കോവിഡ് രോഗബാധിതയായ പെണ്‍കുട്ടി അംബുലന്‍സില്‍ പീഢിപ്പിക്കപ്പെട്ട സംഭവം; സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയ്ക്ക് വിലനല്‍കേണ്ടി വരും. ജാഗ്രതയുടെ കാലത്ത് സര്‍ക്കാര്‍ കസ്റ്റഡിയില്‍ സംഭവിച്ച ഈ ഹീനകൃത്യത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഈ നാട്ടില്‍ ജീവിക്കുന്ന ഓരോ പെണ്‍കുട്ടികളുടെയും സുരക്ഷയും അഭിമാനവുമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇരയുടെ സംരക്ഷണവും വീഴ്ച വരുത്തിയവര്‍ക്കെതിരെയുള്ള നടപടിയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെടുന്നു.
അടൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പന്തളത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കേണ്ട പെണ്‍കുട്ടിയെ ഒപ്പമുണ്ടായിരുന്ന വീട്ടമ്മയെ കോഴഞ്ചേരിയില്‍ ഇറക്കിവിട്ട ശേഷം വിജനസ്ഥലം കണ്ടെത്തി പീഢിപ്പിക്കാനുള്ള അവസരം കുറ്റവാളിക്കു ലഭിച്ചത് സര്‍ക്കാര്‍ സംവിധാനത്തിന്‍റെ അനാസ്ഥകൊണ്ടു മാത്രമാണ്. സര്‍ക്കാര്‍ അധീനതയിലുള്ള ആംബുലന്‍സുകള്‍ക്ക് ജി.പി.എസും, ഡ്രൈവറുടെ ഫോണ്‍ ട്രാക്കിംഗ് സംവിധാനങ്ങളുണ്ടായിരുന്നിട്ടും ഇത് എങ്ങനെ സാദ്ധ്യമായെന്ന് അധികാരികള്‍ പറഞ്ഞേതീരൂ. പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ മനോനില തകര്‍ന്ന് അത്മഹത്യാ ശ്രമം വരെ നടത്തിയിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ലെങ്കില്‍ പ്രതിഷേധങ്ങളല്ലാതെ ഇനി മറ്റു മാര്‍ഗ്ഗങ്ങളില്ല. ഇന്നാട്ടിലെ ഓരോ സ്ത്രീകളുടെയും സുരക്ഷയില്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. രോഗിയും പട്ടികവിഭാഗത്തില്‍പ്പെട്ടതുമായ ഒരു പെണ്‍കുട്ടി സര്‍ക്കാരിന്‍റെ കസ്റ്റഡിയില്‍പോലും സുരക്ഷിതമല്ലാതായിത്തീരുന്ന നാട്ടില്‍ സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഗിര്‍വാണങ്ങളല്ല, ശക്തവും കൃത്യവുമായ നടപടികളാണ് ജനം പ്രതീക്ഷിക്കുന്നത്. അതുണ്ടാകുന്നതുവരെ പിന്‍മടക്കമില്ലാത്ത സമരത്തില്‍ ഏര്‍പ്പെടേണ്ടിവരും. ഈ മഹാമാരിയുടെ കാലത്തും നീതിക്കുവേണ്ടി ഞങ്ങള്‍ നടത്തുന്ന പോരാട്ടത്തെ സര്‍ക്കാര്‍ മുഖവിലക്കെടുക്കുകയും അനിവാര്യമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. പ്രബുദ്ധ കേരളമെന്ന അവകാശവാദത്തിന് ഏന്തെങ്കിലും അര്‍ത്ഥമുണ്ടാവണമെങ്കില്‍ സ്ത്രീത്വത്തോടുള്ള പ്രതിബന്ധതയും ഉത്തരവാദിത്വവും സര്‍ക്കാര്‍ തെളിയിക്കേണ്ടതാണ്. വേട്ടക്കാര്‍ക്കെതിരെയും ഇരയുടെ സുരക്ഷക്കും വേണ്ടി നിലയുറപ്പിക്കുന്ന ഈ സമരത്തിന് എല്ലാ മനുഷ്യസ്നേഹികളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണം.
No comments:
Post a Comment