ഇന്ത്യയിലെ സാമ്പത്തിക സംവരണവാദത്തിന്റെ ചരിത്രമെന്താണ്?
ഇന്ദിരാഗാന്ധിയുടെ കാലത്തൊക്കെ ജാതി സംവരണം വേണോ എന്ന സംശയം ഉണ്ടായിരുന്നു എന്നാൽ വി പി സിങ് അധികാരത്തിലിരിക്കുമ്പോഴാണ് 1989ൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്. ജാതി അതിന്റെ മാനദണ്ഡമായി എടുക്കാണം എന്ന നിർദ്ദേശമാണ് മുന്നോട്ടു വെച്ചത്. അതിനു മുമ്പും സാമ്പത്തിക സംവരണം എന്ന ആശയം നിലവിലുണ്ടായിരുന്നെങ്കിലും അപ്പോൾ മുതലാണ് ജാതിയുടെ അടിസ്ഥാനത്തിൽ പിന്നാക്കക്കാർക്ക് സംവരണം നൽകണമെന്ന ആശയം ഉയർന്നു വരുന്നത്.
പിന്നീട് എല്ലാവരും ഒരുമിച്ച് ഇതിനെ എതിർക്കാൻ തുടങ്ങി, സാമ്പത്തിക സംവരണം 10% നടപ്പാക്കുമെന്ന് വിപി സിങ്ങിന് തന്നെ പറയേണ്ടി വന്നു. അന്ന് മുഖ്യ പ്രതിപക്ഷമായിരുന്ന ബിജെപി, ഇടതുപക്ഷം (അന്ന് ഇടതുപക്ഷത്തിന്റെ നേതൃസ്ഥാനത്ത് ഇഎംഎസ് ആയിരുന്നു) തുടങ്ങിയവരെല്ലാം ഒരേ നിലപാടായിരുന്നു എടുത്തിരുന്നത്. നരസിംഹ റാവുവിനും എൽകെ അദ്വാനിക്കും ഇഎംസിനും സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന നിലപാടായിരുന്നു. അതിനു ഭരണഘടന ഭേദഗതി ചെയ്യണമെന്നൊരു വാദമുയർന്നു. പിന്നീട് ക്രീമിലെയർ വരുമ്പോഴേയ്ക്കും സാമ്പത്തിക സംവരണം തങ്ങളുടെ നയമായി നരസിംഹ റാവു കോടതിയിൽ പറയുകയുണ്ടായി. എന്നാൽ കോടതി അതംഗീകരിച്ചില്ല. അത് ഭരണഘടനാപരമല്ലെന്നു പറഞ്ഞ് തള്ളിക്കളഞ്ഞൂ. പകരം ക്രീമിലെയർ നടപ്പാക്കി. അപ്പോൾ പിന്നീട് ഉയർന്നു വന്നൊരു പ്രധാന വാദഗതി ഭരണ ഘടന ഭേദഗതി ചെയ്യുക എന്നതായിരുന്നു. അതിനു സർക്കാർ തയ്യാറായിരുന്നില്ല. അതുപോലെ സുപ്രീം കോടതി സാമ്പത്തിക സംവരണത്തെ നിരാകരിക്കുകയും ചെയ്തു. അതിനു ശേഷം ഇത് അവരുടെ ഇടയിൽ ഇതൊരു തർക്കവിഷയമായി നിലനിൽക്കുകയാണ്. പിന്നീട് കോടതിയുടെ ഭാഗത്തുനിന്ന് സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു കൊണ്ട് ഭാഗികമായ പരാമർശങ്ങളും വരികയുണ്ടായി. ജാതി മാത്രമല്ല സംവരണത്തിന് മാനദണ്ഡമാക്കേണ്ടത്, പല മാനദണ്ഡങ്ങൾ ഉണ്ട് എന്ന നിരീക്ഷണമായിരുന്നു സുപ്രീം കോടതി മുന്നോട്ടു വച്ചിരുന്നത്.
