Search This Blog

Friday, December 8, 2017

സാമ്പത്തിക സംവരണത്തിനെതിരെ പ്രതിഷേധം; പത്ത് ലക്ഷം പോസ്റ്റ് കാർഡുകൾ അയച്ച് കെപിഎംഎസ്


ദേവസ്വം ബോർഡുകളിൽ പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കേരള പുലയർ മഹാ സഭ (കെപിഎംഎസ്). പത്തുലക്ഷം പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്കും ഗവർണർക്കും അയച്ചു കൊടുത്താണ് കെപിഎംഎസിന്റെ പ്രതിഷേധം.

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കെപിഎംഎസ് ശാഖകളിലെ ലക്ഷക്കണക്കിനു പ്രവർത്തകരാണ് സർക്കാർ തീരുമാനത്തിനെതിരെ പോസ്റ്റ് കാർഡുകളയച്ചു പ്രതിഷേധിക്കുന്നത്. ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണ നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ഗവര്‍ണറോട് ഈ വിഷയത്തില്‍ ഗൗരവമായി ഇടപെടാനുമാണ് കാര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്.
ഇക്കഴിഞ്ഞ നവംബർ 15നാണ് കേരളത്തിലെ ദേവസ്വം ബോർഡുകളിൽ 'മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക്' 10 ശതമാനം സംവരണമേർപ്പെടുത്താൻ സംസ്ഥാന മന്ത്രി സഭ തീരുമാനിച്ചത്. തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളമെമ്പാടും ഉയർന്നത്. കെപിഎംഎസും എസ്എൻഡിപിയും അടക്കമുള്ള സംഘടനകൾ തീരുമാനത്തിനെതിരെ രംഗത്തു വരികയും വലിയ പ്രക്ഷോഭ
പരിപാടികൾക്കു നേതൃത്വം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

ദേവസ്വം ബോർഡിലെ സംവരണവുമായി ബന്ധപ്പെട്ട് സർക്കാർ പറഞ്ഞിരുന്ന വാദങ്ങളെല്ലാം പൊളിച്ചടുക്കി സിപിഐഎമ്മുമായി ചേർന്നു നിൽക്കുന്നവരടക്കമുള്ള എഴുത്തുകാരും സൈദ്ധാന്തികരും രംഗത്തു വന്നിരുന്നു. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനതകൾക്ക് ഭരണഘടനാപരമായി ഏർപ്പെടുത്തിയ സംവരണത്തിൽ സാമ്പത്തിക യുക്തി കലർത്തുന്നതിനെതിരെയും ഇപ്പോൾ തന്നെ 96 ശതമാനം മുന്നാക്കക്കാരുള്ള ദേവസ്വം ബോർഡിൽ വീണ്ടും മുന്നാക്കക്കാർക്ക് സംവരണം അനുവദിക്കുന്നതിനെതിരെയും വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്.

http://ml.naradanews.com/category/kerala/kpms-ten-lakh-post-cards-to-chief-minister-pinarayi-vijayan-and-governer-protest-over-financial-reservation-in-kerala-devaswom-boards-536145

No comments: