, സി. കെ. ഉത്തമൻ, എ. പി. ലാൽ കുമാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ടി. ജി. ഗോപി (പ്രസിഡന്റ്) പി.വി.ബാബു.(ജനറൽ സെക്രട്ടറി), വി. ജി. സോമൻ (ഖജാൻജി),ബി.അജയകുമാർ, അമ്പറ രാജൻ (വൈസ് പ്രസിഡന്റ്മാർ), ദേവരാജ്,ശുഭേന്തു മോൾ ,(അസി.സെക്രട്ടറിമാർ), തുടിങ്ങി 51 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു.
No comments:
Post a Comment