പിണറായി സർക്കാർ ഇപ്പോൾ അത് കേരളത്തിൽ നടപ്പാക്കിയിരിക്കുകയാണ്...
2004- 2006 കാലഘട്ടത്തിൽ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടു ഉയർന്നു വന്ന പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് ഉമ്മൻ ചാണ്ടി സർക്കാർ ഒരു സമവായം മുന്നോട്ടു വെക്കുകയും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് 10% സംവരണം ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇത് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് കേരളത്തിലുണ്ടായ ഒരനുഭവം. ഇപ്പോൾ പിണറായി വിജയൻ സർക്കാർ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിൽ പട്ടികജാതി- വർഗ വിഭാഗങ്ങൾ അടക്കം സംവരണം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് ദേവസ്വം ബോർഡ് സ്ഥാപനങ്ങളിൽ സംവരണം നൽകാൻ തീരുമാനിച്ചിരിക്കുന്നു. ആ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങളിൽ പെട്ട 10% ആളുകൾക്കും സംവരണം പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ നമ്മളറിയേണ്ട ഒരു കാര്യം കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പിന്നാക്ക വിഭാഗങ്ങൾക്ക് ദേവസ്വം ബോർഡ് സംവരണം കൊണ്ട് വരാനുള്ള ബില്ല് കൊണ്ട് വന്നെങ്കിലും അത് നടപ്പായിരുന്നില്ല.
എൻഎസ്എസ് അടക്കമുള്ള സംഘടനകളും യുഡിഎഫിലെ പലരും എതിരായിരുന്നു. ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നത് ഹിന്ദുക്കൾക്കെതിരാണെന്നു പറഞ്ഞു കൊണ്ട് ഹിന്ദു ഐക്യവേദിയും ആർഎസ്എസ്, കെപിഎംഎസ് ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് തിരുവനന്തപുരത്ത് മാർച്ച് സംഘടിപ്പിക്കുകയും ഗവർണറെ കണ്ടു നിവേദനം നൽകുകയും ചെയ്തു. അങ്ങനെയൊരു നടപടിയിൽ നിന്നാണ് അച്യുതാനന്ദൻ സർക്കാർ അതിൽനിന്നു പിന്മാറുന്നത്. അതേ നിലപാടിൽ മുന്നോട്ടു പോയിരുന്ന പിണറായി വിജയൻ പിന്നാക്ക വിഭാഗങ്ങൾക്ക് ദേവസ്വം ബോർഡുകളിൽ സംവരണം നൽകാൻ തീരുമാനിക്കുക മാത്രമല്ല മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതൊരു കോംപ്രമൈസ് ആണ്. ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ് ഫലത്തിൽ സംഭവിക്കുന്നത്. ഈ നടപടി ശക്തമായി സംവരണ വിഭാഗങ്ങൾ എതിർക്കേണ്ടതാണ്. സംവരണം എന്നത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കുന്ന അവകാശവും അധികാരമുമൊക്കെയാണ്, അതൊരു കരാറാണ്. അത് ഇടതു പക്ഷത്തിന്റെ നേതൃത്വത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് കേരളത്തിന് അപമാനമാണ്. ഇടതുപക്ഷ ബോധമുള്ളവർ ഈ അപമാനത്തിൽനിന്നു കേരളത്തെ രക്ഷിക്കാൻ തയ്യാറാവേണ്ടതാണ് സാമ്പത്തിക സംവരണം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയരേണ്ടതാണ്.
("ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല എന്നിരിക്കെയാണ് കേരളത്തിൽ ഇടതു പക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ ഇത്തരമൊരു നടപടി നടക്കുന്നത്."- ദളിത് സൈദ്ധാന്തികനും എഴുത്തുകാരനുമായ കെ എം സലിം കുമാറുമായി നാരദ ന്യൂസ് അഭിമുഖം )
No comments:
Post a Comment